പട്ടിണിയും സഹായങ്ങൾ തടഞ്ഞുവെക്കലും ഇസ്രഈൽ ഗസയിൽ ആയുധമാക്കി: അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നെതർലാൻഡ്‌സ്
World
പട്ടിണിയും സഹായങ്ങൾ തടഞ്ഞുവെക്കലും ഇസ്രഈൽ ഗസയിൽ ആയുധമാക്കി: അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നെതർലാൻഡ്‌സ്
മുഹമ്മദ് നബീല്‍
Monday, 23rd March 2026, 1:54 pm

ആംസ്റ്റർഡാം: ഇസ്രഈൽ ഗസയിൽ നടത്തിയ വംശഹത്യയിൽ പട്ടിണിയും സഹായങ്ങൾ തടഞ്ഞുവെക്കലും ആയുധമാക്കിയെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നെതർലാൻഡ്‌സ്.

സൗത്ത് ആഫ്രിക്ക ഇസ്രഈലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നൽകിയ കേസിലാണ് നെതർലാൻഡ്‌സ് ഇക്കാര്യം പറഞ്ഞത്.

വംശഹത്യക്കേസിന്റെ ഭാഗമായി മാർച്ച് 12-ന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വംശഹത്യയുടെ നിർവചനത്തെക്കുറിച്ചും അതിന്റെ ഉദ്ദേശ്യം എങ്ങനെ വിലയിരുത്താമെന്നതിനെക്കുറിച്ചും നെതർലാൻഡ്സ് വ്യക്തമാക്കി.

പട്ടിണിക്കിടുന്നതും മാനുഷിക സഹായം തടഞ്ഞുവെക്കുന്നതും വംശഹത്യയുടെ ഭാഗമായി കണക്കാക്കാമെന്ന് നെതർലാൻഡ്‌സ് പറയുന്നു. പ്രത്യേകിച്ച്, ഇത് ആസൂത്രിതമായ ഒരു പദ്ധതിയുടെ ഭാഗമാണെങ്കിൽ അത് ഒരു വംശഹത്യയായി വിലയിരുത്താം.

നിർബന്ധിത കുടിയൊഴിപ്പിക്കൽ വംശഹത്യയുടെ ഭാഗമാണെന്ന് കണക്കാക്കാമെന്നും വംശഹത്യ നടത്താനുള്ള തെളിവായി ഇത് സ്വീകരിക്കാമെന്നും നെതർലാൻഡ്‌സ് പ്രസ്താവിച്ചു.

ഇത്തരം കുടിയൊഴിപ്പിക്കലുകൾ ഗുരുതരമായ ശാരീരികമോ മാനസികമോ ആയ ആഘാതങ്ങൾക്ക് കാരണമാകുമ്പോഴോ ഒരു ജനവിഭാഗത്തിന്റെ പൂർണ്ണമായ നാശത്തിന് വഴിവെമ്പോഴോ ഇത് വംശഹത്യയുടെ പരിധിയിൽ വരുമെന്നും നെതർലാൻഡ്സ് കൂട്ടിച്ചേർത്തു.

കുട്ടികൾക്കെതിരായ അക്രമങ്ങൾ വ്യത്യസ്തമായ രീതിയിൽ വിലയിരുത്തണമെന്ന് നെതർലാൻഡ്‌സ് വാദിച്ചു. കുട്ടികളുടെ നിസഹായാവസ്ഥ കണക്കിലെടുക്കുമ്പോൾ അവർക്കുണ്ടാകുന്ന ആഘാതങ്ങളെ വംശഹത്യയുടെ പരിധിയിൽ കൊണ്ടുവരുന്നതിന് താരതമ്യേന കുറഞ്ഞ മാനദണ്ഡങ്ങൾ മതിയാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണ്ടിക്കാട്ടി.

ഇസ്രഈലിനെതിരായ ഈ കേസിൽ അമേരിക്ക, ഹംഗറി, പരാഗ്വേ തുടങ്ങിയ രാജ്യങ്ങൾ ഇസ്രഈലിന് അനുകൂലമായ നിലപാടെടുത്തപ്പോൾ നെതർലാൻഡ്‌സ് അടക്കം 20 രാജ്യങ്ങൾ ഇസ്രഈലിനെ എതിർത്തു.

മറ്റൊരു വംശഹത്യക്കേസിൽ സമാനമായ വാദങ്ങൾ ഉന്നയിച്ച ആറ് രാജ്യങ്ങളുടെ കൂട്ടത്തിൽ നിന്ന് നെതർലാൻഡ്‌സ് മാത്രമാണ് ദക്ഷിണാഫ്രിക്ക നൽകിയ ഈ കേസിൽ ഇടപെട്ടത്.

അതേസമയം ജർമനി ഇസ്രഈലിനുള്ള പിന്തുണ പിൻവലിച്ചു.

Content Highlight: Israel weaponizes starvation and aid withholding in Gaza: Netherlands at International Court of Justice

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം