'ആരാടാ നാറി നീ......'; മലയാളത്തിന്റെ അച്ചാമ്മ ഓർമയായിട്ട് ഇന്നേക്ക് ഇരുപത് വർഷം
Malayalam Cinema
'ആരാടാ നാറി നീ......'; മലയാളത്തിന്റെ അച്ചാമ്മ ഓർമയായിട്ട് ഇന്നേക്ക് ഇരുപത് വർഷം
നന്ദന എം.സി
Friday, 2nd January 2026, 11:10 am

മരണമടഞ്ഞിട്ട് ഇന്നേക്ക് 20 വർഷം കഴിഞ്ഞിട്ടും വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ തങ്ങിനിൽക്കുന്ന നടിയാണ് ഫിലോമിന. 1926ൽ തൃശൂർ ജില്ലയിലെ മുള്ളൂർക്കര പുതിയവീട്ടിൽ ദേവസിയുടെയും മറിയയുടെയും മകളായി ജനിച്ച ഫിലോമിന, പി.ജെ. ആന്റണിയുടെ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്.

1964ൽ എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത കുട്ടിക്കുപ്പായം എന്ന ചിത്രത്തിലൂടെയാണ് ഫിലോമിനയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. പ്രേം നസീറിന്റെ അമ്മയായ കുഞ്ഞി പാത്തുമ്മ എന്ന കഥാപാത്രമായിരുന്നു ആദ്യ വേഷം.

ഫിലോമിന,Photo: YouTube/Screen grab

മരിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഫിലോമിനയെ മലയാളി പ്രേക്ഷകർ മറന്നിട്ടില്ല. ഗോഡ്ഫാദർ എന്ന ചിത്രത്തിലെ ആനപ്പാറ അച്ചാമ്മ ഇന്നും ജനങ്ങളുടെ മനസിലുണ്ട്. കോമഡി രംഗങ്ങൾ അനായാസം കൈകാര്യം ചെയ്തിരുന്ന ഫിലോമിന, നാടകവേദികളിലൂടെ സിനിമയിലേക്കെത്തിയ കലാകാരിയായിരുന്നു.

സ്നേഹമുള്ള അമ്മയായി, വാത്സല്യമുള്ള മുത്തശ്ശിയായി, അരിശക്കാരിയായ അമ്മായിയമ്മയായി, വാശിയുള്ള അച്ചാമ്മയായി, മകന് വേണ്ടി കരഞ്ഞുണങ്ങിയ അമ്മയായി അങ്ങനെ എണ്ണിയാൽ തീരാത്ത വേഷങ്ങൾ. സ്നേഹത്തിന്റെ നിറകുടമായ അമ്മ കഥാപാത്രങ്ങൾ മലയാള സിനിമയിൽ നിറഞ്ഞാടിയ സമയത്ത്, ആണിനോട് പോരാടാനും ആവശ്യമെങ്കിൽ നാല് ചീത്ത വിളിക്കാനും ധൈര്യമുള്ള ചുറുചുറുക്കുള്ള സ്ത്രീ കഥാപാത്രങ്ങളാണ് ഫിലോമിന ചെയ്തത്. അതുകൊണ്ട് തന്നെയാണ് ഓരോ പ്രേക്ഷകരുടെ മനസിലും ഫിലോമിന ഇന്നും ജീവിക്കുന്നത്.

‘ആരാടാ നാറി നീ’ എന്ന ഒരൊറ്റ ഡയലോഗ് മതി ആ കഥാപാത്രത്തിന്റെ ശക്തി മനസിലാക്കാൻ. ആ വാക്കുകൾ കൊണ്ട് തന്നെ പുരുഷ അഹന്തയെ തകർത്ത കഥാപാത്രങ്ങൾ ഫിലോമിന സമ്മാനിച്ചു. വർഷങ്ങൾക്കിപ്പുറവും അവരുടെ കഥാപാത്രങ്ങളും ഡയലോഗുകളും ഓരോ മലയാളിയും ഓർക്കുന്നുണ്ട്.

