വെസ്റ്റ് ബാങ്കിലെ അധിനിവേശ പ്രദേശങ്ങള്‍ ഇസ്രഈല്‍ ദേശീയ സ്വത്തായി രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ഫലസ്തീനികളെ ലക്ഷ്യമിട്ടുള്ള ഇസ്രഈലി കുടിയേറ്റക്കാരുടെ ക്രൂരതകള്‍.
അനധികൃതമായി വെസ്റ്റ് ബാങ്കില്‍ കടന്നുകൂടിയ ഇസ്രഈലി കുടിയേറ്റക്കാര്‍ ടെല്‍ ഗ്രാമത്തിലെ മസ്ജിദിന് തീവെക്കാന്‍ ശ്രമിച്ചതായി ഫലസ്തീന്‍ മതകാര്യ മന്ത്രാലയം പറഞ്ഞു. തീപിടുത്തത്തില്‍ പള്ളിക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ആക്രമണത്തില്‍ പള്ളിയില്‍ ഉണ്ടായിരുന്ന ഏതാനും പരവതാനികള്‍ കത്തിനശിച്ചിട്ടുണ്ടെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ചുവരുകളിലേക്കും വാതിലുകളിലേക്കും തീപടര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
തീവെപ്പ് സംബന്ധിച്ച റിപ്പോര്‍ട്ടുകളും ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ടെന്ന് ഇസ്രഈല്‍ സൈന്യം അറിയിച്ചു. സംഭവസ്ഥലത്തേക്ക് ഉദ്യോഗസ്ഥരെ അയച്ചതായും ഐ.ഡി.എഫ് പറഞ്ഞു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സൈന്യം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം വെസ്റ്റ് ബാങ്കില്‍ പള്ളികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ദിനംപ്രതി വര്‍ധിക്കുകയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം 45 ആക്രമണങ്ങളാണ് മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ ദിവസം ഇസ്രഈലി കുടിയേറ്റക്കാര്‍ നടത്തിയ വെടിവെപ്പില്‍ ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിലൊരാള്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
നബ്‌ലസിന് കിഴക്കുള്ള ബെയ്റ്റ് ഫുറിക് പട്ടണത്തില്‍ രണ്ട് ഇസ്രഈലി സൈനികര്‍ ചേര്‍ന്ന് ഒരു ഫലസ്തീന്‍ യുവാവിനെ വാഹനത്തിനുള്ളില്‍ വെച്ച് ആക്രമിക്കുന്ന ദൃശ്യങ്ങളും ഇന്നലെ (ഞായര്‍) പുറത്തുവന്നിരുന്നു.
കണക്കുകള്‍ പ്രകാരം, വെസ്റ്റ് ബാങ്കിലെ സെറ്റില്‌മെന്റുകളിലും ഔട്ട്‌പോസ്റ്റുകളിലുമായി 500,000ത്തിലധികം ഇസ്രഈലികള്‍ താമസിക്കുന്നുണ്ട്. ഇവര്‍ അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായി കുടിയേറിയവരാണ്.
Content Highlight: Israeli settlers set fire to mosque gate in West Bank