ഗസയില്‍ ഇസ്രഈലിന്റെ വ്യോമാക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ 31 മരണം
ISREAL-PALESTINE
ഗസയില്‍ ഇസ്രഈലിന്റെ വ്യോമാക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ 31 മരണം
രാഗേന്ദു. പി.ആര്‍
Sunday, 1st February 2026, 7:14 am

ഗസ സിറ്റി: വെടിനിര്‍ത്തല്‍ ലംഘിച്ച് ഗസയില്‍ ഇസ്രഈലിന്റെ വ്യോമാക്രമണം. ഖാന്‍ യൂനുസിന്റെ വടക്കുപടിഞ്ഞാറുള്ള അല്‍-മവാസിയിലും ഗസ സിറ്റിയിലും റഫാ അതിര്‍ത്തിയിലുമാണ് ആക്രമണം നടന്നത്.

ആക്രമണത്തില്‍ ആറ് കുട്ടികള്‍ ഉള്‍പ്പെടെ 31 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. അല്‍-മവാസിയില്‍ മാത്രമായി മൂന്ന് കുട്ടികള്‍ അടക്കം ഏഴ് ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.

ഇവരുടെ മൃതദേഹങ്ങള്‍ ഖാന്‍ യൂനുസിലെ നാസര്‍ മെഡിക്കല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

വെള്ളിയാഴ്ച ഫലസ്തീന്‍ സായുധ സംഘടനായ ഹമാസ് റഫയിലെ തുരങ്കം തകര്‍ത്തതായി ഇസ്രഈല്‍ ആരോപിച്ചിരുന്നു. ഹമാസിന്റെ ഈ നീക്കം വെടിനിര്‍ത്തല്‍ ലംഘനമാണെന്ന് ആരോപിച്ചാണ് ഇസ്രഈലിന്റെ വ്യോമാക്രമണം.

ഗസയിലേത് പേരിന് മാത്രമുള്ള വെടിനിര്‍ത്തലെന്ന് ഇസ്രഈല്‍ വ്യോമാക്രമണത്തിന് പിന്നാലെ യു.എന്‍ ഏജന്‍സിയായ UNRWA തലവന്‍ ഫിലിപ്പ് ലസാരിനി പ്രതികരിച്ചു. ഫലസ്തീന്‍ ജനത യഥാര്‍ത്ഥ വെടിനിര്‍ത്തല്‍ അര്‍ഹിക്കുന്നുവെന്നും ലസാരിനി പറഞ്ഞു.

ഗസയിലെ വെടിനിര്‍ത്തലില്‍ മധ്യസ്ഥത വഹിച്ച ഖത്തറും ഈജിപ്തും ഇസ്രഈല്‍ ആക്രമണത്തെ അപലപിച്ചു. റഫാ അതിര്‍ത്തി തുറക്കുന്നത് വരെ എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്ന് ഈജിപ്ത് പറഞ്ഞു.

ഇസ്രഈല്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നത് അന്താരാഷ്ട്ര തലത്തിലുള്ള നയതന്ത്രങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നാണ് ഖത്തറിന്റെ പ്രതികരണം.

ഹമാസിന്റെയും ഇസ്‌ലാമിക് ജിഹാദിന്റെയും നാല് കമാന്‍ഡര്‍മാരെ ആക്രമിച്ചതായും ഇസ്രഈല്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇസ്രഈലിന്റെ ഈ അവകാശവാദം ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സുഹൈല്‍ അല്‍-ഹിന്ദി നിഷേധിച്ചു.

ഇസ്രഈല്‍ ഇന്ന് (ഞായര്‍) റഫാ അതിര്‍ത്തി തുറക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായാണ് റഫ തുറക്കുന്നത്. ഇതോടെ ഗസയിലേക്കുള്ള മാനുഷിക സഹായങ്ങളുടെ ഒഴുക്ക് വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.

ഈജിപ്ത്, ഫലസ്തീൻ അതോറിറ്റി, യൂറോപ്യന്‍ യൂണിയന്‍ എന്നിവരാണ് ഗസയിലേക്കുള്ള സഹായങ്ങളുടെ മേല്‍നോട്ടം വഹിക്കുക. എന്നാല്‍ ആര്‍ക്കെല്ലാം ഗസയിലേക്ക് പ്രവേശനം ലഭിക്കുമെന്നതില്‍ ഇസ്രഈലിന്റെ തീരുമാനം നിര്‍ണായകമാണ്.

2025 ഒക്ടോബര്‍ പത്തിനാണ് ഗസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. എന്നാല്‍ ഇതിനുശേഷം ഇസ്രഈലിന്റെ ആക്രമണത്തില്‍ 524 ഫലസ്തീനികളാണ് ഗസയിലുടനീളം കൊല്ലപ്പെട്ടതെന്ന് ഗസ മീഡിയ ഓഫീസ് അറിയിച്ചു.

Content Highlight: Israeli airstrikes in Gaza; 31 dead, including children

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.