ജയിലില്‍; ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ ഫൗസിയ ഹസന്റെ ജയില്‍ അനുഭവങ്ങള്‍
Pusthaka Sanchi
ജയിലില്‍; ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ ഫൗസിയ ഹസന്റെ ജയില്‍ അനുഭവങ്ങള്‍
ഫൗസിയ ഹസന്‍
Wednesday, 31st October 2018, 8:51 pm

1994 നവംബര്‍ 28 പൊലീസ് കസ്റ്റഡിയില്‍ എന്റെ അവസാന ദിവസമാണെന്നും പിറ്റേന്ന് ജയിലിലേക്ക് മാറ്റുമെന്നും അറിഞ്ഞപ്പോള്‍ ഞാന്‍ ഭയചകിതയായി. എല്ലാ സാധനങ്ങളുമെടുത്തു പിറ്റേന്നു രാവിലെതന്നെ ബസ്സില്‍ മറ്റ് പൊലീസുകാര്‍ക്കൊപ്പം പുറപ്പെട്ടു. നേരത്തേ പോയ പൊലീസ് സ്റ്റേഷനിലേക്കാണ് എന്നെ കൊണ്ടുപോയത്. അവിടെ ഒരുപാടു നേരം ഇരുന്നു.

കുറെ കഴിഞ്ഞ് എനിക്കെതിരേ പണം കൊടുത്ത് ആളുകളെക്കൊണ്ട് സാക്ഷിമൊഴി കൊടുപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പൊലീസ്ഉദ്യോഗസ്ഥന്‍ വന്ന് മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. എന്റെ മുന്നിലിരുന്ന് അയാള്‍ ഫയലുകള്‍ തുറന്നു.

“”നിങ്ങളില്‍നിന്ന് കുറെ കാര്യങ്ങള്‍കൂടി അറിയാനുള്ളതിനാല്‍ ഈ റിപ്പോര്‍ട്ട് പൂര്‍ണ്ണമല്ലെന്ന്”” അദ്ദേഹം പറഞ്ഞു. “”ശശികുമാറിന്റെ ഓഫീസി ലേക്ക് ഏതു നിറത്തിലുള്ള കാറിലാണ് നിങ്ങള്‍ പോയത്?”” അദ്ദേഹം ചോദിച്ചു. ചുവന്ന കളറിലുള്ളതെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ വെള്ള
നിറത്തിലുള്ള ടാക്സിയാണെന്നാണ് ശശികുമാര്‍ പറയുന്നത്.

അതിനാല്‍ അക്കാര്യത്തില്‍ തീര്‍ച്ചയുണ്ടെങ്കില്‍ ശശികുമാര്‍ നല്‍കിയ ചാര്‍ട്ടുകളോ ഫോട്ടോകളോ കൈവശം ഉണ്ടെങ്കില്‍ കാണിക്കാനും എന്നോട് ആവശ്യപ്പെട്ടു. എല്ലാം കത്തിച്ചുകളഞ്ഞെന്നും ഒന്നും എന്റെ കൈയില്‍ അവശേഷിക്കുന്നില്ലെന്നും ഞാന്‍ പറഞ്ഞു. എന്നെ
നേരത്തേ ഇരുന്നിടത്തേക്കു കൊണ്ടുവന്നു.

 

കുറെ സമയം കഴിഞ്ഞപ്പോള്‍ മറ്റൊരു ഉദ്യോഗസ്ഥന്‍ വന്നു. കോടതിയില്‍ ഹാജരാക്കുമ്പോള്‍, കസ്റ്റഡിയില്‍വെച്ച് പൊലീസ് മര്‍ദ്ദിച്ചിരുന്നോ എന്നോ പോലീസുകാരെ ക്കുറിച്ചു വല്ല പരാതിയുമുണ്ടോ എന്നോ ചോദിക്കുകയാണെങ്കില്‍ ഇല്ല എന്നു പറയണം എന്ന് ആവശ്യപ്പെട്ടു. എന്നെ പൊലീസ് കസ്റ്റഡിയിലേക്കു തന്നെ തിരികെക്കൊണ്ടുവരുമെന്നും പൊലീസിനെതിരേ മജിസ്ട്രേറ്റിനു മുമ്പാകെ പരാതി കൊടുത്താല്‍ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നും മുന്നറിയിപ്പു നല്‍കി.

അതു കേട്ടപ്പോള്‍ എന്റെ ഭയം ഇരട്ടിച്ചു. കുറച്ചുകഴിഞ്ഞ് അതേ ബസ്സില്‍ എന്നെ കോടതിയിലേക്കു കൊണ്ടുപോയി. മുമ്പത്തെപ്പോലെതന്നെ കോടതിപരിസരത്ത് ആളുകള്‍ തിങ്ങിയിരുന്നു. മാലിദ്വീപിലെ ആരെങ്കിലും ആ കൂട്ടത്തിലുണ്ടോ എന്ന് ഞാന്‍ പരതി. ആര്‍ക്കും അവിടെ വരാന്‍ ധൈര്യമുണ്ടാകില്ലെന്ന് തോന്നിയപ്പോള്‍ എന്റെ പ്രതീക്ഷയറ്റു.

