ഇസ്രഈലും യു.എ.ഇയും തമ്മില്‍ നിര്‍ണായകമായ നയതന്ത്രബന്ധത്തിന് തുടക്കം കുറിച്ചത് അറബ് രാജ്യങ്ങളില്‍ മാത്രമല്ല ഇന്ത്യയിലും വലിയ ചര്‍ച്ചകളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇസ്രഈലുമായി ഔദ്യോഗിക ബന്ധം സ്ഥാപിക്കുന്ന ആദ്യ ഗള്‍ഫ് രാജ്യമാണ് യു.എ.ഇ. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ അബുദാബി കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ചരിത്രപരമായ കരാറിലേര്‍പ്പെടുമ്പോള്‍ ഇന്ത്യയെ അത് എത്തരത്തിലായിരിക്കും ബാധിക്കുകയെന്ന ചോദ്യങ്ങളാണ് വിവിധ കോണുകളില്‍ നിന്നായി ഉയരുന്നത്.
ഇസ്രഈല്‍ യു.എ.ഇ സമാധാന പദ്ധതി നീക്കത്തെ അഭിനന്ദിച്ച് കേന്ദ്രം മുന്നോട്ട് വരികയും ചെയ്തിരുന്നു. പശ്ചിമേഷ്യയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഈ കരാര്‍ കാരണമാവുമെന്ന വാദങ്ങള്‍ ഉയര്‍ന്നുവരുന്ന ഈ സാഹചര്യത്തില്‍ അറിയേണ്ടതുണ്ട് ഇസ്രഈല്‍ യു.എ.ഇ സൗഹൃദകരാര്‍ ഇന്ത്യയെ ഗുണകരമായ രീതിയില്‍ തന്നെയാണോ ബാധിക്കുകയെന്നത്
ഡൂള്‍ എക്‌സ്‌പ്ലെയ്‌നര്‍ പരിശോധിക്കുന്നു.
ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് അബുദാബി കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പുതിയ കരാര്‍ ഉടമ്പടിക്ക് തുടക്കം കുറിച്ചത്. കരാര്‍ വലിയ മുന്നേറ്റമാണെന്നും അമേരിക്കയുടെ രണ്ട് മഹത്തായ സുഹൃത്തുക്കളായ ഇസ്രഈലും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ചരിത്രപരമായ തീരുമാനമാണ് എടുത്തിട്ടുള്ളതെന്നുമാണ് ട്രംപ് സംഭവത്തിന് ശേഷം ട്വീറ്റ് ചെയ്തത്.

യു.എസ് പ്രസിഡണ്ടിന്റെ താല്‍പര്യത്തിലും ഇസ്രഈലിലെ ആഭ്യന്തര രാഷ്ട്രീയസ്ഥിതിയുടെ പശ്ചാത്തലത്തിലുമാണ് പുതിയ കരാര്‍ രൂപപ്പെട്ടിട്ടുള്ളതെന്നാണ് പ്രധാന വിമര്‍ശനം. കരാറിന് പൂര്‍ണ്ണ പിന്തുണ നല്‍കിക്കൊണ്ടുള്ള ഇന്ത്യയുടെ തീരുമാനം അമേരിക്കയോട് കൂടുതല്‍ അടുപ്പിക്കുന്നതാണെന്നും ഇത് ഇന്ത്യ ചൈന ബന്ധത്തെപ്പോലും വലിയ രീതിയിലായിരിക്കും ബാധിക്കുകയെന്നതും വിമര്‍ശനങ്ങളായി ഉയര്‍ന്നുകഴിഞ്ഞു. കരാര്‍ രൂപീകരിച്ചതിലൂടെ സ്വയം താല്‍പര്യാര്‍ത്ഥമായ നയതന്ത്ര സമീപനങ്ങളായിരിക്കും യു.എ.ഇയും സ്വീകരിക്കുകയെന്ന വാദവും ശക്തമാണ്. മധ്യപൂര്‍വ്വദേശ രാഷ്ട്രീയത്തില്‍ കൂടുതലായി ഇടപെടാന്‍ ശ്രമിച്ച യു.എ.