| Wednesday, 31st December 2025, 5:50 pm

ഗസയിലെയും വെസ്റ്റ് ബാങ്കിലെയും അന്താരാഷ്ട്ര സഹായ ഗ്രൂപ്പുകളുടെ ലൈസന്‍സ് റദ്ദാക്കാനൊരുങ്ങി ഇസ്രഈല്‍

നിഷാന. വി.വി

ടെല്‍അവീവ്: ഗസയിലേയും വെസ്റ്റ് ബാങ്കിലേയും അന്താരാഷ്ട്ര സഹായ ഗ്രൂപ്പുകളുടെ ലൈസന്‍സ് റദ്ദാക്കാനൊരുങ്ങി ഇസ്രഈല്‍.

ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്, ആക്ഷന്‍ എയ്ഡ് എന്നിവയുള്‍പ്പെടെ 31 മാനുഷിക സംഘടനകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ പദ്ധതിയിടുന്നതായി ഇസ്രഈലി അധികൃതര്‍ അറിയിച്ചു.

ആവശ്യമായ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതില്‍ സംഘടനകള്‍ പരാജയപ്പെട്ടുവെന്നാരോപിച്ചാണ് റദ്ദാക്കല്‍ നടപടി.

ചില സംഘടനകള്‍ ‘ഭീകരപ്രവര്‍ത്തനം’നടത്തുന്ന ഫലസ്തീനികളെ ജോലിക്കെടുക്കുന്നുണ്ടെന്നും ഇസ്രഈല്‍ ആരോപിച്ചു.

ജനുവരി 1മുതല്‍ ഗസയിലും വെസ്റ്റ് ബാങ്കിലും പ്രവര്‍ത്തിക്കുന്ന 12ലധികം അന്താരാഷ്ട്ര മാനുഷിക സംഘടനകളുടെ ലൈസന്‍സ് അവസാനിപ്പിക്കണമെന്നും മാര്‍ച്ച് 1നകം എല്ലാ പ്രവര്‍ത്തനങ്ങളും റദ്ദാക്കണമെന്നും ഇതിനോടകം തന്നെ സംഘടനകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി ഇസ്രഈലി പത്രമായ യെദിയോത്ത് അഹ്‌റോണോത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പ്രവാസികാര്യ സെമിറ്റിക്ക് വിരുദ്ധ മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള സംയുക്ത മന്ത്രിതല സംഘമാണ് നീക്കത്തിന് നേതൃത്വം നല്‍കുന്നത്.

എന്നാല്‍ അന്താരാഷ്ട്ര സംഘടനകള്‍ക്കുമേല്‍ ഇസ്രഈല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സ ശ്രമിക്കുന്നതായി ഇസ്രഈലീ മാധ്യമങ്ങള്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പതിറ്റാണ്ടുകളായി അധിനിവേശ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡസന്‍ കണക്കിന് സംഘടനകളുടെ നിലനില്‍പ്പിന് തന്നെ ഭീഷണി ഉയര്‍ത്തുന്നതാണ് പുതിയ നടപടി.

മുഴുവന്‍ ഫലസ്തീന്‍ ജീവനക്കാരുടെയും പട്ടിക സമര്‍പ്പിക്കാന്‍ ഇസ്രഈല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി ഇസ്രഈലിനുളള ബഹിഷ്‌ക്കരണങ്ങളെ പിന്തുണച്ച വ്യക്തികളെ ജോലിക്കെടുത്ത എല്ലാ സംഘടനകളേയും റദ്ദാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

ഇതോടെ ജീവനക്കാരെ സംരക്ഷിക്കണോ സംഘടനാ പ്രവര്‍ത്തനം തുടരണോ എന്ന വലിയ വെല്ലുവിളിയായിരിക്കും സംഘടനകള്‍ക്ക് നേരിടേണ്ടി വരിക.

ഫലസ്തീന്‍ അഭയാര്‍ത്ഥിക്കള്‍ക്കുള്ള യു.എന്‍ ഏജന്‍സിയായ യു.എന്‍ ആര്‍.ഡബ്‌ള്യു.എയ്‌ക്കെതിരായും ഇസ്രഈല്‍ സമാന നടപടി സ്വീകരിച്ചിരുന്നു. 2024ല്‍ നെസറ്റ് നടപടിക്ക് അംഗീകാരം നല്‍കിയെങ്കിലും സംഘടന അത് നിരാകരിക്കുകയും അതിന്റെ നിഷ്പക്ഷ പ്രവര്‍ത്തനം തുടരുകയുമായിരുന്നു.

Content Highlight:Israel to revoke licenses of international aid groups in Gaza and West Bank

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more