ടെൽഅവീവ്: ഗസയിൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി യു.എസ് പ്രതിനിധികൾ.
യു.എസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകനും മിഡിൽ ഈസ്റ്റ് ഉപദേഷ്ടാവുമായ ജാരെഡ് കുഷ്നർ എന്നിവരാണ് നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയത്
ട്രംപിന്റെ ഗസ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായുള്ള ആസൂത്രണങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ചർച്ച നടത്തിയതെന്ന് സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞു.
ശനിയാഴ്ച നടന്ന കൂടിക്കാഴ്ചയിൽ വ്യാപകമായ പ്രാദേശിക പ്രശ്നങ്ങൾ ചർച്ച ചെയ്തതായി വിറ്റ്‌കോഫ് കൂട്ടിച്ചേർത്തു.
എന്നാൽ കൂടിക്കാഴ്ചയുടെ കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല.
അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന കടുത്ത പിരിമുറുക്കത്തെയും, കഴിഞ്ഞ ജൂണിൽ ടെഹ്‌റാനെതിരെ നടന്ന 12 ദിവസത്തെ യുദ്ധംപോലെ അമേരിക്കയും ഇസ്രഈലും വീണ്ടും ഇറാനെ ആക്രമിച്ചേക്കുമെന്ന അനുമാനത്തെയും അദ്ദേഹം പരാമർശിക്കുന്നുണ്ടെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
വെടിനിർത്തൽ പ്രാബല്യത്തിൽ ഉണ്ടായിട്ടും ഗസയിൽ ഇസ്രഈൽ ആക്രമണം തുടരുകയാണെന്നും ഒക്ടോബർ 10ലെ കരാറിന് ശേഷം ഇസ്രഈൽ ദിവസേന ലംഘനങ്ങൾ നടത്തികൊണ്ടിരിക്കുകയാണെന്നും മെഡിക്കൽ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷം ഒക്ടോബർ 11 മുതൽ ഇസ്രഈലി ആക്രമണങ്ങളിൽ കുറഞ്ഞത് 484 പലസ്തീനികൾ കൊല്ലപ്പെടുകയും 1,321 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഗസയിലെ ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.
2023 ഒക്ടോബർ 7 മുതൽ ഗസയിൽ ഇസ്രഈലി ആക്രമണങ്ങളിൽ 71,657 പേർ കൊല്ലപ്പെടുകയും 171,399 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രാലയം പറയുന്നു.
Content Highlight: Israeli attacks on Gaza continue; US envoys meet with Netanyahu