എല്ലാവരും എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. എന്റെ ഫോട്ടോയെടുക്കാനായി പ്രസ് ഫോട്ടോ ഗ്രാഫര്‍മാര്‍ കൂടി. പേക്കിനാവു കാണുകയാണോ എന്ന് ഒരുവേള തോന്നി. ചുറ്റിലും നോക്കിയപ്പോള്‍ മറിയം റഷീദയുടെ അഭിഭാഷകനെ കണ്ടു. ഞാനദ്ദേഹത്തെ ദയനീയമായി നോക്കി. ആള്‍ക്കൂട്ടത്തെ തള്ളി മാറ്റി ബസ്സില്‍ ഞാനിരുന്ന ഭാഗത്തേക്കു വന്ന അദ്ദേഹം പേടിക്കേണ്ട എന്നു പറഞ്ഞു. ഒരു വിദേശിയായതിനാലാണ് അവരെന്നെയിങ്ങനെ കൗതുകത്തോടെ നോക്കുന്നതെന്നും പറഞ്ഞു.

ഉടന്‍തന്നെ എന്നെ കോടതിക്കുള്ളിലേക്കു കൊണ്ടുപോയി. ജഡ്ജി എന്നെ അടുത്തേക്കു വിളിച്ചു ചോദ്യംചെയ്യാന്‍ ആരംഭിച്ചു. ഞാന്‍ ഭയംകൊണ്ടു വിറയ്ക്കുകയായിരുന്നു. ഏതു നിമിഷവും നിലത്തേക്കു വീഴുമെന്നു ഞാന്‍ കരുതി. കണ്ണുകള്‍ ചുട്ടുപഴുക്കുന്നതുപോലെ തോന്നി. തുറിച്ചുന്തിയ കണ്ണുകളോടെ ഞാന്‍ നോക്കി.

“”പൊലീസിന്റെ പെരുമാറ്റത്തെക്കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും പരാതിയുണ്ടോ?
നിങ്ങളെ അവര്‍ ഏതെങ്കിലും രീതിയില്‍ ഉപദ്രവിക്കുകയോ ഭീഷണി പ്പെടുത്തുകയോ ചെയ്തോ?”” മജിസ്ട്രേറ്റ് എന്നോടു ചോദിച്ചു. രണ്ട് അഭിഭാഷകര്‍ സസൂക്ഷ്മം എന്റെ പ്രതികരണത്തിനായി കാതോര്‍ക്കുന്നുണ്ടായിരുന്നു. കോടതിമുറിയുടെ മധ്യത്തിലായി ഇരിപ്പുറപ്പിച്ച അഭിഭാഷ കരും എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ചോദ്യംചെയ്യല്‍ വേളയില്‍ പൊലീസ് എന്നെ മര്‍ദ്ദിക്കുമെന്നു ഭീഷണി മുഴക്കിയെന്നു പറയാനായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. മകളെ എന്റെ കണ്‍മുന്നില്‍ കൊണ്ടുവന്നു ബലാല്‍സംഗം ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയതിനാലാണ് ഞാന്‍ എല്ലാം സമ്മതിച്ചത്. സംസാരിക്കാനായി വായ തുറന്നതാണ്. എന്നാല്‍ വാക്കുകള്‍ എന്റെ തൊണ്ടയില്‍ കുരുങ്ങിക്കിടന്നു. മജിസ്്ട്രേറ്റിനോട് ഒന്നും പറയരുതെന്നു ഭീഷണിപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ എന്നെ നോക്കിയിരിക്കുന്നതു കണ്ടു. അയാള്‍ പറഞ്ഞതെല്ലാം ഞാന്‍ ഓര്‍ത്തു. പൊലീസ് കസ്റ്റഡിയിലേക്കുതന്നെ തിരിച്ചുപോകാനുള്ളതാണ്. ഇല്ലായെന്നു മറുപടി പറഞ്ഞ് ഞാന്‍ കരയാന്‍ തുടങ്ങി.

 

“”അവര്‍ പേടിച്ചിരിക്കയാണ്. അവരെ കണ്ടാല്‍ അറിയാം എത്രത്തോളം ഭയപ്പെട്ടിരിക്കുന്നുവെന്ന്. അവര്‍ വിറയ്ക്കുകയാണ്,”” അവിടെയുണ്ടാ യിരുന്ന അഭിഭാഷകരിലൊരാള്‍ എഴുന്നേറ്റുനിന്ന് മജിസ്ട്രേറ്റിനോടു പറഞ്ഞു. അതിലൊന്ന് മറിയം റഷീദയുടെ അഭിഭാഷകനായിരുന്നു. മറ്റേയാളെ അപ്പോള്‍ എനിക്കറിയുമായിരുന്നില്ല. പ്രസാദ് ഗാന്ധി ആണതെന്ന് പിന്നീടെനിക്കു മനസ്സിലായി. കൂടെയുള്ള അഭിഭാഷകന്‍ കെ.ഡി. നായര്‍ ആയിരുന്നു. പിന്നീട് അവര്‍ മലയാളത്തില്‍ സംസാരിക്കാന്‍ തുടങ്ങി.

മജിസ്ട്രേറ്റിനോട് അവര്‍ സംസാരിച്ചിരുന്നത് എന്നെ പൊലീസ് കസ്റ്റഡിയില്‍നിന്ന് ജയിലിലേക്ക് മാറ്റുന്നതിനെക്കുറിച്ചായിരുന്നുവെന്ന് പിന്നീടറിഞ്ഞു. എന്നെ ബസ്സില്‍ കോടതിമുറിയില്‍ നിന്ന് പുറത്തേക്കു കൊണ്ടുപോയി. ആ അഭിഭാഷകന്‍ ബസ്സില്‍ ഞാനിരുന്ന ഭാഗത്തേക്കു വന്ന്, “”പേടിക്കേണ്ട, നിങ്ങള്‍ പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു”” എന്നു പറഞ്ഞു. ഇനി നിങ്ങളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനാണ് തീരുമാനം. അതു പറഞ്ഞ് അദ്ദേഹം പോയി.

എന്താണ് ജുഡീഷ്യല്‍ കസ്റ്റഡിയെന്ന് ഞാന്‍ വനിതാ പൊലീസിനോടു ചോദിച്ചു. അത് ജയിലാണെന്ന് അവര്‍ പറഞ്ഞു. എനിക്ക് ഭയം കൂടിയതേയുള്ളൂ. പഴയ പൊലീസ് സ്റ്റേഷനിലേക്ക് എന്നെ കൊണ്ടുപോയി. ഉച്ചഭക്ഷണം അവിടെവെച്ചായിരുന്നു. വാഴയിലയില്‍ പൊതിഞ്ഞ പഴയ രുചിയില്ലാത്ത അതേ ഭക്ഷണംതന്നെ. ജയിലിലേക്കു പോകുകയായിരുന്നതിനാല്‍ നന്നായി ഭക്ഷണം കഴിക്കണമെന്ന് വനിതാ പൊലീസുകാര്‍ ഉപദേശിച്ചു.

ഓ അല്ലാഹ്… എന്താണ് സംഭവിക്കുന്നത്. ഞാനൊരു ഊര്‍ജസ്വലയായ യുവതിയല്ല. 50 വയസ്സുള്ള വളരെ ദുര്‍ബലയായ സ്ത്രീയാണ്. നിനക്കറിയില്ലേ ശാരീരിക മര്‍ദ്ദനങ്ങള്‍ ഏല്‍ക്കാനുള്ള ശേഷി എനിക്കില്ലെന്ന്. ബന്ധുക്കളോ സുഹൃത്തുക്കളോ സഹായത്തിനില്ലാത്ത ഈ ആപത്തില്‍നിന്ന് എന്നെ രക്ഷിക്കണേ…

ഭക്ഷണം കഴിഞ്ഞ് ഒരുപാട് നേരം കഴിഞ്ഞപ്പോള്‍ എന്നെ കോടതി കെട്ടിടത്തിലേക്കുതന്നെ തിരികെക്കൊണ്ടുപോയി. ഇത്തവണ കെട്ടിടത്തിന്റെ മറ്റൊരു ഭാഗത്തേക്കായിരുന്നു കൊണ്ടുപോയത്. പഴയതും ജീര്‍ണിച്ചതുമായ ഒരു കെട്ടിടമായിരുന്നു അത്. അതിന്റെ മുകള്‍ത്തട്ട് പൊടിപിടിച്ചതും ചിലന്തിവല നിറഞ്ഞതുമായിരുന്നു.

 

വര്‍ഷങ്ങളായി അത് വൃത്തിയാക്കിയിട്ടില്ലെന്നു തോന്നും ആ പരിസരം കണ്ടാല്‍. ഓഫീസായി ഉപയോഗിക്കുന്ന വലിയ ഒരു ഹാളിലേക്കായിരുന്നു എന്നെ കൊണ്ടുപോയത്. അവിടെ ഓരോ ഭാഗത്തും നിരവധി എഴുത്തുമേശയുണ്ടായിരുന്നു. അതില്‍ കുറെ തടിച്ച പുസ്തകങ്ങളും. ആ പുസ്തകങ്ങളില്‍ ആളുകള്‍ തിരക്കുപിടിച്ച് എന്തൊക്കെയോ എഴുതുന്നുമുണ്ട്. വളരെ പഴക്കംചെന്നതും വൃത്തിഹീനവുമായിരുന്നു ആ പുസ്തകങ്ങളും.