ഇയ്ക്ക് എല്ലാ രാഷ്ട്രീയ തീരുമാനങ്ങളിലും ട്രംപിന്റെ പിന്തുണയും പ്രേരണയും ഉണ്ടായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ക്കെതിരെ യെമനില്‍ സൈനികമായി യു.എ.ഇ ഇടപെട്ടത് അമേരിക്കയുടെ പിന്തുണയോടെയായിരുന്നു. അമേരിക്കന്‍ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ പശ്ചിമേഷ്യന്‍ മേഖലയില്‍ സമാധാനം സ്ഥാപിക്കാന്‍ പ്രവര്‍ത്തിച്ചെന്ന് വരുത്തിത്തീര്‍ക്കാനും ഇറാനെ ഒറ്റപ്പെടുത്താനും ലക്ഷ്യം വെച്ചാണ് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഉടമ്പടിക്ക് മധ്യസ്ഥത വഹിച്ചതെന്നാണ് കാരാറുമായി ബന്ധപ്പെട്ട് ആഗോളപരമായി നിലനില്‍ക്കുന്ന വിമര്‍ശനം. പുതിയ കരാറിന്റെ പശ്ചാത്തലത്തില്‍ ഇറാന്‍ വലിയ രീതിയിലുള്ള വിമര്‍ശനമാണ് മുന്നോട്ട് വച്ചിട്ടുള്ളതും. കരാറിനോട് ഒരിക്കലും പൊറുക്കാനാകില്ലെന്നാണ് ഇറാന്‍ പറഞ്ഞത്. കരാറിന് മേലുള്ള ഇറാന്റെ നിലപാട് ഇന്ത്യയെ പ്രതികൂലമായിട്ടായിരിക്കും ബാധിക്കുകയെന്ന വിലയിരുത്തലുകളും വന്നുകഴിഞ്ഞു. കാരണം ഇറാനുമായി നല്ല രീതിയിലുള്ള ആഭ്യന്തരബന്ധമാണ് ഇന്ത്യ ഇതുവരെയും കൈകൊണ്ടുപോരുന്നത്.

ഇറാനൊപ്പെം തന്നെ തുര്‍ക്കിയും കരാറിനോട് പൊരുത്തപ്പെടാന്‍ തയ്യാറായിട്ടില്ല. ഫലസ്തീന്‍ ജനതയുടെയും മുസ്‌ലിങ്ങളുടെയും മുതുകില്‍ ഇറക്കിയ കത്തിയാണ് ഉടമ്പടിയെന്നാണ് തുര്‍ക്കി ആരോപിച്ചത്. ഫലസ്തീന്‍ ഭാഗങ്ങള്‍ ഇനി പിടിച്ചടക്കില്ലെന്ന് ഇസ്രഈല്‍ ഉറപ്പിന്റെ പുറത്താണ് യു.എ.ഇയുമായി പുതിയ ധാരണയുണ്ടായിട്ടുള്ളത്.
ഫലസ്തീന്‍ ഭൂപ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുള്ള ഇസ്രഈല്‍ നീക്കം തല്‍ക്കാലത്തേക്ക് തടഞ്ഞുവെക്കാന്‍ കരാറിലൂടെ കഴിഞ്ഞുവെന്നാണ് യു.എ.ഇ അഭിപ്രായപ്പെട്ടത്. എന്നാല്‍ വെസ്റ്റ് ബാങ്ക്, ജോര്‍ദാന്‍ താഴ്‌വര എന്നിവ ഇസ്രഈല്‍ പരമാധികാരത്തിന് കീഴിലാക്കാനുള്ള പദ്ധതി ഇതുവരെയും ഇസ്രഈല്‍ ഉപേക്ഷിച്ചിട്ടില്ല. ട്രംപിന്റെ മരുമകന്‍ ജാറിദ് കഷ്‌നര്‍ മുഖ്യശില്‍പിയായ മധ്യപൂര്‍വദേശ സമാധാനപദ്ധതിയിലെ പ്രധാനഘടകവും ഇതാണെന്നിരിക്കെ മരുമകന്റെ സാനിദ്ധ്യത്തില്‍ തന്നെയാണ് ട്രംപ് ഇത്തരമൊരു കരാറിന് മധ്യസ്ഥത വഹിച്ചത് അമേരിക്കന്‍ ശക്തികളുടെ സേച്ഛാധിപത്യതാല്‍പര്യങ്ങളെ വര്‍ധിപ്പിക്കുകയാണെന്നും പ്രാധന വിമര്‍ശങ്ങളില്‍പ്പെടുന്നതാണ്.
