'ബോക്‌സിംഗിനെക്കുറിച്ച് കൃത്യമായ ധാരണയില്ലെങ്കില്‍ മിണ്ടാതിരിക്കുന്നതാണ് ഉചിതം'; അഭിനവ് ബിന്ദ്രയ്ക്ക് മറുപടി നല്‍കി മേരികോം
Mary Kom
'ബോക്‌സിംഗിനെക്കുറിച്ച് കൃത്യമായ ധാരണയില്ലെങ്കില്‍ മിണ്ടാതിരിക്കുന്നതാണ് ഉചിതം'; അഭിനവ് ബിന്ദ്രയ്ക്ക് മറുപടി നല്‍കി മേരികോം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 19th October 2019, 8:21 pm

ന്യൂദല്‍ഹി: നിഖാത് സരീനെ പിന്തുണച്ച ഷൂട്ടിംഗ് താരവും ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവുമായ അഭിനവ് ബിന്ദ്രക്ക് മറുപടി നല്‍കി ബോക്‌സിംഗ് താരം മേരി കോം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബോക്‌സിംഗ് അഭിനവ് ബിന്ദ്രയെ സംബന്ധിക്കുന്ന കാര്യമല്ലെന്നും ബോക്‌സിംഗിനെക്കുറിച്ച് വലിയ ധാരണയില്ലാത്ത അഭിനവ് ബിന്ദ്ര ഇക്കാര്യത്തില്‍ അഭിപ്രായം പറയാതിരിക്കുന്നതാണ് ഉചിതമെന്നും മേരി കോം പ്രതികരിച്ചു.

ലോക ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പില്‍ ഫൈനലിലെത്തുന്ന വനിതാ താരങ്ങളെയും സെമിയിലെത്തുന്ന പുരുഷ താരങ്ങളെയും ചൈനയില്‍ നടക്കുന്ന ഒളിംപിക്‌സ് യോഗ്യതാ ടൂര്‍ണമെന്റില്‍ പങ്കെടുപ്പിക്കുമെന്നായിരുന്നു ദേശീയ ബോക്‌സിംഗ് ഫെഡറേഷന്റെ പ്രഖ്യാപനം.

എന്നാല്‍ ലോകചാംപ്യന്‍ഷിപ്പിലെ മെഡല്‍ ജേതാക്കള്‍ക്ക് ദല്‍ഹിയില്‍ ഒരുക്കിയ സ്വീകരണത്തില്‍, സെമിയില്‍ തോറ്റ വനിതാതാരങ്ങളെയും ചൈനയിലേക്ക് അയക്കുമെന്ന് ഫെഡറേഷന്‍ നിലപാട് മാറ്റി.

ഇത് നടപ്പായാല്‍ മേരി കോമിന് , ഇന്ത്യയിലെ ട്രയല്‍സില്‍ മത്സരിക്കാതെ ചൈനയിലെ ടൂര്‍ണമെന്റിന് യോഗ്യത നേടാം. ഈ തീരുമാനത്തെയാണ് യുവതാരം നിഖാത് സരീന്‍ ചോദ്യം ചെയ്തത്.

മേരി കോമിനെ പോലെ 51 കിലോ വിഭാഗത്തില്‍ മത്സരിക്കുന്ന നിഖാത് സരീന്‍ , ട്രയല്‍സിലൂടെ മാത്രമേ ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കാവൂ എന്ന ആവശ്യവുമായി കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജുവിനെ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കായിക മന്ത്രിയല്ല ഫെഡറേഷനാണ് തീരുമാനം എടുക്കേണ്ടതെന്നായിരുന്നു കേന്ദ്ര കായികമന്ത്രിയുടെ മറുപടി.

അതേസമയം, ഫെഡറേഷനോട് ട്രയല്‍സില്‍ പങ്കെടുക്കില്ലെന്നോ ഒളിംപിക്‌സിന് തന്നെ അയക്കണമെന്നോ താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും ഇക്കാര്യത്തില്‍ ഫെഡറേഷന്‍ പ്രസിഡന്റ് അജയ് സിംഗ് ഉചിതമായ തീരുമാനം എടുക്കട്ടെയെന്നുംഫെഡറേഷന്‍ ആവശ്യപ്പെട്ടാല്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ തയാറാണെന്നും മേരി കോം പറഞ്ഞു.

നിഖാത് സരീന്‍ തന്റെ പേര് എന്തിനാണ് വിവാദത്തിലേക്ക് വലിച്ചിഴക്കുന്നതെന്നറിയില്ലെന്നും പ്രശസ്തിയാണ് ലക്ഷ്യമെങ്കില്‍ അതില്‍ എനിക്കൊന്നും പറയാനില്ലെന്നും. ഒളിംപിക്‌സിന് ആരെ അയക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ബോക്‌സിംഗ് ഫെഡറേഷന്‍ ആണ്. അവര്‍ തീരുമാനിക്കട്ടെ, ആര് മെഡലുമായി തിരിച്ചുവരണമെന്ന് മേരികോം പറഞ്ഞു.

വെങ്കലമെഡല്‍ ജേതാവായ നിഖാത് സരീന്‍ , മെയില്‍ ഇന്ത്യ ഓപ്പണില്‍ മോരി കോമിനോട് തോറ്റിരുന്നു.

മേരി കോമിനോട് ബഹുമാനമുണ്ടെങ്കിലും സ്‌പോര്‍ട്‌സില്‍ ഇന്നലെകള്‍ക്ക് പ്രസക്തിയില്ലെന്നാണ് സരിനെ പിന്തുണച്ചുകൊണ്ട് ബിന്ദ്ര കഴിഞ്ഞ ദിവസം പ്രതികരിച്ചത്.


‘ബിന്ദ്ര ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവാണ്, പക്ഷേ, എനിക്കും ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒന്നിലധികം സ്വര്‍ണമെഡല്‍ കിട്ടിയിട്ടുണ്ട്. ബിന്ദ്രയ്ക്ക് ബോക്‌സിംഗിലെ നിയമങ്ങളെക്കുറിച്ചോ പോയന്റ് സമ്പ്രദായത്തെക്കുറിച്ചോ ധാരണയില്ലെങ്കില്‍ അതിനെക്കുറിച്ച മിണ്ടാതിരിക്കുന്നതാണ് നല്ലത്. ബോക്്‌സിംഗിനെക്കുറിച്ച് ഒന്നും അറിയില്ലെങ്കില്‍ അഭിപ്രായം പറയരുത്. ഞാന്‍ ഷൂട്ടിംഗിനെക്കുറിച്ച് ഒന്നും പറയാറില്ലല്ലോ’ മേരികോം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