സുരക്ഷാകാരണങ്ങളാൽ നെതന്യാഹുവിന്റെ വിചാരണ നിർത്തിവെയ്ക്കുന്നു; ഉത്തരവിറക്കി ഇസ്രഈൽ കോടതി
World
സുരക്ഷാകാരണങ്ങളാൽ നെതന്യാഹുവിന്റെ വിചാരണ നിർത്തിവെയ്ക്കുന്നു; ഉത്തരവിറക്കി ഇസ്രഈൽ കോടതി
മുഹമ്മദ് നബീല്‍
Tuesday, 21st April 2026, 3:43 pm

ടെൽ അവീവ്: സുരക്ഷാ നയതന്ത്ര കാരണങ്ങളാൽ തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വിചാരണ മാറ്റിവെച്ചു.

ദ ജെറുസലേം പോസ്റ്റാണ് കഴിഞ്ഞദിവസം ഈ വാർത്ത പുറത്തുവിട്ടത്.

നെതന്യാഹുവിന് പകരം മറ്റൊരു സാക്ഷിയെ വിസ്തരിക്കാൻ ജെറുസലേം ജില്ലാ കോടതി ജഡ്ജിമാർ തീരുമാനിച്ചു. ഇതോടെ നെതന്യാഹുവിന്റെ മൊഴി യെടുപ്പ് അടുത്ത ആഴ്ചയിലേക്ക് നീളാനാണ് സാധ്യതയെന്നും ദ ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

കോടതിക്കും പ്രോസിക്യൂഷനും സമർപ്പിച്ച മുദ്രവെച്ച രേഖകളിൽ സുരക്ഷാ നയതന്ത്ര കാരണങ്ങൾ ചൂണ്ടിക്കാട്ടി നെതന്യാഹുവിന്റെ മൊഴി നൽകൽ റദ്ദാക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു ഇതിനെത്തുടർന്നാണ് ഈ തീരുമാനമെന്ന് റിപ്പോർട്ട് പറയുന്നു.

അടിയന്തരമായ സുരക്ഷാ കാരണങ്ങളില്ലെങ്കിൽ, നെതന്യാഹു കോടതിയുടെ സമയക്രമത്തിനനുസരിച്ച് തന്റെ ഷെഡ്യൂൾ ക്രമീകരിക്കണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

കേസ് ഇപ്പോൾ നെതന്യാഹുവിന്റെ മൊഴിയിന്മേലുള്ള ക്രോസ് വിസ്താരത്തിന്റെ ഘട്ടത്തിലാണ്. 2024 ഡിസംബറിലാണ് നെതന്യാഹു കേസിൽ ആദ്യമായി മൊഴി നൽകിയത്. 36 സെഷനുകൾക്ക് ശേഷമാണ് 2025 ജൂണിൽ പ്രോസിക്യൂഷൻ അദ്ദേഹത്തെ ക്രോസ്സ് വിസ്താരം ചെയ്യാൻ തുടങ്ങിയത്.

നെതന്യാഹുവിന്റെ വിചാരണ പ്രധാനമായും ‘കേസ് 4000’ എന്ന കേസിലാണ് കേന്ദ്രീകരിക്കുന്നത്. അനുകൂലമായ മാധ്യമ വാർത്തകൾക്ക് പകരമായി സർക്കാർ തലത്തിൽ വഴിവിട്ട സഹായങ്ങൾ നൽകി എന്ന ആരോപണമാണ് ഈ കേസിനാധാരം. എന്നാൽ നെതന്യാഹു ഈ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്.

1000, 2000, 4000 എന്നിങ്ങനെ അറിയപ്പെടുന്ന മൂന്ന് കേസുകളിലായി കൈക്കൂലി, വഞ്ചന, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങളാണ് നെതന്യാഹു നേരിടുന്നത്. ഈ കേസുകളിൽ 2019 നവംബറിലാണ് പ്രോസിക്യൂട്ടർമാർ കുറ്റപത്രം സമർപ്പിച്ചത്.

വാല്ല ന്യൂസ് വെബ്സൈറ്റിന്റെ മുൻ ഉടമയും ബെസെക് ടെലികമ്മ്യൂണിക്കേഷൻ കമ്പനിയിലെ മുൻ എക്സിക്യൂട്ടീവുമായ ഷൗൾ എലോവിച്ചിന് ഗുണകരമാകുന്ന രീതിയിൽ നെതന്യാഹു സർക്കാർ തീരുമാനങ്ങൾ എടുത്തു എന്നതാണ് കേസ് 4000 ലെ ആരോപണം. ഇതിന് പകരമായി മാധ്യമങ്ങളിൽ തനിക്ക് അനുകൂലമായ വാർത്തകൾ നൽകണമെന്നതായിരുന്നു വ്യവസ്ഥ.

ഈ കേസിലെ വിസ്താരം നടക്കുന്നതിനിടെ 2024 നവംബറിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി ഗസയിലെ മനുഷ്യഹത്യയിൽ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചുരുന്നു.

Content Highlight: Israeli court orders suspension of Netanyahu’s trial due to security reasons

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം