വേടനല്ല നാട്ടില്‍ ജാതിവിഭജനം ഉണ്ടാക്കുന്നത്; ചില വസ്തുതകള്‍ ഇതാ... | കെ.ടി. കുഞ്ഞിക്കണ്ണന്‍
details
വേടനല്ല നാട്ടില്‍ ജാതിവിഭജനം ഉണ്ടാക്കുന്നത്; ചില വസ്തുതകള്‍ ഇതാ... | കെ.ടി. കുഞ്ഞിക്കണ്ണന്‍
കെ.ടി. കുഞ്ഞിക്കണ്ണന്‍
Saturday, 24th May 2025, 2:59 pm
വേടന്‍ തീര്‍ക്കുന്ന നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള കവിതയുടെയും സംഗീതത്തിന്റെയും സമരവേദികളിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. അത് നവബ്രാഹ്‌മണ്യത്തിന്റെ പ്രത്യയശാസ്ത്രകാരന്മാരെയും കാലാള്‍ സംഘങ്ങളെയും പ്രകോപിപ്പിച്ചില്ലെങ്കിലെ അത്ഭുതപ്പെടേണ്ടതുള്ളൂവെന്നും കെ.ടി. കുഞ്ഞിക്കണ്ണൻ

ബ്രാഹ്‌മണ്യാധിഷ്ഠിത ജാതിവ്യവസ്ഥ ഇന്ത്യയില്‍ സഹസ്രാബ്ധങ്ങളായി നിശബ്ദരും അടിമകളുമാക്കിയ ഒരു ജനതയുടെ ഉണര്‍വിന്റെയും പ്രതിരോധത്തിന്റെയും സൗന്ദര്യാത്മകമായ ശബ്ദമാണ് വേടന്റെ റാപ്പ് സംഗീതത്തിലൂടെ കേരളമിന്ന് തിരിച്ചറിയുന്നത്. അത് വിവേചനങ്ങളുടെയും ശുദ്ധാശുദ്ധങ്ങളുടേതുമായ ആര്യബ്രാഹ്‌മണ്യം അടിച്ചേല്‍പ്പിച്ച എല്ലാ ധര്‍മശാസ്ത്രങ്ങളെയും വെല്ലുവിളിക്കുകയാണ്.

വേടന്‍ തീര്‍ക്കുന്ന നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള കവിതയുടെയും സംഗീതത്തിന്റെയും സമരവേദികളിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. അത് നവബ്രാഹ്‌മണ്യത്തിന്റെ പ്രത്യയശാസ്ത്രകാരന്മാരെയും കാലാള്‍ സംഘങ്ങളെയും പ്രകോപിപ്പിച്ചില്ലെങ്കിലെ അത്ഭുതപ്പെടേണ്ടതുള്ളൂ.

എന്‍.ആര്‍. മധുവും ശശികലയും മിനി കൃഷ്ണകുമാറുമെല്ലാം വിശുദ്ധമെന്ന് വരുത്തി പ്രചരിപ്പിച്ച് പോരുന്ന മനുഷ്യത്വരഹിതമായ ഒരു വ്യവസ്ഥക്കും അതിന്റെ മൂല്യസംഹിതകള്‍ക്കുമെതിരായ നീതിബോധത്തെയാണ് വേടന്‍ തന്റെ റാപ്പ് പരിപാടിയിലൂടെ സര്‍ഗാത്മകമായൊരു പ്രതിരോധമായി ഉയര്‍ത്തി കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ആര്യബ്രാഹ്‌മണ്യത്തിന്റെ കൂരിരുട്ടിലേക്ക് രാജ്യത്തെ തിരിച്ചുകൊണ്ടുപോകാന്‍ ഇറങ്ങിപുറപ്പെട്ടിരിക്കുന്ന സംഘികള്‍ വേടനെ ജാതിഭീകരനും വിഘടനവാദിയും രാജ്യദ്രോഹിയുമായുമെല്ലാം തുടര്‍ച്ചയായി അധിക്ഷേപിച്ച് കൊണ്ടിരിക്കുന്നത്.

‘വോയ്‌സ് വോയ്‌സ് ലെസിലെ’ പാട്ടുകള്‍ പ്രധാനമന്ത്രിയ അധിക്ഷേപിക്കുന്നതാണെന്ന് പറഞ്ഞാണല്ലോ പാലക്കാട് നിന്നൊരു മിനി കൃഷ്ണകുമാര്‍ വേടനെതിരെ എന്‍.ഐ.എയ്ക്ക് പരാതി അയച്ചിരിക്കുന്നത്. അവര്‍ മാധ്യമങ്ങളോട് പറയുന്നത് വേടന്‍ ജാതി പറഞ്ഞ് നാട്ടില്‍ വിഭജന ചിന്തയും വിഘടനവാദവുമൊക്കെ ഉണ്ടാക്കുന്നുവെന്നാണ്. ബ്രാഹ്‌മണ്യബോധത്തിന്റെ പൊട്ടകിണറുകളില്‍ പെട്ടുപോയ ഇവരെ പോലുള്ളവര്‍ പറയുന്നത്; ഇല്ലാത്ത ജാതി ഉണ്ടാക്കുകയാണ് വേടനെന്നാണ്. ബി.ജെ.പി ഭരിക്കുന്ന പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ശ്മശാനം ബ്രാഹ്‌മണര്‍ക്കും നായര്‍ക്കുമൊക്കെയായി വേര്‍തിരിച്ച് ജാതി മതില്‍ കെട്ടിയിരിക്കുകയാണ്! ആ പാലക്കാട് ഇരുന്നാണ് വേടനെതിരെ ഈ കുലസ്ത്രീ ജാതിയൊന്നുമില്ലായെന്ന് പറഞ്ഞ് ഉറഞ്ഞ് തുള്ളുന്നത്! എന്ത് ചെയ്യാം സത്യാനന്തര കാലമല്ലേ.

