വമ്പന്‍ ബോക്‌സ് ഓഫീസ് ഫൈറ്റിനാണ് അടുത്ത മാസം സിനിമാ പ്രേക്ഷകര്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. മലയാളത്തില്‍ വലിയ മാര്‍ക്കറ്റ് വാല്യൂവുള്ള അഭിനേതാക്കളായ പൃഥ്വിരാജും ദുല്‍ഖറും നിവിനും കൊമ്പുകോര്‍ക്കുമ്പോള്‍ വലിയ പോരാട്ടമായിരിക്കും നടക്കുക എന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. പൃഥ്വിയുടെ ഖലീഫയും നിവിന്റെ ബത്‌ലഹേം കുടുംബ യൂണിറ്റും ഡി.ക്യൂവിന്റെ ഐ ആം ഗെയിമും മത്സരത്തിനെത്തുമ്പോള്‍ വിജയം ആര്‍ക്കൊപ്പമായിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
എന്നാല്‍ മത്സരത്തില്‍ വിജയിക്കുക എന്നതിനെക്കാള്‍ ചിത്രത്തെ എങ്ങനെയെങ്കിലും പരാജയത്തില്‍ നിന്നും രക്ഷിക്കുക എന്നതായിരിക്കും മൂന്ന് പേരുടെയും പ്രധാന ലക്ഷ്യം. മൂവരുടെയും കഴിഞ്ഞ ചിത്രങ്ങളെല്ലാം പരാജയമായിരുന്നു എന്നതാണ് ഇതിന്റെ പ്രധാന കാരണം.
വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയില്‍ സ്വര്‍ണക്കടത്തുകാരനായ അമീര്‍ അലിയെന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് വേഷമിടുന്നത്. ചിത്രത്തിന്റെതായി ഇതിനോടകം പുറത്തുവന്ന അപ്‌ഡേറ്റുകളെല്ലാം വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ കാമിയോ റോളില്‍ മോഹന്‍ലാലും എത്തുന്നതോടെ വലിയ മുന്‍തൂക്കമാണ് ഖലീഫയ്ക്ക് ലഭിച്ചിരിക്കുന്നത്.
വിലായത്ത് ബുദ്ധ. Photo: TOI
അതേസമയം പൃഥ്വിരാജിന്റെതായി പുറത്തിറങ്ങിയ കഴിഞ്ഞ രണ്ട് ചിത്രങ്ങളും പരാജയമായത് വലിയ സമ്മര്‍ദമാണ് താരത്തിന് മേല്‍ ഉണ്ടാക്കിയിരിക്കുന്നത്. വിലായത്ത് ബുദ്ധ ബോക്‌സ് ഓഫീസില്‍ വമ്പന്‍ പരാജയമായി മാറിയപ്പോള്‍ കഴിഞ്ഞയാഴ്ച്ച പുറത്തിറങ്ങിയ ഐ നോബഡി സമ്മിശ്ര പ്രതികരണവുമായി ദയനീയ പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഇതിനാല്‍ തന്നെ വലിയ ഒരു തിരിച്ചുവരവ് താരത്തിന് അനിവാര്യമാണ്.
മറുവശത്ത് 2023ല്‍ പുറത്തിറങ്ങിയ കൊത്തയ്ക്ക് ശേഷമുള്ള നീണ്ട ഇടവേള കഴിഞ്ഞ് ദുല്‍ഖര്‍ തിരിച്ചെത്തുന്ന ചിത്രമാണ് ഐ ആം ഗെയിം. കൊത്ത പരാജയമായിരുന്നുവെന്ന് മാത്രമല്ല വലിയ ട്രോളുകളും താരത്തിന് ചിത്രത്തിലൂടെ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ആര്‍.ഡി.എക്‌സിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ വിമര്‍ശകരുടെ വായടപ്പിക്കാമെന്നും വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം നാട്ടില്‍ ഒരു ഹിറ്റ് സ്വന്തമാക്കാമെന്നുമുള്ള പ്രതീക്ഷയിലാണ് ദുല്‍ഖര്‍ സല്‍മാന്‍.
മറുവശത്ത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ നിവിന്‍ പോളിയ്ക്ക് ആശ്വാസത്തിന് വക നല്‍കിയത് കഴിഞ്ഞ ഡിസംബറില്‍ പുറത്തിറങ്ങിയ സര്‍വ്വം മായ മാത്രമാണ്. ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ചെങ്കിലും അതിന് ശേഷം തിയേറ്ററുകളിലെത്തിയ ബേബി ഗേളും പ്രതിഛായയും ദയനീയ പ്രകടനമായിരുന്നു ബോക്‌സ് ഓഫീസില്‍ കാഴ്ചവെച്ചത്. പ്രേമലുവിന് ശേഷം ഗിരീഷ് എ.ഡി സംവിധായക കുപ്പായമണിയുകയും തെന്നിന്ത്യന്‍ സെന്‍സേഷന്‍ മമിത നായികയാകുകയും ചെയ്യുന്നതോടെ ബത്‌ലഹേം യൂണിറ്റിലൂടെ ഓണം തൂക്കാനുള്ള ഒരുക്കത്തിലാണ് നിവിന്‍ പോളി.
Content Highlight: Its Important for prithviraj, Dulquer and Nivin Pauly to make their upcoming movie a hit in box office as their last film was failure
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.