'ആഡംബര മന്ദിരങ്ങളല്ല, സ്‌കൂളുകളാണ് നന്നാക്കേണ്ടത്'; കേന്ദ്രമന്ത്രിമാരുടെ വസതി മോടിപിടിക്കാന്‍ 548 കോടി ചെലവഴിച്ചതില്‍ സി.ജെ.പി
India
'ആഡംബര മന്ദിരങ്ങളല്ല, സ്‌കൂളുകളാണ് നന്നാക്കേണ്ടത്'; കേന്ദ്രമന്ത്രിമാരുടെ വസതി മോടിപിടിക്കാന്‍ 548 കോടി ചെലവഴിച്ചതില്‍ സി.ജെ.പി
അഞ്ജു ചന്ദ്രന്‍
Monday, 24th August 2026, 12:42 pm

ന്യൂദല്‍ഹി: കേന്ദ്രമന്ത്രിമാരുടെ വസതി മോടികൂട്ടുന്നതിനു പകരം സര്‍ക്കാര്‍ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന ആവശ്യവുമായി സി.ജെ.പി. കേന്ദ്രമന്ത്രിമാരുടെ ഔദ്യോഗിക വസതികള്‍ക്കായി 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 92.35 കോടി രൂപ സര്‍ക്കാര്‍ ചെലവഴിച്ചെന്ന വിവരാവകാശ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിമര്‍ശനം.

വിവരാവകാശ അപേക്ഷയില്‍ ലഭിച്ച കണക്ക് പ്രകാരം കേന്ദ്ര പൊതുമരാമത്ത് വകുപ്പ് 2014-2015 മുതല്‍ 2025-26 വരെയുള്ള 12 വര്‍ഷത്തിനിടെ മന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്കും നവീകരണത്തിനുമായി ആകെ 547.68 കോടി ചെലവഴിച്ചതായി സി.ജെ.പി മാധ്യമങ്ങളോട് പറഞ്ഞു.

ഈ തുക സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉപയോഗിക്കണമെന്ന ആവശ്യവും സി.ജെ.പി മുന്നോട്ടുവെച്ചു.

‘നിങ്ങളുടെ ആഡംബര വീടുകള്‍ നന്നാക്കുന്നത് നിര്‍ത്തി സ്‌കൂളുകള്‍ നന്നാക്കൂ… പത്ത് ലോകോത്തര സര്‍ക്കാര്‍ സ്‌കൂളുകള്‍ നിര്‍മിക്കാന്‍ 92 കോടി മതിയാകും,’ സി.ജെ.പി കൂട്ടിച്ചേര്‍ത്തു.

2014 നും 2019 നും ഇടയില്‍ കേന്ദ്രമന്ത്രിമാരുടെ വസതികളുടെ അറ്റകുറ്റപ്പണികള്‍ക്കായി 133.9 കോടി രൂപ ചെലവഴിച്ചെന്ന വിവരം വിവരാവകാശ അപേക്ഷയിലൂടെ ലഭിച്ചെന്ന് സി.ജെ.പി വ്യക്തമാക്കി. 2019നും 2024 നും ഇടയില്‍ ഈ ചെലവ് 250 കോടി രൂപയായി ഉയര്‍ന്നതായും 2024-2026 വരെ 174.5 കോടി രൂപ ചെലവഴിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 12 വര്‍ഷക്കാലയളവിനുള്ളില്‍ ആകെ ചെലവഴിച്ചത് 547.68 കോടി രൂപയാണ്.

പഴക്കമേറിയ കെട്ടിടങ്ങളായതിനാല്‍ ചോര്‍ച്ച, ചിതല്‍ശല്യം, പഴയ വൈദ്യുത സംവിധാനങ്ങള്‍, പ്ലംബിങ് തകരാറുകള്‍ തുടങ്ങിയവ പരിഹരിക്കേണ്ടതുണ്ടെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ വിശദീകരണം. ചില കെട്ടിടങ്ങള്‍ 80 മുതല്‍ 100 വര്‍ഷം വരെ പഴക്കമുള്ളതാണെന്നും അറ്റകുറ്റപ്പണി ആവശ്യമായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

ഗ്രാമീണ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുടിവെള്ളം, വൈദ്യുതി, ശുചിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സി.ജെ.പി ഈ വിമര്‍ശനം ഉന്നയിച്ചത്.

ഗ്രാമീണ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സോഷ്യല്‍ ഓഡിറ്റുകളും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും ആവശ്യപ്പെട്ട് ഓഗസ്റ്റ് 15ന് ആരംഭിച്ച സി.ജെ.പി.യുടെ ‘സ്‌കൂള്‍ ഠീക് കരോ’ ക്യാമ്പയിന്‍ ഇടയിലാണ് സി.ജെ.പി ഈ വിവരങ്ങള്‍ പങ്കുവെച്ചത്.

Content Highlights: ‘It is schools that need improvement, not luxury mansions’; CJP criticizes the ₹548 crore expenditure on renovating Union Ministers’ residences.

അഞ്ജു ചന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.