ഇന്ത്യന്‍ സമൂഹത്തിന്റെ ഘടനാവിശേഷമാണ് ജാതിയെന്നത്. ജാതിവ്യവസ്ഥയുടെ പൂര്‍വരൂപം ചാതുര്‍വര്‍ണ്യമാണ്. ഹിംസാത്മകമായ ചാതുര്‍വര്‍ണ്യത്തിനും വൈദിക ബ്രാഹ്‌മണ്യത്തിനുമെതിരായ ബുദ്ധദര്‍ശനമുന്നേറ്റങ്ങളെ കൂട്ടക്കൊലകളിലൂടെ അടിച്ചമര്‍ത്തിയാണ് കേരളത്തിലും ഇന്ത്യയിലും ഭീകരമായ ജാത്യാധിഷ്ഠിത ബ്രാഹ്‌മണ്യം പുനസ്ഥാപിക്കപ്പെട്ടത്. വേദമാഹാത്മ്യത്തെയും വൈദികമേധാവിത്തത്തെയും ചോദ്യം ചെയ്താണ് നമ്മുടെ നവോത്ഥാന ധാര ജാതിവ്യവസ്ഥക്കും അത് സൃഷ്ടിച്ച വിവേചനങ്ങള്‍ക്കും അസ്പൃശ്യതക്കുമെതിരായ ഉണര്‍വുകള്‍ വളര്‍ത്തിയത്. നവോത്ഥാനം തോല്‍പ്പിച്ച എല്ലാ അശ്ലീല ജാതിയാചാരങ്ങളെയും പുനരുജ്ജീവിച്ചെടുക്കുന്ന നവ ബ്രാഹ്‌മണ്യരാഷ്ടീയമാണ് ഹിന്ദുത്വമെന്നത്.

അവര്‍ ഭരണഘടനയെയും സംവരണത്തെയും സാമൂഹ്യനീതിയെയും എല്ലാം എതിര്‍ക്കുന്ന കടുത്ത വര്‍ഗീയവാദികളാണ്. സാമൂഹ്യനീതിക്കും സംവരണതത്വങ്ങള്‍ക്കുമെതിരായ മനുവാദാധിഷ്ഠിമായ ഹിന്ദുത്വരാഷ്ടീയമാണ് ജാതി സെന്‍സസിനെ ഭയപ്പെടുന്നതും അതിനെ അട്ടിമറിക്കാനുള്ള നാനാവിധമായ തന്ത്രങ്ങള്‍ ഇറക്കി കളിച്ചുനോക്കി ഒടുവില്‍ ബീഹാര്‍ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് ജാതി സെന്‍സസ് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ശ്രീമതി. മിനി കൃഷ്ണകുമാര്‍ മറുപടി പറയേണ്ടത്, ജാതിയില്ലെങ്കില്‍ പിന്നെന്തിനാണ് താങ്കളുടെ ബി.ജെപി സര്‍ക്കാര്‍ ജാതി സെന്‍സസ് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത് എന്നതിനാണ്?

സ്വാതന്ത്ര്യം കിട്ടി 77 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും രാജ്യത്തിന്റെ ഭരണ പദവികളിലും ഉന്നത വിദ്യാഭ്യാസ രംഗത്തും സമ്പത്തിന്റെയും വിജ്ഞാനത്തിന്റെയും മണ്ഡലങ്ങളിലും 85%ഓളം വരുന്ന പിന്നോക്ക ദളിത് ആദിവാസി വിഭാഗങ്ങള്‍ക്ക് നാമമാത്രമായ പ്രാതിനിധ്യം മാത്രമാണുള്ളത്. എല്ലാ സമ്പത്തും വിജ്ഞാനവും കേന്ദ്രീകരിച്ചിരിക്കുന്നത് ജനസംഖ്യയില്‍ ന്യൂനാല്‍ ന്യൂനമായിരിക്കുന്ന ബ്രാഹ്‌മണര്‍ തൊട്ടുള്ള ത്രൈവര്‍ണികരിലാണ്. അധികാരവും പദവികളും സവര്‍ണ ജാതികളില്‍ കേന്ദ്രീകരിക്കുകയും മഹാഭൂരിപക്ഷം വരുന്ന പിന്നോക്ക ദളിത് ആദിവാസി വിഭാഗങ്ങള്‍ അങ്ങേയറ്റം പ്രാന്തവല്‍ക്കരിക്കപ്പെടുകയുമാണിന്ന് ഇന്ത്യയില്‍.

മണ്ഡല്‍ കമീഷന്‍ കാലത്ത് സവര്‍ണ ജാതി വിദ്യാര്‍ത്ഥി, യുവജനങ്ങളെ വി.പി. സിങ് സര്‍ക്കാറിനെതിരെ ഇളക്കിവിട്ടത് സംവരണം മൂലം പിന്നോക്കക്കാരും ദളിതരും ഉദ്യോഗപദവികളും വിദ്യാഭ്യാസ അവസരങ്ങളും കയ്യടക്കുകയാണെന്നും ഇതുമൂലം ഉന്നതജാതി സമൂഹങ്ങളില്‍ ജനിച്ച പാവപ്പെട്ടവര്‍ ഒന്നുമില്ലാത്തവരായി തീരുകയാണെന്ന വികാരം വളര്‍ത്തി കൊണ്ടാണ്. (ഈയടുത്ത് കേരളത്തിലെ ഒരു അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയുടെ ക്യാമ്പസ് മാഗസിനില്‍ വന്ന കാര്‍ട്ടൂണ്‍ വിവാദമായത് ഓര്‍ക്കുന്നു. കെ.എസ്.യു യൂണിയന്‍ ഇറക്കിയ മാഗസിനിലെ റിസര്‍വേഷന്‍ എന്ന കാര്‍ട്ടൂണ്‍ സംവരണം മൂലം എല്ലാ അവസരങ്ങളും കയ്യടക്കിയ ഒ.ബി.സി, എസ്.സി, എസ്.ടി ആധിപത്യത്തിന് കീഴിലമര്‍ന്ന പോയ മുന്നോക്ക ജാതിക്കാരന്റെ ദാരുണാവസ്ഥ ആവിഷ്‌ക്കരിക്കുന്നതായിരുന്നു)