ഇസ്രഈലും യു.എ.ഇയും തമ്മിലുള്ള സൗഹൃദ നയതന്ത്രകരാര്‍ ആഗോളപരമായി സമാധാനത്തിന്റെ പാത തുറക്കുമെന്ന വാദത്തിനെതിരെ ഉയരുന്ന പ്രധാന വിമര്‍ശനങ്ങള്‍ ഇങ്ങനെയാണ്. ഈജിപ്ത്, സിറിയ, ജോര്‍ദാന്‍ എന്നീ അറബ് രാജ്യങ്ങള്‍ക്ക് ഇസ്രഈലുമായി ഉണ്ടായിരുന്നതുപോലെ കാലങ്ങള്‍ നീണ്ട അഭിപ്രായ വ്യത്യാസങ്ങള്‍ക്കോ യുദ്ധത്തിനോ വിധേയമായിട്ടുള്ള ബന്ധമല്ല ഇസ്രഈലും യു.എ.ഇയും തമ്മില്‍ ഉള്ളത്. അങ്ങനെയെങ്കില്‍ സമാധാനത്തിന്റെ പുതിയ സൗഹൃദകരാര്‍ എന്ന വിശേഷണം തന്നെ അസ്ഥാനത്താവുമെന്നാണ് ചില രാഷ്ട്രങ്ങള്‍ അഭിപ്രായമുന്നയിക്കുന്നത്.
കൊവിഡ് 19 വ്യാപനഘട്ടത്തിലും കരാര്‍ പ്രസക്തിയര്‍ഹിക്കുന്നുവെന്നും കൊവിഡ് ചികിത്സ, വാക്‌സിന്‍ വികസനം എന്നിവയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നുള്ള പ്രതീക്ഷയും ഉടമ്പടിയുടെ പശ്ചാത്തലത്തില്‍ യു.എ.ഇയും ഇസ്രഈലും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം അതിരൂക്ഷമായി തുടരുന്ന ഇസ്രഈലില്‍ ദിവസവും പ്രാധാനമന്ത്രി നെതന്യാഹു രാജി വക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. അത്തരത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജനങ്ങളുടെ ഭാഗത്ത് നിന്ന് രൂക്ഷവിമര്‍ശനം നേരിടുന്ന ഒരു പ്രധാനമന്ത്രിക്ക് കൊവിഡ് വ്യാപന സാധ്യതകളെ ഇല്ലാതാക്കാന്‍ കഴിയുന്ന എന്ത് പദ്ധതിയാണ് മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുകയെന്ന ആശങ്ക ഇസ്രഈലിലെ ജനങ്ങള്‍ തന്നെ ഉയര്‍ത്തിക്കഴിഞ്ഞിരിക്കുകയാണ്.

നയതന്ത്രകരാര്‍ രൂപീകരണത്തിന് ശേഷം യു.എ.ഇ വിദേശകാര്യമന്ത്രി ഷെയ്ക്ക് അബ്ദുള്ള ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ ഇന്ത്യന്‍ ആഭ്യന്തരമന്ത്രി എസ്.ജയശങ്കറുമായി സംസാരിച്ചതിന്റെ പശ്ചാത്തലത്തില്‍ കരാറില്‍ വലിയ പ്രതീക്ഷയുണ്ടെന്നാണ് ജയശങ്കര്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ 1992 കളില്‍ മാത്രം തുടങ്ങിയ ഇന്ത്യ ഇസ്രഈല്‍ ഔദ്യോഗിക ബന്ധത്തില്‍ നിലവിലും ഇന്ത്യയിലെ വലിയൊരു വിഭാഗത്തിന് വിമര്‍ശനമാണുള്ളത്. അത്തരത്തിലൊരു സാഹചര്യത്തില്‍ കൂടി കരാര്‍ ഇന്ത്യക്ക് എത്തരത്തിലായിരിക്കും ഫലപ്രദമാവാന്‍ പോകുന്നതെന്ന ചോദ്യമാണ് ഉയരുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
