എല്ലാം എംബാപ്പെയും പി.എസ്.ജിയും ചേര്‍ന്ന് നടത്തിയ നാടകം?
Football
എല്ലാം എംബാപ്പെയും പി.എസ്.ജിയും ചേര്‍ന്ന് നടത്തിയ നാടകം?
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 15th August 2023, 3:55 pm

ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുമായി പിരിയുകയാണ്. സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍ മുന്നോട്ടുവെച്ച ഓഫര്‍ പി.എസ്.ജി സ്വീകരിച്ചുവെന്നും താരം സൗദിയിലേക്ക് ചേക്കേറുകയാണെന്നും കഴിഞ്ഞ ദിവസം ഔദ്യോഗിക റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പി.എസ്.ജിയില്‍ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ഭാവി അനിശ്ചിതത്വത്തിലായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2024ല്‍ ക്ലബ്ബുമായുള്ള കരാര്‍ അവസാനിക്കുന്നതോടെ തനിക്ക് ഫ്രീ ഏജന്റായി ക്ലബ്ബ് വിടണമെന്നും പി.എസ്.ജി നിര്‍ദേശിച്ചത് പ്രകാരം ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ തുടരാനാകില്ലെന്നും എംബാപ്പെ മാനേജ്‌മെന്റിന് കത്തെഴുതിയിരുന്നെന്നായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍ എംബാപ്പെയുടെ ആവശ്യം പി.എസ്.ജി അംഗീകരിച്ചില്ലെന്നും താരത്തിന്റെ തീരുമാനത്തില്‍ മാറ്റമില്ലെങ്കില്‍ ഈ സീസണില്‍ തന്നെ ക്ലബ്ബ് വിടാന്‍ പി.എസ്.ജി എംബാപ്പെയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍ ഇതെല്ലാം എംബാപ്പെയും പി.എസ്.ജിയും ചേര്‍ന്ന് നടത്തിയ നാടകമാണെന്നാണ് പ്രമുഖ ബ്രസീലിയന്‍ മാധ്യമമായ ഗ്ലോബോ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നെയ്മറെ പുറത്താക്കി ആ പൊസിഷനിലേക്ക് ഫ്രാന്‍സിലെ തന്റെ സഹതാരമായ ഡെംബലെയെ എത്തിക്കാനുള്ള എംബാപ്പെയുടെ തന്ത്രമായിരുന്നു ഇതിന് പിന്നിലെന്നാണ് ഗ്ലോബോ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബാഴ്‌സലോണയില്‍ നിന്ന് ഇതിനകം ഡെംബലെയെ പി.എസ്.ജിയിലെത്തിച്ചുവെന്നും നെയ്മറും അല്‍ ഹിലാലും തമ്മിലുള്ള ഡീലിങ്‌സില്‍ തീരുമാനമായതോടെ ജപ്പാനില്‍ വെച്ചുനടന്ന പ്രീ സീസണ്‍ മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്ന എംബാപ്പെയെ സ്‌ക്വാഡില്‍ തിരിച്ചെടുത്തതായി പി.എസ്.ജി അറിയിക്കുകയായിരുന്നെന്നും ഗ്ലോബോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ പദ്ധതിയിട്ടത് പ്രകാരമാണ് പി.എസ്.ജിയും എംബാപ്പെയും ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടത്തിയതെന്നും ഫ്രണ്ട്‌ലി മാച്ചില്‍ നിന്ന് എംബാപ്പെയെ ഒഴിവാക്കിയത് പി.എസ്.ജിയുടെ നാടകമായിരുന്നില്ലേയെന്നും ഗ്ലോബോ ചോദിക്കുന്നു.

എന്നാല്‍ യൂറോപ്യന്‍ ക്ലബ്ബുകളിലേക്ക് കൂടുമാറ്റം നടത്താതെ നെയ്മര്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലിലേക്ക് ചേക്കേറിയത് സ്വന്തം ഇഷ്ട പ്രകാരമാണെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇനി പി.എസ്.ജിയില്‍ എംബാപ്പെക്കൊപ്പം കളിക്കാന്‍ നെയ്മറും മെസിയുമില്ല.

Content Highlights: It was planned by Kylian Mbappe and PSG to sign with Ousmane Dembele