അധികാരത്തിന്റെ അഹങ്കാരത്തിന് മുന്നില്‍ മുഖ്യമന്ത്രിയെ വെള്ളപൂശാന്‍ ഇറങ്ങിയത് കാണുമ്പോള്‍ കഷ്ടം തോന്നുന്നു:കെ.എസ്.യു നേതാക്കള്‍ക്കെതിരെ അനീഷ് ആന്റണി
Kerala
അധികാരത്തിന്റെ അഹങ്കാരത്തിന് മുന്നില്‍ മുഖ്യമന്ത്രിയെ വെള്ളപൂശാന്‍ ഇറങ്ങിയത് കാണുമ്പോള്‍ കഷ്ടം തോന്നുന്നു:കെ.എസ്.യു നേതാക്കള്‍ക്കെതിരെ അനീഷ് ആന്റണി
നിഷാന. വി.വി
Sunday, 19th July 2026, 11:40 am

തിരുവനന്തപുരം: ഗവണ്‍മെന്റ് പ്ലീഡര്‍ നിയമന വിവാദവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കെ.എസ്.യു സംസ്ഥാന അധ്യക്ഷനെ പരസ്യമായി വിമര്‍ശിച്ച കെ.എസ്.യു സംസ്ഥാന ഭാരവാഹികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന ജനറല്‍ സെക്രട്ടറി അനീഷ് ആന്റണി.

കെ.എസ്.യുവിനെ പൊതുമധ്യത്തില്‍ അവഹേളിച്ചതിലൂടെ ലക്ഷ്യമിട്ടത് ഒരു സംസ്ഥാന പ്രസിഡന്റിനെയല്ലെന്നും പതിറ്റാണ്ടുകളുടെ ചരിത്രമുള്ള ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെയാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് വാദങ്ങള്‍ കൊണ്ടാണ് പരിഹാസം കൊണ്ടല്ല.
ഗവണ്‍മെന്റ് പ്ലീഡര്‍ നിയമന വിഷയത്തില്‍ കെ.എസ്.യു ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ അതിനെ ഗ്രൂപ്പ് പോരായും വ്യക്തിവിരോധമായും ചിത്രീകരിക്കുന്നത് വിഷയത്തില്‍ നിന്ന് ഒളിച്ചോടാനുള്ള ശ്രമമാണെന്നും അനീഷ് ആന്റണി പറഞ്ഞു.

‘വിമര്‍ശനം ഉയര്‍ന്നാല്‍ അതിന് രാഷ്ട്രീയമായ മറുപടി നല്‍കുകയാണ് വേണ്ടത്, വിമര്‍ശിക്കുന്നവരെ ചെറുതാക്കി കാണിക്കുകയല്ല. അനീതി ചൂണ്ടിക്കാണിക്കുമ്പോള്‍ വരുന്ന എല്ലാ വിമര്‍ശനങ്ങളെയും കെ.സി. വേണുഗോപാലുമായി കൂട്ടിക്കെട്ടുന്നത് അവസാനിപ്പിക്കണം. അത് വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള എളുപ്പവഴി മാത്രമാണ്.

ഇന്ന് അനീതിക്കെതിരെ ശബ്ദിക്കുന്ന കെ.എസ്.യുവിന്റെ ശബ്ദത്തെയും പോരാട്ടവീര്യത്തെയും ‘ഗ്രൂപ്പ് പോര്’ എന്ന് മുദ്രകുത്താന്‍ ശ്രമിക്കുന്നത് വിരോധാഭാസമാണ്. ഇവിടെ അവഹേളിക്കപ്പെട്ടത് കെ.എസ്.യുസംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയറല്ല, ലക്ഷക്കണക്കിന് പ്രവര്‍ത്തകരുടെ വികാരവും പാരമ്പര്യവും പേറുന്ന കെ.എസ്.യു എന്ന പ്രസ്ഥാനമാണ്. അതുകൊണ്ടാണ് ഈ വിഷയത്തില്‍ ഞങ്ങള്‍ ശക്തമായി പ്രതികരിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

