ബത്‌ലഹേം: ക്രിസ്മസ് ആഘോഷത്തിനിടെ സാന്തക്ലോസിന്റെ വേഷം ധരിച്ചെത്തിയ ഫലസ്തീൻകാരനെ അറസ്റ്റ് ചെയ്ത് ഇസ്രഈൽ പൊലീസ്. ഹൈഫയിൽ നടന്ന ക്രിസ്മസ് പരിപാടിക്കിടെയാണ് സംഭവം.
ഇസ്രഈൽ പൊലീസ് ആഘോഷപരിപാടി നിർത്തലാക്കാക്കുകയും പരിപാടിക്കുപയോഗിച്ച ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
സാന്താക്ലോസായി വേഷം ധരിച്ച ഫലസ്തീൻകാരനെയും ഒരു തെരുവ് കച്ചവടക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്‌തെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങളും മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
ഫലസ്തീൻ പൗരന്മാർക്കെതിരെ ഇസ്രഈൽ പൊലീസ് അമിതബലപ്രയോഗം നടത്തുകയും സംഗീത ഹാളിൽ നിയമപരമായി അധികാരമില്ലാതെ റെയ്ഡ് നടത്തിയെന്നും ഇസ്രഈലിൽ ഫലസ്തീൻ പൗരന്മാരുടെ സംഘടനയായ മൊസാവ സെന്റർ പറഞ്ഞു.
ക്രിസ്മസ് ദിവസമായിട്ടുപോലും ഫലസ്തീനിൽ ഇസ്രഈൽ ആക്രമണം തുടരുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ഗസയിൽ അവശേഷിക്കുന്ന പല പള്ളികളും ക്രിസ്മസ് പരിപാടികൾ പൂർണ്ണമായും നിർത്തലാക്കിയെന്നും പകരം പള്ളികൾക്കുള്ളിൽ ചെറിയ ഒത്തുചേരലുകളും പ്രാർത്ഥനകളും നടത്തിയെന്നും അൽ ജസീറ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസം ഗസയിൽ നിന്നും ഇസ്രഈൽ പൂർണമായി പിൻവാങ്ങില്ലെന്ന് പ്രതിരോധ മന്ത്രി ഇസ്രഈൽ കാറ്റ്‌സ് പറഞ്ഞിരുന്നു.
‘ഗസയിൽ, ഇസ്രായേൽ ഒരിക്കലും പൂർണ്ണമായും പിൻവാങ്ങില്ല ട്രംപിന്റെ സമാധാന പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് നീങ്ങിയാലും,ഗസയിൽ നിന്നും ഇസ്രഈൽ പൂർണമായി പിൻവാങ്ങില്ല,’ കാറ്റ്സ് പറഞ്ഞു.
വെസ്റ്റ് ബാങ്കിൽ ഇസ്രഈൽ നടത്തുന്ന പുതിയ നിയമവിരുദ്ധ കുടിയേറ്റങ്ങളെ യൂറോപ്യൻ രാജ്യങ്ങളും കാനഡയുമടക്കം 14 രാജ്യങ്ങൾ അപലപിച്ചിരുന്നു.
ഇസ്രഈലിന്റെ ഇത്തരം ഏകപക്ഷീയമായ നടപടികൾ നിയമവിരുദ്ധമാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും രാജ്യങ്ങൾ പറഞ്ഞു.
Content Highlight: Israeli police arrest Palestinian dressed as Santa Claus during Christmas celebrations