മാത്രമല്ല, കഴിവിനെ പുറന്തള്ളി സംവരണം രാജ്യത്തിന്റെ സിവില്‍ സര്‍വീസും ഉന്നത വിദ്യാഭ്യാസമേഖലയും കഴിവില്ലാത്ത താഴ്ന്ന ജാതിക്കാരുടെ പിടിയലമരുമെന്നും ഇതൊരു രാഷ്ട്രമെന്ന നിലയില്‍ നമ്മുടെ രാജ്യത്തിന്റെ മത്സരശേഷിയെ തന്നെ ബാധിക്കുമെന്നുമൊക്കെ പ്രചരണം അഴിച്ചുവിടുകയായിരുന്നു. രാജ്യത്തിന്റെ ഉന്നത പദവികളിലെല്ലാം ബ്രാഹ്‌മണരാണ്. ലെഫ്. ഗവര്‍ണമാരിലും ഗവര്‍ണര്‍മാരിലും 66.66%ഓളം ബ്രാഹ്‌മണരാണ്. രാജ്യത്തെ ജനസംഖ്യയില്‍ നാല് ശതമാനവും മാത്രമാണ് ബ്രാഹ്‌മണര്‍ എന്നോര്‍ക്കണം.

അവരുടെ സെക്രട്ടറിമാരില്‍ 66.66 ശതമാനവും ബ്രാഹ്‌മണര്‍ തന്നെ. 1980ലെ ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ചീഫ് സെക്രട്ടറിമാരില്‍ 53.84 ശതമാനവും ബ്രാഹ്‌മണര്‍ തന്നെ. കാബിനറ്റ് സെക്രട്ടറിമാരില്‍ 60.44 ശതമാനവും ബ്രാഹ്‌മണര്‍ തന്നെ കയ്യടക്കിയിരിക്കുന്നു. വൈസ് ചാന്‍സിലര്‍മാര്‍, സുപ്രീം കോടതി-ഹൈക്കോടതി ജഡ്ജിമാര്‍, അംബാസിഡര്‍മാര്‍, ഹൈക്കമ്മീഷണര്‍മാര്‍ തുടങ്ങിയ ഉന്നതപദവികളിലെല്ലാം 50 ശതമാനത്തിലേറെ പ്രാതിനിധ്യം ബ്രാഹ്‌മണര്‍ക്കാണ്. ഈയൊരു ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നാണ് ജാതി സെന്‍സസ് അനിവാര്യമായി വരുന്നത്.

കേരളത്തിന്റെ സാഹചര്യത്തിലും ജാതി സെന്‍സസ് അനിവാര്യമാണ്. വിശാലഹിന്ദു ഐക്യം ലക്ഷ്യം വെച്ച് സംവരണത്തെയും ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരിരക്ഷാ വ്യവസ്ഥകളെയും ഹിന്ദുത്വവാദികള്‍ പ്രശ്‌നവത്കരിക്കുകയും തങ്ങളുടെ വിദ്വേഷ അജണ്ടക്കാവശ്യമായ പ്രചരണങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുന്നുണ്ട്. വസ്തുകളെയും വിവരങ്ങളെയും മറച്ചുപിടിച്ചും വളച്ചൊടിച്ചും വര്‍ഗീയ സാമുദായിക ധ്രുവീകരണമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

പിന്നോക്ക പട്ടികജാതി-വര്‍ഗ സംവരണത്തിനെതിരെ സവര്‍ണ ജാതിമേല്‍ക്കോയ്മയില്‍ നിന്നുള്ള കടന്നാക്രമണങ്ങളും വിലപേശലുകളും പതിവായിക്കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ ജനസംഖ്യയില്‍ 15% വരുന്ന നായര്‍ സമുദായത്തിന് സര്‍ക്കാര്‍ സര്‍വീസില്‍ ലഭിക്കേണ്ട പ്രാതിനിധ്യത്തേക്കാള്‍ 36.36 % കൂടുതലാണെന്ന യാഥാര്‍ത്ഥ്യത്തെ കുറിച്ച് അജ്ഞത സൃഷ്ടിച്ചുകൊണ്ടാണ് എന്‍.എസ്.എസ് നേതൃത്വം നായര്‍ സമുദായം അവഗണിക്കപ്പെടുന്നുവെന്ന പ്രചരണം നടത്തികൊണ്ടിരിക്കുന്നത്.