അധികാരത്തിന്റെ അഹങ്കാരത്തിന് മുന്നില്‍ മുഖ്യമന്ത്രിയെ വെള്ളപൂശാന്‍ തുനിഞ്ഞിറങ്ങിയ കെ.എസ്യു സംസ്ഥാന ഭാരവാഹികളുടെ നാലംഗസംഘം പല വിവാദ വിഷയങ്ങളും വിഴുങ്ങുന്നത് കണ്ടുവെന്നും ഈ വിവാദം ഉണ്ടായപ്പോള്‍ ഒരാഴ്ച ആസ്വദിക്കുകയും, പിന്നീട് ന്യായീകരിക്കുകയും, ഒടുവില്‍ ന്യായീകരിക്കാന്‍ വഴിയില്ലാതായപ്പോള്‍ മുഖ്യമന്ത്രിയെ പ്രതിരോധിക്കാന്‍ ഇറങ്ങിയത് കണ്ടപ്പോള്‍ കഷ്ടം തോന്നിയെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

‘നാലംഗസംഘമേ, നിങ്ങള്‍ക്ക് ഈ സംഘടനയോട് എന്തെങ്കിലും പ്രതിബദ്ധതയുണ്ടോ? നിങ്ങള്‍ പ്രതിരോധത്തിലാക്കുന്നത് കെ.എസ്.യുവിനെയാണ്. ‘തിരുവനന്തപുരം ലോ കോളേജ് യൂണിറ്റ് കമ്മിറ്റിക്ക് ഇവര്‍ക്കെന്താ കാര്യം?’ എന്ന് പരസ്യമായി ചോദിച്ച് കെഎസ്യുവിനെ അപമാനിച്ച മുഖ്യമന്ത്രിയെ ന്യായീകരിക്കുന്നത് കാണുമ്പോള്‍ പുച്ഛം മാത്രമാണ് തോന്നുന്നത്. ഒരു പ്രസ്ഥാനത്തിന്റെ ആത്മാഭിമാനം അധികാരത്തിന് മുന്നില്‍ പണയപ്പെടുത്തരുത്.

ഇത് ആര്‍ക്കുമെതിരായുള്ള വ്യക്തിപരമായ യുദ്ധമല്ല, കെഎസ്യുവിന്റെ ആത്മാഭിമാനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള നിലപാടിന്റെ പോരാട്ടമാണ്. കെഎസ്യു എന്നും അനീതിക്കെതിരെ മുഷ്ടികളുയര്‍ത്തിയ പ്രസ്ഥാനമാണ്. തെറ്റെന്ന് തോന്നുന്ന കാര്യങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുക എന്നത് കെ.എസ്.യുവിന്റെ പാരമ്പര്യമാണ്. അതുകൊണ്ട് കെ.എസ്.യുവിന്റെ വായ് കെട്ടിമൂടാന്‍ ആരും ശ്രമിക്കേണ്ട. വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിച്ചുകൊണ്ടുതന്നെ ഞങ്ങള്‍ മുന്നോട്ടുപോകും,’ അദ്ദേഹം കുറിച്ചു.

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമന വിഷയത്തില്‍ സര്‍ക്കാര്‍ ഇപ്പോഴത്തെ നിലപാട് തിരുത്തണമെന്നും ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളെ പരിഹാസത്തോടെ തള്ളിക്കളയാതെ, വിഷയത്തിന്റെ ഗൗരവം മനസിലാക്കി തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അധികാരം വിമര്‍ശനത്തെ അടിച്ചമര്‍ത്താനുള്ള ആയുധമല്ല, വിമര്‍ശനം കേള്‍ക്കാനുള്ള ഉത്തരവാദിത്തമാണെന്നും അതാണ് ഇന്നും മുഖ്യമന്ത്രിയോട് കെ.എസ്.യു ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlight:  It is pitiful to see people setting out to whitewash the Chief Minister out of arrogance born of power: Aneesh Antony speaks against KSU leaders who criticized Aloysius Xavier.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.