ടെല്‍അവീവ്: ഫലസ്തീന്‍ കുട്ടികളെ മനപൂര്‍വം ലക്ഷ്യം വെക്കുകയും കൊല്ലുകയും ചെയ്യുന്നത് ഇസ്രഈല്‍ തുടരുകയാണെന്ന് ഐക്യരാഷ്ട്ര സഭ. ഗസയില്‍ ഇസ്രഈല്‍ ആക്രമണം ആരംഭിച്ചമുതല്‍ കൊല്ലപ്പെട്ടവരില്‍ ഏകദേശം 30 ശതമാനവും കുട്ടികളാണെന്ന് യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐക്യരാഷ്ട്ര സഭയുടെ അന്വേഷണ കമ്മീഷനാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഫലസ്തീനിയന്‍ കുട്ടികളെ ബോധപൂര്‍വം ലക്ഷ്യമിടുന്നത് വംശഹത്യയുടെ ഭാഗമാണെന്നും, ഇത് ഗസയില്‍ വംശഹത്യയ്ക്കും വെസ്റ്റ് ബാങ്കില്‍ യുദ്ധക്കുറ്റങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
കുട്ടികളെ അറസ്റ്റ് ചെയ്ത് തടവിലാക്കുന്നതിനൊപ്പം ഇസ്രഈല്‍ ജയിലുകളില്‍ ക്രൂരമായ പീഡനങ്ങളും ലൈംഗികാതിക്രമങ്ങളും നേരിടേണ്ടി വരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതൊരു വംശീയമായ അടിച്ചമര്‍ത്തല്‍ രീതിയുടെ ഭാഗമാണെന്നും കമ്മീഷന്‍ വിലയിരുത്തുന്നു.
ഗസയിലെ പ്രസവ കേന്ദ്രങ്ങളും നവജാത ശിശുപരിചരണ കേന്ദ്രങ്ങളും ഇസ്രഈല്‍ ആക്രമിച്ചത് ഫലസ്തീനികളുടെ വരുംതലമുറയെത്തന്നെ അപകടത്തിലാക്കിയിട്ടുണ്ട്. ഇത് ഗര്‍ഭം അലസലുകള്‍ക്കും, വൈകല്യങ്ങള്‍ക്കും, പോഷകാഹാരക്കുറവ് മൂലമുള്ള മരണങ്ങള്‍ക്കും കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇസ്രഈല്‍ ഏര്‍പ്പെടുത്തിയ സഹായ തടസം കുട്ടികള്‍ക്കിടയില്‍ പട്ടിണി മരണങ്ങള്‍ക്കും രോഗങ്ങള്‍ പടരാനും ഇടയാക്കി. വാക്‌സിനേഷന്‍ നിരക്കിലുണ്ടായ കുറവും സ്ഥിതി വഷളാക്കിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വെസ്റ്റ് ബാങ്കിലെ അനാഥാലയങ്ങളും വിദ്യാഭ്യാസ കേന്ദ്രങ്ങളും ഇസ്രഈല്‍ സേന നശിപ്പിച്ചത് കുട്ടികളുടെ മാനസികവും സാമൂഹികവുമായ വളര്‍ച്ചയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുട്ടികള്‍ക്കെതിരായ ഈ അക്രമങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കാന്‍ കമ്മീഷന്‍ ഇസ്രഈലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlight: Israeli attack on children in Gaza amounts to genocide; 30 percent of those killed are children: UN report
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.