ഫലസ്തീനില്‍ മരിച്ചുവീഴുന്ന പിഞ്ചുകുഞ്ഞുങ്ങളെയോര്‍ക്കുമ്പോള്‍ സങ്കടം; ഇസ്രഈലിനെതിരായ മത്സരത്തില്‍ ഇറ്റാലിയന്‍ പരിശീലകന്‍
Sports News
ഫലസ്തീനില്‍ മരിച്ചുവീഴുന്ന പിഞ്ചുകുഞ്ഞുങ്ങളെയോര്‍ക്കുമ്പോള്‍ സങ്കടം; ഇസ്രഈലിനെതിരായ മത്സരത്തില്‍ ഇറ്റാലിയന്‍ പരിശീലകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 10th September 2025, 11:50 am

ഗസയിലെ ഇസ്രഈല്‍ അധിനിവേശത്തിലും വംശഹത്യയിലും പ്രതികരിച്ച് മുന്‍ ഇറ്റാലിയന്‍ സൂപ്പര്‍ താരവും നിലവില്‍ ടീമിന്റെ പ്രധാന പരിശീലകനുമായ ഗന്നെരോ ഗട്ടൂസോ. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇസ്രഈലിനെതിരായ മത്സരത്തിന് മുമ്പ് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരു ടീമുകളും ഒരേ ഗ്രൂപ്പില്‍ വന്നത് നിര്‍ഭാഗ്യമാണെന്നും എന്നാല്‍ മത്സരം കളിക്കുക എന്നത് തങ്ങളുടെ കടമയാണെന്നും ഗട്ടൂസോ പറഞ്ഞു.

 

‘അവിടുത്തെ കുട്ടികളുടെയും സാധാരണക്കാരുടെയും അവസ്ഥ ഹൃദയഭേദകമാണ്. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇസ്രഈലിനൊപ്പം ഒരേ ഗ്രൂപ്പില്‍ വന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. ഇതില്‍ ഒന്നും തന്നെ ചെയ്യാന്‍ ഞങ്ങള്‍ക്ക് സാധിക്കുമായിരുന്നില്ല. ഇപ്പോള്‍ കാണുന്ന കാഴ്ചകളെല്ലാം തന്നെ തീര്‍ത്തും വേദനാജനകമാണ്. ഇതുമാത്രമേ എനിക്കിപ്പോള്‍ പറയാന്‍ സാധിക്കുകുയുള്ളൂ,’ ഗട്ടൂസോ പറഞ്ഞു.

ഏറെ വിവാദങ്ങള്‍ക്ക് നടുവിലാണ് ഇറ്റലി – ഇസ്രഈല്‍ ഗ്രൂപ്പ് ഘട്ട മത്സരം നടന്നത്. ഗസയിലെ ആക്രമണങ്ങളുടെയും വംശഹത്യയുടെയും പശ്ചാത്തലത്തില്‍ ഇസ്രഈലിനെ ലോകകപ്പില്‍ പങ്കെടുപ്പിക്കരുതെന്ന് ഇറ്റാലിയന്‍ സോക്കര്‍ കോച്ചസ് അസോസിയേഷന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഗട്ടൂസോ മത്സരത്തിന് മുമ്പ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഹംഗറി വേദിയായ ഇസ്രഈല്‍ – ഇറ്റലി മത്സരത്തിനിടെ ഗ്യാലറിയിലും പ്രതിഷേധമുയര്‍ന്നിരുന്നു. തിങ്കളാഴ്ച രാത്രി നടന്ന മത്സരത്തിന് മുന്നോടിയായി ഇസ്രഈല്‍ ദേശീയ ഗാനം ആലപിക്കുമ്പോഴാണ് ആരാധകര്‍ പ്രതിഷേധമുയര്‍ത്തിയത്. ഗ്രൗണ്ടിനെതിരെ പുറം തിരിഞ്ഞുനിന്നും സ്റ്റോപ് ബോര്‍ഡുകള്‍ ഉയര്‍ത്തിയുമാണ് ഇറ്റാലിയന്‍ ആരാധകര്‍ പ്രതിഷേധിച്ചത്.

നേരത്തെയും ഇസ്രഈലിനെതിരെ ഇറ്റാലിയന്‍ ആരാധകര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ബുഡാപെസ്റ്റില്‍ നടന്ന നേഷന്‍സ് ലീഗ് മത്സരത്തിലും ഇസ്രഈല്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ ആരാധകര്‍ പുറം തിരിഞ്ഞുനിന്നിരുന്നു. സ്റ്റേഡിയം അനൗണ്‍സര്‍ ഇസ്രഈലിന്റെ പേര് പറഞ്ഞപ്പോഴെല്ലാം തന്നെ കൂവലുകളോടെയാണ് ആരാധകര്‍ വരവേറ്റത്.

അതേസമയം, യോഗ്യതാ മത്സരത്തില്‍ നാലിനെതിരെ അഞ്ച് ഗോളിന് ഇറ്റലി വിജയിച്ചിരുന്നു. 90+1ാം മിനിട്ടില്‍ സാന്‍ഡ്രോ ടൊനാലി നേടിയ ഗോളിന്റെ ബലത്തിലാണ് ഇറ്റലി വിജയിച്ചുകയറിയത്.

ഇറ്റലിക്കായി മെയസ് കീന്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ മാറ്റിയോ പോളിറ്റാനോ, ജിയോക്കാമോ റാസ്‌പോഡോറി, സാന്‍ഡ്രോ ടെനോലി എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി. ഡോര്‍ പെരറ്റ്‌സ് ഇസ്രഈലിനായി ഇരട്ട ഗോളടിച്ചു. സെല്‍ഫ് ഗോളിലൂടെയാണ് മറ്റ് രണ്ട് ഗോളും ഇസ്രഈലിന്റെ വലയിലെത്തിയത്.

അതേസമയം, ഐ-യില്‍ ഇറ്റലി രണ്ടാം സ്ഥാനത്താണ്. നാല് മത്സരത്തില്‍ നിന്നും മൂന്ന് ജയത്തോടെ ഒമ്പത് പോയിന്റാണ് ടീമിനുള്ളത്. അഞ്ച് മത്സരത്തില്‍ നിന്നും മൂന്ന് ജയവുമായി ഇസ്രഈല്‍ മൂന്നാമതാണ്.

 

 

 

Content Highlight: Italian coach Gennaro Gattuso on the match against Israel and the Israeli occupation of Gaza