പുതിയ പരമോന്നത നേതാവാരായാലും വധിക്കും; ഇറാന് ഇസ്രഈല്‍ പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ്
World
പുതിയ പരമോന്നത നേതാവാരായാലും വധിക്കും; ഇറാന് ഇസ്രഈല്‍ പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ്
നിഷാന. വി.വി
Thursday, 5th March 2026, 8:18 am

ടെല്‍അവീവ്: ഇറാന്‍ തങ്ങളുടെ അടുത്ത പരമോന്നത നേതാവായി ആരെ തെരഞ്ഞെടുത്താലും വധിക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രഈല്‍. ഇസ്രഈല്‍ പ്രതിരോധ മന്ത്രി ഇസ്രഈല്‍ കാറ്റ്‌സിന്റെതാണ് ഭീഷണി.

‘ ഇസ്രഈലിനെ നശിപ്പിക്കാനുള്ള പദ്ധതി തുടരാനും, യു.എസിനും സ്വതന്ത്ര ലോകത്തിനും മേഖലയിലെ രാജ്യങ്ങള്‍ക്കും ഭീഷണിയാകാനും ഇറാന്‍ ജനതയെ അടിച്ചമര്‍ത്താനും ഇറാന്‍ ഭരണകൂടം തെരഞ്ഞെടുക്കുന്ന ഏതൊരു നേതാവിനെയും വധിക്കാന്‍ ലക്ഷ്യമിടും,’ കാറ്റ്‌സ് എക്‌സ് പോസ്റ്റിലൂടെ രംഗത്തെത്തി.

തെരഞ്ഞെടുക്കപ്പെടുന്ന നേതാവിന്റെ പേരോ അദ്ദേഹം ഒളിച്ചിരിക്കുന്ന സ്ഥലമെന്താണെന്നതോ പ്രശ്‌നമല്ലെന്നും കാറ്റ്‌സ് പറഞ്ഞു.

‘ഓപ്പറേഷന്‍ ‘ലയണ്‍ റോറിന്റെ’ ഭാഗമായി ഈ ദൗത്യം നടപ്പിലാക്കാന്‍ താനും പ്രധാനമന്ത്രിയും സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇസ്രഈല്‍ പ്രതിരോധ മന്ത്രി കൂട്ടിച്ചേര്‍ത്തു.

മേഖലയില്‍ വലിയ തോതിലുളള സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കാറ്റ്‌സിന്റെ മുന്നറിയിപ്പ്.

പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കേണ്ട അസംബ്ലി ഓഫ് എക്‌സപേര്‍ട്ട്‌സിന്റെ കെട്ടിടത്തിന് നേരെയും ഇസ്രഈല്‍ ആക്രമണം നടത്തിയതായി കാറ്റ്‌സ് അവകാശപ്പെട്ടു.

എന്നാല്‍ അന്തരിച്ച പരമോന്നത നേതാവിന്റെ മകന്‍ മൊജ്തബ ഖാംനഇയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തതായി ഇസ്രഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്റെ വിദഗ്ധ അസംബ്ലി വരും മണിക്കൂറില്‍ പുതിയ നേതാവിന്റെ തെരഞ്ഞെടുപ്പ് ഔദ്യോഗികമായി പങ്കുവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുതിര്‍ന്ന ഇസ്രഈലി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എന്നാല്‍ ഇറാന്‍ സ്‌റ്റേറ്റ് മീഡിയ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചിട്ടില്ല.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ഫെബ്രുവരി 28ന് ഇസ്രഈല്‍-യു.എസ് സംയുക്ത വ്യോമാക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു.

യുദ്ധത്തില്‍ ഇറാനെ പിന്തുണച്ചുവെന്നാരോപിച്ച് അധിനിവേശ വെസ്റ്റ് ബാങ്കിലെ ഹെബ്രോണില്‍ നാല് പേരെ ഇസ്രഈല്‍ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പുരുഷന്മാരും സ്ത്രീയും ഉള്‍പ്പെടുന്ന സംഘത്തിന് മേല്‍ ദേശവിരുദ്ധ കുറ്റം ചുമത്തി. കൊലപ്പെട്ട ഇറാനിയന്‍ നേതാവിനെ അനുസ്മരിച്ച് സാമൂഹ്യ മാധ്യമത്തില്‍ പോസ്‌ററിട്ട ഫലസ്തീന്‍ അതോറിറ്റി നിയമോപദേശകനും ഇതില്‍ ഉള്‍പ്പെടും

Content Highlight: Israel’s Defense Minister warns Iran that new supreme leader will be assassinated

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.