| Sunday, 20th July 2025, 7:32 am

ഇന്നലെ മാത്രം ഭക്ഷണം തേടിയെത്തിയ 37 പേരുൾപ്പടെ 116 പേരെ കൊന്നൊടുക്കി ഇസ്രഈൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഗസയിൽ കൂട്ടക്കുരുതി തുടർന്ന് ഇസ്രഈൽ. ഇന്നലെ ( ശനിയാഴ്ച) മാത്രം ഇസ്രഈൽ സേന ഗസയിൽ കൊലപ്പെടുത്തിയത് 116 പേരെയെന്ന് റിപ്പോർട്ട്. ഇതിൽ 37 പേർ ഭക്ഷണം തേടിയെത്തിയവരാണ്.

മരിച്ചവരിലും പരിക്കേറ്റവരിലും പലരും കുട്ടികളും കൗമാരക്കാരുമാണെന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ദൃക്‌സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്ന് മെഡിക്കൽ വൃത്തങ്ങൾ പറഞ്ഞു.

യു.എസിൻ്റേയും ഇസ്രഈലിൻ്റേയും പിന്തുണയുള്ള ഗസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജി.എച്ച്.എഫ് ) നടത്തുന്ന കേന്ദ്രങ്ങളിലേക്ക് നീങ്ങുകയായിരുന്ന ഫലസ്തീനികൾക്ക് നേരെ ഇസ്രഈൽ സേന വെടിയുതിർക്കുകയായിരുന്നു. കൂട്ടമായി സഞ്ചരിക്കുന്നവർക്ക് നേരെ ഇസ്രഈൽ സൈന്യം മുന്നറിയിപ്പില്ലാതെ വെടിയുതിർത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം ഗസ സിറ്റിയിലെ അൽ-ഷിഫ ആശുപത്രിയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞ് പോഷകാഹാരക്കുറവ് മൂലം മരിച്ചതായി ആശുപത്രി ഡയറക്ടർ അൽ ജസീറയോട് പറഞ്ഞു. ഇസ്രഈലിന്റെ ഉപരോധത്തിൽ ഗസയിൽ പട്ടിണി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.

കൂടാതെ അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിനിന് സമീപം ഇന്നലെ ഇസ്രഈൽ സൈന്യം കൊലപ്പെടുത്തിയ 13 വയസുള്ള ഫലസ്തീൻ ബാലനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഡിഫൻസ് ഫോർ ചിൽഡ്രൻ ഇന്റർനാഷണൽ-ഫലസ്തീൻ (ഡി.സി.ഐ.പി) പുറത്തുവിട്ടു. അമർ അലി ഖബയാണ് കൊല്ലപ്പെട്ടത്.

യാബാദ് ഗ്രാമത്തിൽ നിലയുറപ്പിച്ചിരുന്ന സൈന്യത്തിനടുത്ത് കുട്ടി അറിയാതെ എത്തിപ്പെടുകയായിരുന്നു. പിന്നാലെ കുട്ടിക്ക് നേരെ നേരെ ഇസ്രഈൽ സൈന്യം വെടിയുതിർത്തതായി ഡി.സി.ഐ.പി പറഞ്ഞു.

ഖബയുടെ ശരീരത്തിൽ ഏഴ് വെടിയുണ്ടകൾ ഏറ്റു. പിൻഭാഗത്ത് മൂന്ന് വെടിയുണ്ടകളും തുടയിൽ രണ്ടിടത്തും കഴുത്തിലും വയറിലും എന്നിങ്ങനെയാണ് വെടിയേറ്റതെന്ന് സംഘടന പറഞ്ഞു.

തുടർന്ന് കുട്ടിക്കരികിലേക്കെത്തിയ പിതാവിനെ ഇസ്രഈലി പട്ടാളക്കാർ മർദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കുട്ടിക്ക് ചികിത്സ നൽകുന്നതിനായി എത്തിയ ആംബുലൻസിനെ ഇസ്രഈൽ പട്ടാളം  കടത്തിവിട്ടില്ല.

അതേസമയം ഗസ തുറമുഖത്തിന് സമീപം മൂന്ന് മത്സ്യത്തൊഴിലാളികളെ ഇസ്രഈൽ സൈന്യം അറസ്റ്റ് ചെയ്തതായി ഫലസ്തീൻ പ്രിസണേഴ്‌സ് മീഡിയ ഓഫീസ് റിപ്പോർട്ട് ചെയ്തു. ഇസ്രഈൽ സൈന്യം അവരുടെ ബോട്ട് വളഞ്ഞ ശേഷം വെടിയുതിർക്കുകയും അവരെ അറസ്റ്റ് ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.

2007 മുതൽ ഇസ്രഈൽ സൈന്യം ഗസയിൽ നാവിക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. 2023 ഒക്ടോബറിൽ യുദ്ധം ആരംഭിച്ചതിനുശേഷം നാവിക ഉപരോധം കൂടുതൽ ശക്തമായി. ഗസയിലേക്ക് പോകുന്ന എല്ലാ മാനുഷിക സഹായങ്ങളും ഇസ്രഈലി നാവിക കപ്പലുകൾ തടയുകയും വെടിവയ്ക്കുകയും വ്യോമാക്രമണങ്ങൾ നടത്തുകയും ചെയ്തു.

Content Highlight: Israeli attacks kill more than 100 Palestinians, including 37 aid seekers

We use cookies to give you the best possible experience. Learn more