സംവരണമില്ലായ്മയാണ് നായര്‍ സമുദായത്തെ പിന്നിലാക്കിയതെന്നത് പോലുള്ള അസംബന്ധങ്ങളാണ് നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ സര്‍വീസിലെ നായര്‍ പ്രാതിനിധ്യം ജനസംഖ്യയില്‍ 23 %ഓളം വരുന്ന ഈഴവര്‍ക്കൊപ്പമാണ്. 28 %ഓളം വരുന്ന മുസ്‌ലിങ്ങളേക്കാൾ ഏറെ മുകളിലാണ് സര്‍വീസിലെ നായര്‍ പ്രാതിനിധ്യം. അര്‍ഹമായ പ്രാതിനിധ്യ വിഹിതം കിട്ടാതെ പോയ സാമൂഹ്യ വിഭാഗങ്ങളുടെ ആവശ്യത്തെ സംഘടിത വിലപേശലിലൂടെ പൊതുസമൂഹത്തില്‍ ചര്‍ച്ചയാക്കാതിരിക്കുക എന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കൗശലങ്ങളെ തിരിച്ചറിയേണ്ടതുണ്ട്.

സവര്‍ണജാതി പ്രത്യയശാസ്ത്രത്തില്‍ കളിക്കുന്ന ഹിന്ദുത്വത്തിന് വെല്ലുവിളിയാകും ജാതി സെന്‍സസ് എന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടാണ് ആദ്യം ജാതി സെന്‍സസിനെ എതിര്‍ത്ത ബി.ജെ.പി തങ്ങളുടെ സോഷ്യല്‍ എന്‍ജിനിയറിങ്ങിനാവശ്യമായ രീതിയില്‍ ഉപജാതി സംവരണം ഉയര്‍ത്തി കൊണ്ടുവന്നത്. പിന്നോക്ക ദളിത് സംഘടനകളുടെ ഐക്യത്തെ തകര്‍ക്കുക എന്ന രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ബി.ജെ.പി ഉപജാതി സംവരണം പ്രശ്‌നവത്ക്കരിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് സുപീം കോടതി ഉപജാതി സംവരണത്തിന് അനുമതി നല്‍കി ഉത്തരവ് നല്‍കിയിരിക്കുന്നു. പല ദളിത് സംഘടനകളും ഉപജാതി സംവരണത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ദളിത് ആക്ടിവിസ്റ്റായ കെ.എം. സലിം കുമാറിനെ പോലുള്ള സുഹൃത്തുക്കള്‍ ഉപജാതി സംവരണം അയ്യങ്കാളിയുടെ ദര്‍ശനങ്ങളുമായി ചേര്‍ന്ന് പോകുന്നതാണെന്നാണ് ഒരു ലേഖനത്തില്‍ വിശദീകരിക്കുന്നത്.

ഇവിടെ ഗൗരപൂര്‍വം കാണേണ്ട പ്രശ്‌നം സംഘപരിവാറിന്റെ സോഷ്യല്‍ എഞ്ചിനിയറിങ്ങിലധിഷ്ഠിതമായ രാഷ്ടീയ അജണ്ടയെയാണ്. ജാതീയമായി ഭിന്നിപ്പിച്ച് പിന്നോക്ക ദളിത് ഗോത്ര ജനതയെ വര്‍ഗീയമായി ഒന്നിപ്പിക്കുക എന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ കൂടി ഇക്കാര്യങ്ങളെ സമീപിക്കേണ്ടതുണ്ട്.

ബി.ജെ.പി-ആര്‍.എസ്.എസ് രാഷ്ട്രീയത്തിന് വെല്ലുവിളിയും സാമൂഹ്യനീതി പ്രസ്ഥാനങ്ങള്‍ക്ക് കരുത്തും പകരുന്നതാണ് ജാതി സെന്‍സസ്.
അത് സാമൂഹ്യവും രാഷ്ട്രീയവുമായ ഹിന്ദുത്വത്തിനെതിരായ ജനകീയ ഐക്യത്തിന് പശ്ചാത്തലമൊരുക്കുന്നതുമാണ്. 2023 ഒക്ടോബര്‍ രണ്ടിന് ബീഹാര്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട ജാതി സെന്‍സസ് റിപ്പോര്‍ട്ട് ഇന്ത്യയുടെ സാമൂഹ്യഘടനയെയും രാഷ്ട്രീയ വ്യവഹാരങ്ങളെയും നിര്‍ണയിക്കുന്നതില്‍ ജാതിബന്ധങ്ങള്‍ക്കുള്ള പങ്കിനെയും സ്വാധീനത്തെയുമാണ് പുറത്തുകൊണ്ടുവന്നത്. 1930കളില്‍ ബ്രിട്ടീഷ് സര്‍ക്കാരാണ് ജാതി സെന്‍സസ് നടത്തിയിട്ടുള്ളത്.

ബീഹാര്‍ ജില്ലകളിലെ 2011ലെ സെന്‍സസ് കോളത്തില്‍ ജാതി ഉണ്ടായിരുന്നുവെങ്കിലും അതനുസരിച്ചുള്ള സര്‍വേ വിവരങ്ങളൊന്നും സെന്‍സസ് റിപ്പോര്‍ട്ടിന്റെ ഭാഗമായി പുറത്തുവന്നിരുന്നില്ല. ബീഹാര്‍ സര്‍ക്കാരിന്റെ ജാതി സെന്‍സസ് പ്രകാരം ജനസംഖ്യയില്‍ 85 ശതമാനത്തോളം പിന്നോക്ക പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ടവരാണ്. ബാക്കിവരുന്ന 15 ശതമാനാണ് മേല്‍ജാതികളെന്ന് പറയുന്നത്. ഇന്ത്യയുടെ നിര്‍ണായകമായ ഭരണനിര്‍വഹണ സംവിധാനങ്ങളിലെ താക്കോല്‍ സ്ഥാനങ്ങളിലെല്ലാം ഈ 15 ശതമാനം വരുന്ന സവര്‍ണജാതിക്കാരാണ് മഹാഭൂരിപക്ഷവും. കണക്കുപറഞ്ഞാല്‍ 98 ശതമാനത്തോളം. ഭരണനിര്‍വഹണത്തിന്റെ താക്കോല്‍ സ്ഥാനങ്ങളിലിരിക്കുന്നത് ബ്രാഹ്‌മണ-ത്രൈവര്‍ണിക വിഭാഗത്തില്‍പ്പെട്ടവരാണ്.

എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ജാതി സെന്‍സസിനെ ഭയപ്പെടുന്നതും അത് ജനങ്ങള്‍ക്കിടയില്‍ വിഭജനവും വിഘടനവും സൃഷ്ടിക്കാനുള്ള പ്രതിപക്ഷത്തിന്റെ-ഇന്ത്യ മുന്നണിയുടെ കുത്തിത്തിരിപ്പാണെന്നും ആക്ഷേപിക്കുന്നത്? അവിടെ മിനി കൃഷ്ണകുമാര്‍മാരുടെ ദളിത് വിരുദ്ധഷ്ട്രീയം പുറത്തു വരുന്നത്. ഒരു സംശയവുമില്ല, ഭൂരിപക്ഷതാവാദം രാഷ്ട്രീയതന്ത്രമായി പയറ്റിക്കൊണ്ടാണ് ജനാധിപത്യത്തിന്റെ വഴികളിലൂടെ സംഘപരിവാര്‍ ദേശീയാധികാരത്തിലും വിവിധ സംസ്ഥാനങ്ങളിലും ഭരണത്തിലിരിക്കുന്നത്.

ഭൂരിപക്ഷ ധ്രുവീകരണമുണ്ടാക്കാനുള്ള ന്യൂനപക്ഷവിരുദ്ധമായ വിദ്വേഷ രാഷ്ട്രീയ പ്രയോഗങ്ങളാണ് സംഘപരിവാറിന്റെ രാഷ്ട്രീയഅടവ് എന്നത്. ഭൂരിപക്ഷ മതധ്രുവീകരണം ലക്ഷ്യംവെച്ച് ഇസ്‌ലാമോഫോബിയ പടര്‍ത്തുകയെന്നതാണ് ബി.ജെ.പിയുടെ രാഷ്ട്രീയതന്ത്രം. ഈ രാഷ്ട്രീയ തന്ത്രത്തെയും ബ്രാഹ്‌മണാധികാരത്തിലധിഷ്ഠിതമായ ഹൈന്ദവതാ വാദത്തെയുമാണ് നിതീഷ്‌കുമാറും പ്രതിപക്ഷമുന്നണിയും ജാതി സെന്‍സസിനെ ദേശീയരാഷ്ട്രീയ അജണ്ടയിലേക്ക് കൊണ്ടുവന്ന് വെല്ലുവിളിച്ചത്. സനാതനധര്‍മങ്ങളെയും ഭൂതകാല മഹിമകളെയും സംബന്ധിച്ച വാചകമടികളിലൂടെ അവതരിപ്പിക്കപ്പെടുന്ന ഹിന്ദുത്വ യഥാര്‍ത്ഥത്തില്‍ ജാതിഭീകരതയിലധിഷ്ഠിതമായ പ്രത്യയശാസ്ത്രമാണ് അത്. ന്യൂനപക്ഷങ്ങളെ മാത്രമല്ല ഹിന്ദുമതത്തില്‍ ഉള്‍പ്പെടുന്നവരെന്ന് ഗണിക്കുന്ന മഹാഭൂരിപക്ഷം പിന്നോക്ക ദളിത് സമൂഹങ്ങളെയും രാജ്യമെമ്പാടും വേട്ടയാടുകയും വര്‍ണാശ്രമധര്‍മങ്ങളെ പുനരുജ്ജീവിപ്പിക്കുകയുമാണ് ഇവിടെ ചെയ്യുന്നത്.

അത് ഭരണഘടനയുടെ സംവരണതത്വങ്ങള്‍ക്കും സാമൂഹ്യനീതിയുടെ ആദര്‍ശങ്ങള്‍ക്കും വിരുദ്ധദിശയില്‍ പ്രവര്‍ത്തിക്കുന്ന സവര്‍ണാധികാരത്തിന്റെ പ്രത്യയശാസ്ത്രമാണ്. നൂറ്റാണ്ടുകളായി ദളിതനെ അറിവിന്റെയും അധികാരത്തിന്റെയും മണ്ഡലങ്ങളില്‍ പ്രവേശിപ്പിക്കാതിരിക്കുന്ന വംശീയമേധാവിത്ത പ്രത്യയശാസ്ത്രം കൂടിയാണ് ഇന്ത്യയിലെ ജാതിവ്യവസ്ഥയെന്നത്.

2001ല്‍ ദര്‍ബനില്‍ നടന്ന വംശീയതെക്കതിരായ യു.എന്‍ ഉച്ചകോടിയില്‍ ജാതിയെ വംശീയതയായി കാണണമെന്നും വര്‍ണവിവേചനം പോലെ അതിനെ നിരോധിക്കണമെന്നുമുള്ള പ്രമേയം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് പങ്കെടുത്ത എന്‍.ജി.ഒകള്‍ കൊണ്ടുവരികയുണ്ടായി. ഈ നീക്കത്തെ തടയാന്‍ സയണിസത്തെ വംശീയതായി കണ്ട് നിരോധിക്കണമെന്ന പ്രമേയത്തെ പരാജയപ്പെടുത്താന്‍ ഇന്ത്യ വോട്ടുചെയ്താല്‍ ജാതീയതക്കെതിരായ പ്രമേയത്തെ ഞങ്ങളും ചേര്‍ന്ന് പരാജയപ്പെടുത്താമെന്ന് യു.എസ് പ്രതിനിധികള്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു.

എന്നാൽ ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധികള്‍ സയണിസത്തിനെതിരായി വോട്ടുചെയ്തില്ല. അമേരിക്കയും സഖ്യരാഷ്ട്രങ്ങളും ജാതീയതക്കെതിരായ പ്രമേയത്തെ പരാജയപ്പെടുത്താന്‍ ഇന്ത്യയോടൊപ്പം വോട്ടുചെയ്യുകയും ചെയ്തു. സ്വതന്ത്ര്യം കിട്ടി 75 വര്‍ഷം കഴിഞ്ഞിട്ടും വിദ്യാഭ്യാസ ഉദ്യോഗ പദവികളിലും അവസരങ്ങളിലും പിന്നോക്ക ദളിത് വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല എന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നാണ് ജാതി സെന്‍സസ് പ്രസക്തമാവുന്നത്. ഇന്ത്യയില്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും സ്ഥാനം നാമമാത്രമാണ്. രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ദളിതരും പിന്നോക്കക്കാരും ന്യൂനപക്ഷങ്ങളും അടങ്ങുന്നവരുടെ എണ്ണം യൂണിവേഴ്സിറ്റി വിദ്യാഭ്യാസരംഗത്ത് ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ വളരെ പരിമിതമാണെന്നുകാണാം.

എന്നാല്‍ 12 ശതമാനത്തോളം വരുന്ന സവര്‍ണ ജാതിക്കാര്‍ ഉന്നതവിദ്യാഭ്യാസ മേഖലയുടെ 50 ശതമാനത്തിലേറെ കൈയടക്കി വെച്ചിരിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഘട്ടത്തിലെ ഒരു കണക്കനുസരിച്ച്, ഉന്നത വിദ്യാഭ്യാസരംഗത്തെ പട്ടിവര്‍ഗ പ്രാതിനിധ്യം വെറും നാല് ശതമാനം മാത്രമായിരുന്നു. പട്ടികജാതി ജനസംഖ്യ 13.5% ആണ്. മറ്റ് പിന്നോക്ക ജാതികളുടേത് 35% ആണ്. ഹിന്ദുമതത്തില്‍പ്പെട്ടവരാണ് ഉന്നതവിദ്യാഭ്യാസരംഗത്തെ 85 ശതമാനവും കയ്യടക്കിവെക്കുന്നതെന്ന് പറഞ്ഞാല്‍ ഹിന്ദുവെന്ന് വിവക്ഷിക്കുന്ന മതത്തിലെ സവര്‍ണജാതിക്കാരാണ് എന്നാണ് മനസിലാക്കേണ്ടത്.

സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് മുതല്‍ ഇങ്ങ് വില്ലേജ് ഓഫീസ് വരെ നീണ്ടുനില്‍ക്കുന്ന ഭരണസംവിധാനങ്ങളിലെ ഉന്നതപദവികളിലെല്ലാം സവര്‍ണജാതിക്കാരാണ്. ഈയൊരു പശ്ചാത്തലത്തിലാണ് ജാതി സെന്‍സസ് പ്രസക്തമാകുന്നത്. മനുവാദികളായ ആര്‍.എസ്.എസുകാര്‍ക്കും ബി.ജെ.പിക്കും ജാതി സെന്‍സസിനോട് ഉണ്ടായിരുന്ന എതിര്‍പ്പ് പ്രത്യയശാസ്ത്രബദ്ധമാണെന്നുകൂടി മനസിലാക്കണം. വിശാല ഹിന്ദുവിനുവേണ്ടിയുള്ള സോഷ്യല്‍ എഞ്ചിനീയറിങ് ഒക്കെ പയറ്റുന്നത് ന്യൂനപക്ഷങ്ങളെയെന്നപോലെ ദളിതരെയും പൗരന്മാരായി അംഗീകരിക്കാത്ത ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ അടവുകള്‍ മാത്രമാണ്.

സവര്‍ക്കറുടെ ‘ഹിന്ദുത്വ’യും ഗോള്‍വാള്‍ക്കറുടെ ‘വീ ഓര്‍ ഔവര്‍ നാഷണല്‍ഹുഡ് ഡിഫൈന്‍ഡും’ വിചാരധാരയുമെല്ലാം ദളിത് വിരുദ്ധമായ ചാതുര്‍വര്‍ണ്യ പ്രത്യയശാസ്ത്രത്തെയാണ് പിന്‍പറ്റുന്നത്. ഹിന്ദുയിസം സവര്‍ണജാതി സമ്പ്രദായവുമായി ബന്ധപ്പെട്ട ഒരു കൊളോണിയല്‍ ബ്രാഹ്‌മണ്യ പ്രത്യയശാസ്ത്രമാണെന്ന് സവര്‍ക്കര്‍ മനസ്മൃതിയെ സ്തുതിച്ചുകൊണ്ട് ‘ഹിന്ദുത്വ’യില്‍ വ്യക്തമായിതന്നെ എഴുതിയിട്ടുണ്ട്. മനുസ്മൃതിയെ വിശുദ്ധവും പവിത്രവുമായ ധര്‍മശാസ്ത്ര പ്രഘോഷണമായിട്ടാണ് സവര്‍ക്കര്‍ കണ്ടിട്ടുള്ളത്. ശൂദ്രരെയും സ്ത്രീകളെയും നീചജന്മങ്ങളായി കാണുന്ന വര്‍ണാശ്രമ ധര്‍മങ്ങളെ ഹിന്ദുനിയമങ്ങളായിട്ടാണ് സവര്‍ക്കര്‍ അത്യന്തം ആവേശത്തോടെ വ്യാഖ്യാനിച്ചിട്ടുള്ളത്.

സവർക്കറിന്റെ അഭിപ്രായം നോക്കൂ:

‘വേദങ്ങള്‍ കഴിഞ്ഞാല്‍ നമ്മുടെ ഹിന്ദുരാഷ്ട്രത്തിന് ഏറ്റവും ആരാധ്യമായ മനുസ്മൃതി പ്രാചീനകാലം മുതല്‍ നമ്മുടെ സംസ്‌കാരത്തിന്റെയും ആചാരങ്ങളുടെയും ചിന്തകളുടെയും പ്രയോഗങ്ങളുടെയും അടിസ്ഥാനമായി തീര്‍ന്നു. നൂറ്റാണ്ടുകളായി നമ്മുടെ രാഷ്ട്രത്തിന്റെ ആത്മീയവും ദിവ്യവുമായ മുന്നേറ്റത്തിന്റെ നടപടിക്രമമായി ഈ ഗ്രന്ഥം നിലനിന്നു. ഇന്നും കോടിക്കണക്കിന് ഹിന്ദുക്കള്‍ അവരുടെ ജീവിതത്തിലും പ്രയോഗങ്ങളിലും മനുസ്മൃതിയില്‍ അധിഷ്ഠിതമായ നിയമങ്ങള്‍ പിന്തുടരുന്നു. ഇന്ന് മനുസ്മൃതി ഹിന്ദുനിയമമാണ്,’ വുമണ്‍ ഇന്‍ മനുസ്മൃതി, ഇന്‍ സവര്‍ക്കര്‍ സമാഗര്‍-കലക്ഷന്‍ ഓഫ് സവര്‍ക്കേര്‍ഴ്സ് റൈറ്റിങ്‌സ് ഇന്‍ ഹിന്ദി

ഇന്ത്യന്‍ ഭരണഘടനാ അസംബ്ലിയില്‍ നമ്മുടെ ഭരണഘടനക്ക് അന്തിമരൂപം നല്‍കുമ്പോള്‍ ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ അത്യന്തം അസന്തുഷ്ടിയും പ്രകടിപ്പിച്ചു.


‘നമ്മുടെ ഭരണഘടനയില്‍ പ്രാചീന ഭാരതത്തിലെ അതുല്യമായ ഭരണഘടനാവികാസത്തെക്കുറിച്ച് ഒരു പരാമര്‍ശവുമില്ല. സ്പാര്‍ട്ടയിലെ ലിക്കര്‍ഹസിനും പേര്‍ഷ്യയിലെ സോലോനും വളരെ മുമ്പാണ് മനുവിന്റെ നിയമങ്ങള്‍ എഴുതപ്പെട്ടത്. ഇന്നും ലോകത്തിന്റെ ആദരവ് ഉദ്ദീപിപ്പിക്കുന്ന മനുസ്മൃതി, സ്വതസിദ്ധമായി അനുസരണയും വിധേയത്വവും പിടിച്ചുപറ്റുന്നു. എന്നാല്‍ നമ്മുടെ ഭരണഘടനാപണ്ഡിതന്മാര്‍ക്ക് അത് തികച്ചും നിരര്‍ത്ഥകമാണ്,’ മനുസ്മൃതിയെ ആദരിക്കാത്ത ഭരണഘടനയെക്കുറിച്ച് പരാതിപ്പെട്ടുകൊണ്ട് ഓര്‍ഗനൈസര്‍ എഴുതി.

ഇന്ത്യന്‍ ഭരണഘടനയുടെ ഡ്രാഫ്റ്റിങ് കമ്മിറ്റി അംഗങ്ങള്‍ ചുരുക്കിപ്പറഞ്ഞാല്‍ ആര്‍.എസ്.എസ് മനുസ്മൃതിയുടെ തത്വങ്ങളെയും ചട്ടങ്ങളെയും ആധുനിക ഇന്ത്യയുടെ നിയമമാക്കണമെന്ന് വാദിക്കുകയും അതിനായി കിട്ടാവുന്ന അവസരങ്ങളെയെല്ലാം ഉപയോഗപ്പെടുത്തുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

എന്താണ് മനുസ്മൃതി അനുശാസിക്കുന്നത് എന്ന് മനസിലാക്കുമ്പോഴാണ് സംഘപരിവാറിന്റെ ദളിത് വിരുദ്ധതയുടെ ആഴവും ഭീകരതയും മനസിലാവുക. ചാതുര്‍വര്‍ണ്യത്തിലെ ക്ഷത്രിയനും വൈശ്യനും ശൂദ്രനും അടങ്ങുന്ന ത്രൈവര്‍ണികര്‍ യഥാക്രമം ബ്രഹ്‌മാവിന്റെ വായ, കരം, തുടകള്‍ എന്നിവയില്‍ നിന്നും ഉത്ഭവിച്ചുവെന്നും അധമനായ ശൂദ്രന്‍ പാദങ്ങളില്‍ നിന്ന് ഉത്ഭവിച്ചുവെന്നുമാണ് മനു എഴുതിവെച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ത്രൈവര്‍ണികരെ അതീവ വിനയത്തോടെ സേവിക്കുക മാത്രമാണ് വിരാട് പുരുഷന്‍ ശൂദ്രന് നിഷ്‌കര്‍ഷിച്ചിട്ടുള്ള ഏക ധര്‍മം.

ജീവിതം അവകാശപ്പെടാനോ അനുഭവിക്കാനോ ശൂദ്രന് മനുസ്മൃതി അനുവാദം നല്‍കുന്നില്ല. സവര്‍ണസേവമാത്രമാണ് അവന്റെ ഏകതൊഴില്‍. ദ്വിജനെ ആക്ഷേപിച്ചാല്‍ ശൂദ്രന്റെ നാവ് പിഴുതെടുക്കണം. ദ്വിജന്റെ ജാതിയോ പേരോ ധിക്കാരപൂര്‍വം പറയുന്ന ഏതൊരു ശൂദ്രന്റെയും തൊണ്ടയില്‍ പത്തംഗുലം നീളമുള്ള പഴുപ്പിച്ച ഇരുമ്പാണി കുത്തിയിറക്കണം എന്നാണ് മനു ഉദാരപൂര്‍വം അനുശാസിച്ചത്! ബ്രാഹ്‌മണന്റെ ചുമതലകളെക്കുറിച്ച് ഏതെങ്കിലും ശൂദ്രന്‍ മിണ്ടിപ്പോയാല്‍ അവന്റെ വായിലും ചെവിയിലും തിളച്ച എണ്ണതന്നെ ഒഴിക്കണം.

ഉയര്‍ന്ന ജാതിക്കാരനെ ക്ഷതപ്പെടുത്തുന്ന ഏത് പ്രവര്‍ത്തിക്കും അവയവം തന്നെ ഛേദിച്ചുകളയുന്ന ശിക്ഷയാണ് മനു കല്പിച്ചിട്ടുള്ളത്. മനുസ്മൃതി അനുശാസിക്കുന്ന ധര്‍മശാസ്ത്രമാണ് ഇന്ത്യയില്‍ ജാതി അടിമത്വത്തെ ദൃഢീകരിച്ച് നിര്‍ത്തുന്നത്. അധസ്ഥിത വിരുദ്ധമായ ധര്‍മശാസ്ത്രസിദ്ധാന്തങ്ങളാണ് ആര്‍.എസ്.എസിന്റെ വീക്ഷണമെന്നതുകൊണ്ടാണ് ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നടക്കുന്ന ദളിത് വിരുദ്ധ ആക്രമണങ്ങളില്‍ അവര്‍ പ്രധാനപങ്കാളികളായി തീരുന്നത്.

ബ്രാഹ്‌മണ ജാത്യാധികാരത്തിന്റെ പ്രത്യയശാസ്ത്രവും രാഷ്ട്രീയ അജണ്ടയുമാണ് മോദിയെ നയിക്കുന്നത്. അതായത് കോര്‍പ്പറേറ്റ് മൂലധനവും ഈ ജാത്യാധികാരത്തിന്റേതായ പ്രത്യയശാസ്ത്രവുമാണ് ബി.ജെ.പിയുടെ രാഷ്ട്രീയത്തെ നിര്‍ണയിക്കുന്നത്. ഭൂരിപക്ഷാധിപത്യവും ന്യൂനപക്ഷ ദളിത് വേട്ടയുമാണ് അവരുടെ രാഷ്ട്രീയ അജണ്ടയായിരിക്കുന്നത്. ഇക്കാലയളവിനിടയില്‍ ഇന്ത്യന്‍ ഭരണവര്‍ഗ പാര്‍ട്ടികളിലെ ഒട്ടുമിക്ക ബ്രാഹ്‌മണ നേതാക്കളും ബി.ജെ.പിയിലേക്ക് ചേക്കേറി കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടൊക്കെ തന്നെയാണ് ഒരുപക്ഷെ കോണ്‍ഗ്രസിനിപ്പോള്‍ ജാതി സെന്‍സസിന് അനുകൂലമായൊരു നിലപാട് സ്വീകരിക്കാന്‍ കഴിഞ്ഞത്.

നരേന്ദ്ര മോദി ഭരണത്തിന് കീഴില്‍ ന്യൂനപക്ഷങ്ങളെ പോലെ ദളിത് ജനസമൂഹങ്ങളും വേട്ടയാടപ്പെടുകയാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ടുകള്‍ രാജ്യമെമ്പാടും അഭൂതപൂര്‍വമായ തോതില്‍ വര്‍ധിച്ചുവരുന്ന ദളിത് ജനസമൂഹങ്ങള്‍ക്കെതിരായ അതിക്രമ സൂചനകള്‍ നല്‍കുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് ഹിന്ദുത്വത്തിനെതിരായ അവരുടെ വിശാല ഹൈന്ദവതയെ ലക്ഷ്യം വെച്ചുള്ള സോഷ്യല്‍ എഞ്ചിനീയറിങ് തന്ത്രങ്ങള്‍ക്കെതിരായ രാഷ്ട്രീയ അജണ്ടയെന്ന നിലയില്‍ ജാതിസെന്‍സസ് പ്രധാനമാകുന്നത്.

അത് ചരിത്രപരമായി ഇന്ത്യന്‍ സമൂഹം അനുഭവിച്ചുപോരുന്ന അനീതികള്‍ക്കും വിവേചനങ്ങള്‍ക്കുമെതിരായ സാമൂഹ്യനീതിയുടേതായ ഒരു രാഷ്ട്രീയ മുന്നേറ്റത്തിന് കരുത്ത് പകരുന്നതുമാണ്. വേടനെതിരെ നീളുന്നത് മനുസ്മൃതിയുടെ ദംഷ്ട്രകളെന്ന് തിരിച്ചറിയുകയും ശക്തമായ പ്രതിരോധമുയര്‍ത്തുകയും വേണം.

Content Highlight: It is not vedan creating caste division in the country; Here are some facts | KT Kunhikannan

കെ.ടി. കുഞ്ഞിക്കണ്ണന്‍
സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