ദമാസ്കസ്‍: സിറിയയിലെ തെക്കൻ ഖുനൈത്രയിൽ വീണ്ടും റെയ്ഡ് നടത്തി ഇസ്രഈൽ സൈന്യം.
ബുധനാഴ്ച ഖുനൈത്ര മേഖലയിലെ ഒന്നിലധികം ഗ്രാമങ്ങളിൽ ഇസ്രഈൽ സൈനിക പട്രോളിങ് സംഘം കടന്നു കയറുകയും ചെക്പോസ്റ്റുകൾ സ്ഥാപിക്കുകയും ചെയ്തതായി സിറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
മൂന്ന് വാഹനങ്ങളിലായാണ് ഇസ്രഈലി പട്രോളിങ് സംഘം ബീർ അജാമിന്റെ പ്രവേശനകവാടത്തിൽ നിന്നും തെക്കൻ ഖുനൈത്രയിലെ ബാരിഖ ഗ്രാമത്തിലേക്ക് പോയതെന്ന് സിറിയൻ അറബ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസം സമാനമായി വടക്കൻ ഖുനൈത്രയിലെ റുവൈഹിന, അൽ മുഷ്‌രിഫ, അൽ ആശ ഗ്രാമങ്ങളിലും ഇസ്രഈൽ സൈന്യം റെയ്ഡ് നടത്തിയിരുന്നു.
ഉം അൽ അസാമിന് സമീപം ഒരു താൽക്കാലിക ചെക്ക്‌പോയിന്റ് സ്ഥാപിക്കുകയും ഒരു താമസക്കാരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
സിറിയൻ സർക്കാർ നേരിട്ടുള്ള സൈനിക ഭീഷണി ഉയർത്തിയിട്ടില്ലെങ്കിലും സർക്കാർ കണക്കുകൾ പ്രകാരം, തെക്കൻ സിറിയയിൽ അതിർത്തി കടന്നുള്ള ആക്രമണങ്ങളും വ്യോമാക്രമണങ്ങളും ഇസ്രഈൽ നടത്തിയിട്ടുണ്ട്.
ഇത് സാധാരണക്കാർക്ക് നാശനഷ്ടമുണ്ടാക്കുകയും സൈനിക സൗകര്യങ്ങൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
2024 ഡിസംബർ മുതൽ ഇസ്രഈൽ തെക്കൻ സിറിയൻ മേഖലകളിൽ ആയിരത്തിലധികം വ്യോമാക്രമണങ്ങളും 400ലധികം കരയാക്രമണ നടത്തിയിട്ടുണ്ടെന്നും സിറിയൻ സർക്കാർ കണക്കുകൾ പറയുന്നു.
ഇസ്രഈലിന്റെ റെയ്‌ഡുകളെ കുറിച്ച് ഇസ്രഈൽ സൈന്യമോ സിറിയൻ അധികൃതരോ പ്രതികരിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.