തകരത്തിന്റെ മേല്‍ക്കൂരയില്‍ കനത്തമഴത്തുള്ളികള്‍ വീണു ചിതറുംപോലെ, തുരുമ്പിച്ച പഴയൊരു ടൈപ്പ് റൈറ്ററിന്റെ ശബ്ദം ആ കെട്ടിടത്തിലുടനീളം മുഴങ്ങിക്കേട്ടു. അതിലൊരു എഴുത്തുമേശയ്ക്കു സമീപം ഇരുന്നയാളുടെ അടുത്തേക്ക് എന്നെ കൊണ്ടുപോയി. എന്നെ തിരിച്ചറിയാന്‍ എന്തെങ്കിലും അടയാളമുണ്ടോ എന്നു പരിശോധിച്ചു.

എന്റെ ഇടതു കണങ്കാലിന്റെ മുകളിലായുള്ള മുറിവടയാളവും കൈയിലെ കാക്കപ്പുള്ളിയും പുസ്തകത്തില്‍ രേഖപ്പെടുത്തി. ആ സമയത്ത് എന്നെ വല്ലാത്ത ഭയം ഗ്രസിച്ചു. എന്നെ കൊന്നുകളയാന്‍ കൊണ്ടുപോവുകയാണോ എന്നുതോന്നി. എല്ലാം ആ ബുക്കിലെഴുതിവെച്ചതിനും എന്റെകൂടെയുണ്ടായിരുന്ന ഓഫീസര്‍മാര്‍ക്ക് നല്‍കിയ ഫോം പൂരിപ്പിച്ചതിനുംശേഷം എന്നെ ബസ്സില്‍ കയറ്റി എങ്ങോട്ടോ കൊണ്ടുപോയി.

തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെത്തിയപ്പോള്‍ എന്നെ അവിടത്തെ ഓഫീസിലേക്കു കൊണ്ടുപോയി. ഒരു മണിക്കൂറോളം അവിടെ കാത്തുനിന്നു. അതു കഴിഞ്ഞ് മുതിര്‍ന്ന ഓഫീസര്‍ എന്നു തോന്നിക്കുന്ന ഒരാള്‍ അവിടേക്കു വന്നു. സാധാരണ വേഷത്തിലായിരുന്നു അദ്ദേഹം. ഗാര്‍ഡ് സല്യൂട്ട് ചെയ്തപ്പോള്‍ പ്രത്യഭിവാദ്യം ചെയ്ത് അദ്ദേഹം അടുത്തുള്ള പീഠത്തിലിരുന്നു. പിന്നീട് ആ വലിയ പുസ്തകത്തില്‍ എഴുതാന്‍ തുടങ്ങി. അവിടത്തെ വനിതാജയിലില്‍ സ്ഥലമില്ലാത്തതിനാല്‍ എന്നെ തിരുവനന്തപുരത്തെ വനിതാജയിലിലേക്കയയ്ക്കാന്‍ നിര്‍ദേശം നല്‍കി.

 

എന്നെ ബസ്സിലേക്കു കൊണ്ടുപോയി. ഗാര്‍ഡുകളും ജയിലിലെ അന്തേവാസികളും മറ്റും എന്നെ അദ്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു. ഇടുങ്ങിയ വഴികളിലൂടെ ഒരു മണിക്കൂറോളം യാത്രചെയ്ത് ഞങ്ങള്‍ ജയിലിനടുത്തെത്തി. ഒരു ഗ്രാമീണമേഖലപോലെ തോന്നിച്ചു അവിടം. മെയിന്റോഡിനരികെ ജയിലിന്റെ കവാടത്തില്‍ “വനിതാ ജയില്‍” എന്നു ബോര്‍ഡ് വെച്ചിരുന്നു.

ജയിലിന്റെ വലിയ ഇരുമ്പുഗേറ്റ് അടച്ചിട്ടിരുന്നു. ബസ് ഗേറ്റിനടുത്തു നിര്‍ത്തി ഹോണടിച്ചപ്പോള്‍, ഗേറ്റ് തുറന്നു. ബസ് ഉള്ളിലേക്കു കടന്നു. ജയിലിന്റെ മുന്‍ഭാഗത്തു നിര്‍ത്തി. ജയിലിന്റെ ഒരു വശം വരാന്തയായിരുന്നു. ബാംഗ്ലൂരില്‍നിന്ന് തിരുവനന്തപുരത്തെത്തിച്ച് ദിവസങ്ങളോളം ചോദ്യംചെയ്ത്, തികച്ചും നീതിയുക്തമല്ലാത്ത രീതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കിയതിനുശേഷം എന്നെ ജയിലിലടച്ചു.

തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിന്റെ അത്ര വലുതല്ല, നെയ്യാറ്റിന്‍കര വനിതാ ജയില്‍. ബസ്സില്‍നിന്നിറങ്ങി ബാഗ് സഹിതം എന്നെ അവിടത്തെ ഓഫീസ് ആണെന്നു തോന്നിക്കുന്ന ഇടത്തേക്കു കൊണ്ടുപോയി. ഓഫീസിലെ കസേരയില്‍ സാരി ധരിച്ച ഒരു മധ്യവയസ്‌ക ഇരിക്കുന്നുണ്ടായിരുന്നു. എന്നെ സംബന്ധിക്കുന്ന എല്ലാ രേഖകളും വനിതാഓഫീസര്‍മാര്‍ അവര്‍ക്കു കൈമാറി. തന്റെ മുന്നിലുണ്ടായിരുന്ന തടിച്ച ബുക്കില്‍ അവര്‍ എന്തൊക്കെയോ കുറിച്ചു. എന്നെ ജയിലില്‍ കൊണ്ടുവിട്ടതിനുശേഷം വനിതാ പൊലീസുകാര്‍ പോയി.

പച്ച ബോര്‍ഡറുള്ള വെള്ള സാരി ധരിച്ച രണ്ടു സ്ത്രീകള്‍ നേരത്തേ ഓഫീസില്‍ കണ്ട സ്ത്രീയുടെ സമീപത്തേക്കു വന്നു. അതവരുടെ യൂണിഫോം ആയിരുന്നു. അവര്‍ മൂന്നുപേരും എന്നെയുംകൊണ്ട് ആ ഇരുമ്പുഗേറ്റ് ലക്ഷ്യമാക്കി നടന്നു. ഗേറ്റ് തുറന്നശേഷം എന്നോട് ഉള്ളിലേക്കു കയറാന്‍ പറഞ്ഞു. തടവുകാരെ പാര്‍പ്പിക്കുന്ന സ്ഥലമായിരുന്നു അത്. അവിടെയുണ്ടായിരുന്ന സ്ത്രീകള്‍ എന്നെ തുറിച്ചുനോക്കി.

വെള്ള നിറത്തിലുള്ള ബ്ലൗസും മുണ്ടുമായിരുന്നു അവരുടെ വേഷം. അതേ നിറത്തിലുള്ള ടവല്‍ പോലുള്ള ചെറിയ തുണികൊണ്ട് അവര്‍ മാറുമറച്ചിരുന്നു. സ്ത്രീ തടവുകാരായിരുന്നു അത്. അവരുടെ യൂണിഫോമായിരുന്നു അത്.

ആ ഇരുമ്പുഗേറ്റിന്റെ വലതുഭാഗത്തായി വാതിലില്ലാത്ത ചെറിയ മുറി കാണിച്ചുതന്നു. ആ മുറി നിറയെ വസ്ത്രം നെയ്യാനുള്ള യന്ത്രങ്ങളായിരുന്നു. എന്റെ വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടു. ഞാനെന്റെ വസ്ത്രങ്ങള്‍ ഓരോന്നായി അഴിച്ചുമാറ്റി. അതിനുശേഷം അവര്‍ തന്ന വസ്ത്രം ധരിക്കാന്‍ ആവശ്യപ്പെട്ടു. അവരെന്റെ ബാഗിലുള്ളതോരോന്നായി പുറത്തെടുത്തു സസൂക്ഷ്മം പരിശോധിച്ചു.

ധരിച്ചിരുന്ന വസ്ത്രം കൂടാതെ അവരെനിക്ക് വെള്ള നിറത്തിലുള്ള മുണ്ടുംബ്ലൗസും ടവലും സോപ്പും ടൂത്ത്പേസ്റ്റും ബ്രഷും തന്നു. ഞാന്‍ അപേക്ഷിച്ചപ്പോള്‍ നിസ്‌കരിക്കാനുള്ള പായയും ഖുര്‍ആന്‍ പ്രതിയും അവര്‍ തന്നു. ആ സമയത്ത് റിസ്റ്റ് വാച്ചും ലോക്കറ്റോടു കൂടിയ ചെറിയ ചെയിനും ഞാന്‍ ധരിച്ചിരുന്നു. അവര്‍ അതും ഊരി വാങ്ങിച്ചു. 10 അടി വീതിയുള്ള നീണ്ട വഴിയിലൂടെ എന്നെ കൊണ്ടുപോയി. വഴിയുടെ ഇരുഭാഗത്തും തടവുകാരുടെ സെല്ലുകളായിരുന്നു.

വഴി അവസാനിച്ചത് എട്ടടി വീതിയുള്ള വരാന്തയിലേക്കായിരുന്നു. അതിനു പിറകില്‍ നിരവധി സെല്ലുകളുണ്ട്. ജയില്‍ഗാര്‍ഡുകളിലൊരാള്‍ ചുവരില്‍ തൂക്കിയിട്ടിരുന്ന താക്കോല്‍ക്കൂട്ടമെടുത്ത് ഞങ്ങള്‍ക്കൊപ്പം വന്ന് ഞങ്ങള്‍ വന്നവഴിക്ക് അഭിമുഖമായുള്ള സെല്ലിന്റെ കൂറ്റന്‍ ഇരുമ്പുഗേറ്റ് തുറന്നു. അതാണെന്റെ മുറിയെന്ന് സാരി ധരിച്ച സ്ത്രീ പറഞ്ഞു.

