അത്യാവശ്യമായ മെഡിക്കൽ വസ്തുക്കൾ ഇസ്രഈൽ ഗസയിലേക്ക് കടത്തിവിടാത്തതിനാൽ സ്ഥിതി വളരെ മോശമാണെന്ന് ഫലസ്തീനിലെ ഡോക്ടർമാർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
‘അവശ്യ മരുന്നുകളുടെ പട്ടികയിൽ സ്റ്റോക്കില്ലാത്ത ഇനങ്ങളുടെ എണ്ണം 321 ആണ്. 52 ശതമാനം കുറവിനെയാണ് ഇത് കാണിക്കുന്നത്,’ ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
മെഡിക്കൽ കൺസ്യൂമർ പട്ടികയിൽ സ്റ്റോക്കില്ലാത്ത ഇനങ്ങളുടെ എണ്ണം 710 ആണ്. ഇതുപ്രകാരം 71 ശതമാനമാണ് ക്ഷാമം. ലബോറട്ടറി പരിശോധനകളിലെയും ബ്ലഡ് ബാങ്കിലേയും ക്ഷാമ നിരക്ക് 59 ശതമാനത്തിലെത്തിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രണ്ടുലക്ഷം രോഗികൾക്ക് അടിയന്തര പരിചരണവും ഒരുലക്ഷം രോഗികൾക്ക് ശസ്ത്രക്രിയ സേവനങ്ങളും 700 രോഗികൾക്ക് തീവ്ര പരിചരണ സേവനങ്ങളും ഈ ക്ഷാമത്തെ തുടർന്ന് നിഷേധിക്കപ്പെടാൻ സാധ്യതയുണ്ടെന്നും മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറഞ്ഞു.
വൃക്ക, ഓങ്കോളജി, ഓപ്പൺ-ഹാർട്ട് സർജറി, ഓർത്തോപീഡിക് സപ്ലൈസ് എന്നിവയിലെ ക്ഷാമവും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഈ കണക്കുകൾ പ്രകാരം ഗസയിലേക്ക് പ്രവേശിക്കുന്ന മെഡിക്കൽ ട്രക്കുകളുടെ എണ്ണം 30 ശതമാനത്തിൽ താഴെയായി കുറഞ്ഞെന്നും ആവശ്യത്തിന് സാധനങ്ങൾ ലഭ്യമല്ലാത്ത സാഹചര്യം തുടരുന്നതിനാൽ അടിയന്തര ഇടപെടലുകൾ ആവശ്യമാണെന്നും മന്ത്രാലയം അറിയിച്ചു.
Content Highlight: Israeli restrictions continue; Gaza faces medicine shortage, says Health Ministry