ഗസ: ഗസയിൽ വൈദ്യചികിത്സക്കായി കാത്തുനിന്ന പത്ത് കുട്ടികളെ കൊലപ്പെടുത്തി ഇസ്രഈൽ. ദേർ അൽ-ബലാഹിലെ ഒരു ക്ലിനിക്കിന് പുറത്ത് ചികിത്സക്കായി കാത്തുനിൽക്കുന്നവർക്ക് നേരെ ഇസ്രഈലി സൈന്യം നടത്തിയ ആക്രമണത്തിൽ 10 കുട്ടികൾ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു.
വൈദ്യസഹായത്തിനായി കാത്ത് നിന്നവർക്ക് നേരെ ഇസ്രഈൽ സേന ക്രൂരമായ ആക്രമണം നടത്തിയെന്ന് ഗസയിലെ മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്ലിനിക്കിലെ പ്രവർത്തനങ്ങൾ നിർത്തിവച്ചതായി ആശുപത്രി നടത്തുന്ന എൻ.ജി.ഒ പ്രോജക്ട് ഹോപ്പ് അറിയിച്ചു.
‘ വരിയിൽ നിന്ന നിരപരാധികളായ കുടുംബങ്ങൾ നിഷ്കരുണം ആക്രമിക്കപ്പെട്ടു. ഇത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്,’ എൻ.ജി.ഒയുടെ ചീഫ് എക്സിക്യൂട്ടീവ് റാബിഹ് ടോർബെ പറഞ്ഞു.
‘ഞങ്ങളുടെ തെറ്റ് എന്തായിരുന്നു? ഞങ്ങളുടെ കുട്ടികളുടെ തെറ്റ് എന്തായിരുന്നു? ഒരു അമ്മ തന്റെ കുട്ടിയെ നിലത്ത് കെട്ടിപ്പിടിക്കുന്നത് ഞാൻ കണ്ടു. രണ്ടുപേരും തൽക്ഷണം കൊല്ലപ്പെട്ടു,’ ആശുപത്രിയിലുണ്ടായിരുന്ന 35 വയസുള്ള മുഹമ്മദ് അബു ഔദ പറഞ്ഞു.
ഇന്നലെ മാത്രം ഇസ്രഈലി ആക്രമണത്തിൽ 67 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം ഗസയിലെ ഫലസ്തീനികള്‍ക്കെതിരായ യുദ്ധത്തില്‍ അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 10 മടങ്ങ് വര്‍ധിച്ചതായി മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്സ്/ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് റിപ്പോര്‍ട്ട് പുറത്തുവിട്ടു. ഒരു മാസത്തിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ മരണനിരക്ക് ആറ് മടങ്ങായി ഉയര്‍ന്നതായും റിപ്പോര്‍ട്ട് പറയുന്നു.
2023 ഒക്ടോബര്‍ ഏഴ് മുതല്‍ സര്‍വേയില്‍ പങ്കെടുത്ത രണ്ട് ശതമാനത്തിലധികം ഫലസ്തീനികളും മരിച്ചതായാണ് എം.എസ്.എഫ് പറയുന്നത്. ഏഴ് ശതമാനം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സ്‌ഫോടനങ്ങളിലാണ് ഭൂരിഭാഗം ഫലസ്തീനികളും കൊല്ലപ്പെട്ടിരിക്കുന്നത്.
ഫലസ്തീന്‍ ജീവനക്കാരില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് എം.എസ്.എഫ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. ജീവനക്കാരില്‍ 48 ശതമാനം പേരും വീടുകള്‍ക്ക് നേരെയുണ്ടായ ഇസ്രഈല്‍ ആക്രമണത്തില്‍ മരിച്ചതായാണ് എം.എസ്.എഫ് പറയുന്നത്. ഇതില്‍ 40 ശതമാനവും കുട്ടികളായിരുന്നു. ഭൂരിഭാഗവും പത്ത് വയസിന് താഴെയുള്ളവര്‍.
ഗസയില്‍ പ്രതിദിനം 10,000 പേരില്‍ 0.41 ശതമാനം ആളുകള്‍ മരിക്കുന്നുണ്ടെന്നും സര്‍വേയില്‍ കണ്ടെത്തി. അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ 0.70 ശതമാനം മരണനിരക്കുമാണ് രേഖപ്പെടുത്തുന്നത്. ഇക്കാലയളവില്‍ ഗസയിലെ സാധാരണമായ മരണകേസുകളിലും ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്.
Content Highlight: Israeli strike kills at least 10 children queueing for medical treatment in Gaza