 

ഞാന്‍പതുക്കെ ആ സെല്ലിലേക്കു കടന്നു. ഒമ്പതടി നീളവും ആറടി വീതിയു മുള്ള ഒരു മുറി. ആ ഇരുമ്പുഗേറ്റ് ഒഴികെ ജനാലയോ വാതിലോ ഒന്നും ആ മുറിക്കുണ്ടായിരുന്നില്ല. ഒരു ബ്ലാങ്കറ്റും കുറച്ചു വസ്ത്രങ്ങളും ഗാര്‍ഡുകളിലൊരാള്‍ എനിക്കു തന്നു. ചെറിയ വെള്ളപ്പാത്രം, ഭക്ഷണം കഴിക്കാനുള്ള രണ്ട് അലുമിനിയം പാത്രം, വെള്ളം കുടിക്കാനുള്ള അലുമിനിയത്തിന്റെ പാത്രം എന്നിവയും തന്നു.

അന്നത്തെ രാത്രിഭക്ഷണത്തിന്റെ സമയം കഴിഞ്ഞതിനാല്‍ ഓഫീസര്‍മാര്‍ക്കുള്ള ഭക്ഷണത്തില്‍നിന്ന് നല്കാമെന്ന് എന്നോടു പറഞ്ഞു. അതിനുശേഷം പുറത്തുനിന്ന് ഗേറ്റു പൂട്ടി അവര്‍ പോയി. ഞാനാ മുറിയുടെ മൂലയില്‍ ബ്ലാങ്കറ്റ് വിരിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ എനിക്കു ചെറിയൊരു പാത്രത്തില്‍ ചോറും മീന്‍കറിയും തന്നു. അതില്‍നിന്ന് കുറച്ചു കഴിച്ചശേഷം പാത്രം ഗാര്‍ഡിനു തിരികെക്കൊടുത്തു. സെല്ലിന്റെ ഗേറ്റു പൂട്ടി അവര്‍ പോയി.

ആ സെല്ലിന് 10 അടി ഉയരമുണ്ട്. മുറിയുടെ മൂലയ്ക്കായി രണ്ടോ മൂന്നോ അടി മാത്രം വലിപ്പമുള്ള ഒരു ബാത്ത്റൂമും ഉണ്ട്. ഇരുമ്പു ടാപ്പിനു കീഴെ ഇരുമ്പു ബക്കറ്റും. പകുതി മറച്ച നിലയിലായിരുന്നു അതിന്റെ വാതില്‍. അതിരാവിലെ മാത്രമേ ടാപ്പില്‍ വെള്ളമുണ്ടാവുക
യുള്ളൂ എന്ന് എന്നോടു പറഞ്ഞു. സൂര്യാസ്തമയമായിരുന്നു. ഒരു ഗാര്‍ഡ് എന്റെ സെല്ലിനു പുറത്തു കാവലുണ്ടായിരുന്നു. സമയം എന്തായിക്കാണുമെന്ന് അവരോടു ചോദിച്ചു. നമസ്‌കാരസമയം ആയോ എന്നറിയാനായിരുന്നു അത്. വരാന്തയിലുണ്ടായിരുന്ന ബള്‍ബായിരുന്നു സെല്ലിലേക്കു വെളിച്ചം നല്‍കിയത്. ഞാന്‍ ബാത്ത്റൂമിലേക്കു പോയി.

അഴുക്കുവെള്ളത്തില്‍നിന്ന് മലിനജലം പുറത്തുപോകാനുള്ള ദ്വാരത്തിലൂടെ കൂറകള്‍ അകത്തേക്കു വരുന്നതും പുറത്തേക്കുപോകുന്നതും കണ്ടു. അവയുടെ പിന്‍ഭാഗം തിളങ്ങുന്നുണ്ടായിരുന്നു. ആ ജീവികളെ നോക്കിനില്‍ക്കെ എനിക്കും ആ ദ്വാരം വഴി രക്ഷപ്പെടാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോയി. ടോയ്ലറ്റില്‍ പോയപ്പോഴും ഗാര്‍ഡ് എന്നെ സസൂക്ഷ്മം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഞാന്‍ ബ്ലാങ്കറ്റിലേക്കു കിടന്നു.

നാനാവിധത്തിലുള്ള ജീവികള്‍ സെല്ലില്‍ നിന്നുപോകുന്നത് കണ്ടു. ജീവിതത്തിലൊരിക്കല്‍പോലും കണ്ടിട്ടില്ലാത്ത ജീവികളും അക്കൂട്ടത്തിലുണ്ടായിരുന്നു. നേരത്തേ എനിക്കു നല്കിയിരുന്ന വസ്ത്രം ഉപയോഗിച്ച് തലവഴി മൂടി. എനിക്ക് ഉറക്കം വന്നില്ല. ഒരു കഷണം തുണികൊണ്ടു മുഖം മറച്ചാല്‍ നിങ്ങള്‍ക്കെങ്ങനെ ഉറങ്ങാന്‍ കഴിയും. വസ്ത്രം മുഖത്തുനിന്നു മാറ്റി ഞാന്‍ കണ്ണടച്ചു കിടന്നു. വിലങ്ങ് കട്ടിലില്‍ ബന്ധിപ്പിച്ച് 14 ദിവസം കിടന്നുറങ്ങിയതിനെ അപേക്ഷിച്ച്, വിലങ്ങില്ലാത്തതിനാല്‍ അന്നെനിക്ക് കുറച്ചാശ്വാസം തോന്നി.

നേരത്തേ കണ്ട ഗാര്‍ഡും എന്റെ സെല്ലിനു മുന്നിലിരുന്ന ഗാര്‍ഡിന്റെ അടുത്തേക്കു വന്നു. എന്റെ സെല്ലിനരികിലായി കസേര വലിച്ചിട്ട് അവരി രുന്നു. തുടര്‍ന്ന് അവര്‍ രണ്ടുപേരും ഉച്ചത്തില്‍ സംസാരം തുടങ്ങി. ഞാനെങ്ങനെ ഉറങ്ങും. എന്റെ സെല്ലിനു തൊട്ടടുത്ത ഇരുമ്പുഗേറ്റിനടുത്താണ് അവര്‍ ഇരിക്കുന്നത്. ഞാന്‍ കരുതിയത് ഒരു തരത്തിലും ഉറങ്ങാന്‍ കഴിയില്ലെന്നാണ്. ഒരുപാട് ദിവസമായി നന്നായി ഉറങ്ങാന്‍ കഴിയാത്തതിനാല്‍ എനിക്ക് നല്ല ക്ഷീണമുണ്ടായിരുന്നു. എങ്ങനെ ഉറക്കത്തിലേക്കു വഴുതിയെന്ന് എനിക്കറിയില്ലായിരുന്നു. വലിയൊരു ശബ്ദം കേട്ടാണ് ഉണര്‍ന്നത്. എന്താണ് സംഭവിച്ചതെന്ന് ഞാന്‍ അദ്ഭുതപ്പെട്ടു.

ടോയ്ലറ്റില്‍നിന്നായിരുന്നു ആ ശബ്ദം കേട്ടത്. ടാപ്പില്‍ വെള്ളം വരുന്നതിന്റെ കോലാഹലമായിരുന്നു അത്. ടാപ്പില്‍ നിന്ന് കുമ്മായക്കൂട്ടിന്റെ നിറത്തിലുള്ള വെള്ളത്തുള്ളികള്‍ തെറിച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ വെള്ളത്തിന്റെ വരവു നിലച്ചു. തൊട്ടടുത്ത സെല്ലില്‍നിന്ന് ആരോ വെള്ളം ദേഹത്തു കോരിയൊഴിക്കുന്ന ശബ്ദം കേട്ടു. സമയമെന്തായെന്ന് ഞാന്‍ ഗാര്‍ഡിനോടു ചോദിച്ചു. അവര്‍ക്ക് ഇംഗ്ലിഷില്‍ സംസാരിക്കാന്‍ അറിയില്ലായിരുന്നു. ഞാന്‍ ആംഗ്യം കാണിച്ചപ്പോള്‍ അവര്‍ കൈയിലെ വാച്ച് കാണിച്ചുതന്നു. പുലര്‍ച്ചെ 3.30 ആയിരുന്നു അപ്പോള്‍. ഒരുപാട് സമയം ബാക്കിയുള്ളതായി എനിക്കു തോന്നി.

 

അഞ്ചുമണിയായാല്‍ മാത്രമേ എനിക്കു പ്രഭാത നമസ്‌കാരം നിര്‍വഹിക്കാനാവൂ. തൊട്ടടുത്തുനിന്ന് വെള്ളം വീഴുന്നതിന്റെ ശബ്ദം കേട്ടപ്പോള്‍ എനിക്കുറക്കം വന്നില്ല. ഗാര്‍ഡുകള്‍ കുളിക്കുന്ന ശബ്ദമായിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ ഗാര്‍ഡുകളിലൊരാള്‍ എന്നെ കടന്നുപോയി. അവരുടെ മുടിയില്‍നിന്ന് വെള്ളം ഇറ്റുവീഴുന്നുണ്ടായി രുന്നു. കൈയില്‍ ഒരു തോര്‍ത്തും ലൈഫ്ബോയ് സോപ്പും ഉണ്ടായി രുന്നു. അഞ്ചുമണിയായപ്പോള്‍ ഞാനും എഴുന്നേറ്റു. ടോയ്ലറ്റില്‍ പോയി അംഗശുദ്ധി വരുത്തി പ്രഭാതപ്രാര്‍ഥന നിര്‍വഹിച്ചു. ഏതാണ്ട് ആറുമണിയായപ്പോള്‍ എല്ലാ തടവുകാരും പ്ലേറ്റും ഗ്ലാസ്സുമെടുത്ത് എന്റെ സെല്ലിനു മുന്നിലെ ഇടുങ്ങിയ വഴിയില്‍ കൊണ്ടുവെക്കാന്‍ തുടങ്ങി. എന്താണ് സംഭവമെന്നോര്‍ത്ത് ഞാന്‍ അദ്ഭുതംകൂറി. കുറച്ചു കഴിഞ്ഞപ്പോള്‍, ഭക്ഷണം നിറച്ച വലിയൊരു കണ്ടെയ്നറും കലവുമായി രണ്ടു തടവുകാര്‍ അവിടേക്കെത്തി. അവരുടെ പ്ലേറ്റിലേക്ക് ഭക്ഷണം വിളമ്പാന്‍ തുടങ്ങി. മറ്റു തടവുകാര്‍ക്ക് ഭക്ഷണം വിളമ്പിക്കഴിഞ്ഞപ്പോള്‍ അവരെന്നെ നോക്കി. അവര്‍ വല്ലാതെ ഭയന്നതുപോലെ തോന്നി.

പെട്ടെന്ന് എന്റെ സെല്ലിനു മുന്നില്‍നിന്ന ഗാര്‍ഡ്, സൂപ്രണ്ട് എന്നുപറഞ്ഞു. നോക്കിയപ്പോള്‍ സാധാരണ സാരി ധരിച്ച ഒരു സ്ത്രീനടന്നുവരുന്നു. അവര്‍ക്കു പിന്നിലായി യൂണിഫോം ധരിച്ച രണ്ട് ഗാര്‍ഡുമാരും. സാരി ധരിച്ച സ്ത്രീയായിരുന്നു ജയില്‍ സൂപ്രണ്ട്. അവരെന്റെ സെല്ലിനു മുന്നിലെത്തി. അവര്‍ക്കു പിന്നിലായിവന്ന ഗാര്‍ഡുകളുടെ കൈയില്‍ പാത്രങ്ങളുണ്ടായിരുന്നു. സെല്ലു തുറന്ന ഗാര്‍ഡ് ഭക്ഷണത്തിനാ യുള്ള പാത്രങ്ങള്‍ പുറത്തേക്കു വെക്കാന്‍ പറഞ്ഞു. ഞാന്‍ പാത്രം സെല്ലിനു വെളിയിലേക്കുവെച്ചപ്പോള്‍ അവരതില്‍ മൂന്നു ഗോതമ്പുണ്ടയും കാന്താരിമുളക് ചമ്മന്തിയും വിളമ്പി.

വെള്ളം കുടിക്കാനായി തന്നപാത്രത്തിലേക്ക് ചായയും ഒഴിച്ചു. എങ്ങനെയുണ്ടെന്ന് സൂപ്രണ്ട് ചോദിച്ചു. നന്നായിരിക്കുന്നുവെന്ന് ഞാന്‍ മറുപടി പറഞ്ഞു. കുളിച്ചോ എന്നു ചോദിച്ചപ്പോള്‍ ഞാന്‍ ഇല്ലെന്നു പറഞ്ഞു. എല്ലാ ദിവസവും കുളിക്കണമെന്ന് ഉപദേശം നല്‍കി അവര്‍ പോയി. സെല്ല് പുറത്തുനിന്നു പൂട്ടി. ഞാന്‍ ഭക്ഷണവുമായി തറയിലിരുന്ന് കഴിക്കാന്‍ ശ്രമിച്ചു. ബുള്ളറ്റു
പോലുള്ള ഗോതമ്പുണ്ടയ്ക്ക് രുചിയേ ഉണ്ടായിരുന്നില്ല. പാലും പഞ്ചസാരയും ചേര്‍ത്തിട്ടും ചായയും കൊള്ളില്ല. എന്റെ കവിളിലൂടെ കണ്ണീരൊഴുകി. തൊണ്ടയില്‍ എന്തോ കുരുങ്ങിക്കിടക്കുന്നതുപോലെ. ഭക്ഷണം കഴിക്കാന്‍ കഴിയാതെ ഞാന്‍ എഴുന്നേറ്റു.

പുസ്തകം: വിധിക്കു ശേഷം ഒരു (ചാര) വനിതയുടെ വെളിപ്പെടുത്തലുകള്‍
എഴുത്ത് : ഫൗസിയ ഹസന്‍
വിവര്‍ത്തനം: ആര്‍.കെ ബിജുരാജ്, പി. ജസീല
കവര്‍ ഡിസൈന്‍: വിശാഖ് രാജ്
പ്രസാധകര്‍ : ഡി.സി ബുക്‌സ്
വില: 260 രൂപ