ഫിലോമിന,Photo: YouTube/ Screen grab

പന്ത്രണ്ടാം വയസിൽ അച്ഛനെ നഷ്ടപ്പെട്ട ഫിലോമിന, അമ്മ വളർത്തിയ അഞ്ചു മക്കളിൽ രണ്ടാമത്തവളായിരുന്നു. കമ്മ്യൂണിസ്റ്റ് നാടകങ്ങളിൽ അഭിനയിച്ചതിന് ഒരിക്കൽ പള്ളിലച്ചന്റെ വിലക്ക് നേരിട്ടെങ്കിലും, പിന്നീട് അതേ പള്ളിലച്ചൻ തന്നെ പ്രശംസിച്ചത് ഫിലോമിനയുടെ അഭിനയമികവിനാലായിരുന്നു.

ഫിലോമിന,Photo: YouTube/ Screen grab

ഓളവും തീരവും, തുറക്കാത്ത വാതിൽ, ചാട്ട, തനിയാവർത്തനം തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമ ജീവിതത്തിൽ രണ്ട് സംസ്ഥാന അവാർഡുകൾ നേടി. ഓരോ കഥാപാത്രങ്ങളും നമ്മളിലെ ആരെയോ ഓർമിപ്പിക്കുന്നതായിരുന്നു. പലതും കുലസ്ത്രീ പരിവേഷങ്ങൾക്ക് പുറത്തു കടന്നവയായിരുന്നു . അതിലൊന്നാണ് ആനപ്പാറയിലെ അച്ചാമ്മ. തളി ആനേ പനിനീര് ഇവിടെ തളി ആനേ, വെക്കടാ നിന്റെ അമ്മേടെ ചെവിട്ടിലും പഞ്ഞി തുടങ്ങിയ ഡയലോഗുകൾ ഇന്നും മലയാളികളെ ചിരിപ്പിക്കുന്നു.

ഗോഡ്ഫാദർ സിനിമയുടെ നിർമാതാവ് സ്വർഗ്ഗചിത്ര അപ്പച്ചൻ ഫിലോമിനയെ കുറിച്ച് പറഞ്ഞ വാക്കുകളും ആ കലാകാരിയുടെ കഴിവ് തെളിയിക്കുന്ന ഒന്നായിരുന്നു.
അഞ്ഞൂറാനൊപ്പം ശക്തമായി നിൽക്കേണ്ട കഥാപാത്രം നൈറ്റി ധരിച്ച് നിൽക്കുന്നത് കണ്ടപ്പോൾ ഒരു സംശയ മുനയിൽ അദ്ദേഹം നോക്കിയിരുന്നെന്നും ആ സമയം ഫിലോമിന ‘മോനെ എന്റെ മിടുക്ക് ഇവടെയല്ല കേട്ടോ, എന്റെ മിടുക്ക് ഞാൻ സ്‌ക്രീനിൽ കാണിച്ചു തരാം’ എന്ന് പറയുകയും ചെയ്തു. അദ്ദേഹത്തോട് പറഞ്ഞതുപോലെ അവരുടെ മിടുക്ക് ആനപ്പാറ അച്ചാമ്മയായി സ്‌ക്രീനിൽ കാണിച്ചു തരുകയും ചെയ്തു.

വിയറ്റ്നാം കോളനിയിലെ സുഹ്റാബായി, സസ്നേഹത്തിലെ വെറോണിക്ക, മൂക്കില്ല രാജ്യത്തെ തമാശ നിറച്ച കഥാപാത്രം, വെങ്കലത്തിലെ മുത്തശ്ശി അങ്ങനെ എണ്ണിയാൽ തീരാത്തത്ര കഥാപാത്രങ്ങൾ.

ഏകദേശം 750ലധികം സിനിമകളിൽ അഭിനയിച്ച ഫിലോമിന, 2006 ജനുവരി രണ്ടിന് വിടപറയുമ്പോഴും മലയാള സിനിമയ്ക്ക് ഉശിരുള്ള സ്ത്രീകഥാപാത്രങ്ങളാണ് സമ്മാനിച്ചത്. ഇന്നേക്ക് 20 വർഷം കഴിഞ്ഞിട്ടും, ഫിലോമിന എന്ന കലാകാരി മലയാളികളുടെ മനസിൽ ഇന്നും ജീവനോടെ തന്നെ തുടരുന്നു.

Content Highlight: It’s been twenty years since Philomina died.

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.