ഗസ ഫ്‌ളോട്ടില്ല പ്രവര്‍ത്തകരുടെ തടവ് നീട്ടി ഇസ്രഈല്‍ കോടതി; കസ്റ്റഡിയില്‍ ക്രൂര പീഡനമെന്ന് റിപ്പോര്‍ട്ട്
World
ഗസ ഫ്‌ളോട്ടില്ല പ്രവര്‍ത്തകരുടെ തടവ് നീട്ടി ഇസ്രഈല്‍ കോടതി; കസ്റ്റഡിയില്‍ ക്രൂര പീഡനമെന്ന് റിപ്പോര്‍ട്ട്
നിഷാന. വി.വി
Monday, 4th May 2026, 11:27 am

ടെഹ്‌റാന്‍: ഗസയിലേക്ക് മാനുഷിക സഹായവുമായി പോയ ഗസ ഫ്‌ളോട്ടില്ലയിലെ ആക്ടീവിസ്റ്റുകളുടെ തടങ്കല്‍ നീട്ടി ഇസ്രഈല്‍ കോടതി.

തടവിലാക്കപ്പെട്ടവരുടെ അഭിഭാഷകനാണ് വിവരം അറിയിച്ചിരിക്കുന്നത്. ഫലസ്തീന്‍ വംശജനായ സെയ്ഫ് അബു കെഷെക് (സ്‌പെയിന്‍), തിയാഗോ ആവില (ബ്രസീല്‍) എന്നിവരെയാണ് അഷ്‌കെലോണിലെ മജിസ്ട്രേറ്റ് കോടതി രണ്ട് ദിവസത്തേക്ക് കൂടി തടവില്‍ വെക്കാന്‍ ഉത്തരവിട്ടത്.

ഇസ്രഈലി തയങ്കലില്‍ പീഡനത്തിനും മോശം പെരുമാറ്റത്തിനും വിധേയനായിട്ടുണ്ടെന്ന് അവില പറഞ്ഞതായി ബ്രസീലിയന്‍ എംബസി അറിയിച്ചു. മെയ് പതിനഞ്ച് വരെയാണ് ആക്ടിവിസ്റ്റുകളുടെ തടങ്കല്‍ നീട്ടിയിരിക്കുന്നതെന്ന് ഇസ്രഈല്‍ കോടതി വക്താവ് സ്ഥിരീകരിച്ചു.

ഇവരുടെ തടങ്കങ്ങള്‍ നിയമവിരുദ്ധമാണെന്ന് കാണിച്ചുകൊണ്ട് ബ്രസീല്‍, സ്‌പെയിന്‍ സര്‍ക്കാരുകള്‍ സംയുക്ത പ്രസ്താവനയിറക്കിയിട്ടുണ്ട്.

ഏപ്രില്‍ 30നായിരുന്നു ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ല ഗസയിലേക്ക് മാനുഷിക സഹായവുമായി പോയത്. ഇതിനെ ഇസ്രഈല്‍ അന്താരാഷ്ട്ര നാവിക സേന അന്താരാഷ്ട്ര ജലപരിധിയില്‍ വെച്ച് തടയുകയായിരുന്നു.

ഹമാസുമായി ബന്ധമുണ്ടെന്ന് ഇസ്രഈല്‍ ആരോപിക്കുന്ന പോപ്പുലര്‍ കോണ്‍ഫറന്‍സ് ഫോര്‍ ഫലസ്തീനിയന്‍സ് അബ്രോഡ് എന്ന സംഘടനയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ്.

യുദ്ധസമയത്ത് ശത്രുവിനെ സഹായിക്കുക, വിദേശ ഏജന്റുമായി ബന്ധപ്പെടുക, ഒരു തീവ്രവാദ സംഘടനയില്‍ അംഗത്വം നേടുകയും സേവനങ്ങള്‍ നല്‍കുകയും ചെയ്യുക, ഒരു തീവ്രവാദ സംഘടനയ്ക്കായി സ്വത്ത് കൈമാറ്റം ചെയ്യുക എന്നീ കുറ്റകൃത്യങ്ങളും ആക്ടീവിസ്റ്റുകള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

എന്നാല്‍ സമാധാനപരമായ രീതിയില്‍ സഹായം എത്തിക്കാന്‍ ശ്രമിച്ചവരെ തടവിലാക്കിയതിലും പീഡിപ്പിക്കുന്നതിലും ലോകമെമ്പാടുമുള്ള മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

Content Highlight: Israeli court extends jail terms of Gaza flotilla activists; Report alleges brutal torture in custody

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.