ഇസ്രഈൽ അമേരിക്കയെ യുദ്ധത്തിന് പ്രേരിപ്പിക്കുന്നു: ഇറാൻ വിദേശകാര്യ മന്ത്രി
Iran
ഇസ്രഈൽ അമേരിക്കയെ യുദ്ധത്തിന് പ്രേരിപ്പിക്കുന്നു: ഇറാൻ വിദേശകാര്യ മന്ത്രി
ശ്രീലക്ഷ്മി എ.വി.
Thursday, 15th January 2026, 1:24 pm

ടെഹ്‌റാൻ: ഇസ്രഈൽ അമേരിക്കയെ യുദ്ധത്തിന് പ്രേരിപ്പിക്കുന്നെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി.

ഇസ്രഈൽ എപ്പോഴും അമേരിക്കയെ യുദ്ധങ്ങളിലേക്ക് വലിച്ചിഴയ്ക്കാനാണ് ശ്രമിക്കുന്നതെന്നും അബ്ബാസ് അരാഗ്ചി പറഞ്ഞു.

ഇറാന്റെ തെരുവുകൾ രക്തത്തിൽ കുതിർന്നിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിലെ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ പ്രതിഷേധക്കാർക്ക് ആയുധം നൽകുന്നതിൽ നിന്നും ഇസ്രഈലിനെ തടയണമെന്നും അദ്ദേഹം പറഞ്ഞു.

ഇറാനിലെ പ്രതിഷേധക്കാർക്ക് വിദേശ രാജ്യങ്ങൾ ആയുധങ്ങൾ നൽകുന്നത് ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടാൻ കാരണമാകുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

‘നമ്മുടെ തെരുവുകളിൽ രക്തം തളം കെട്ടി നിൽക്കുന്നു. തെരുവുകളിൽ ആയുധധാരികൾ ഉള്ളതിൽ ഇസ്രഈൽ ആഹ്ലാദിക്കുന്നുണ്ട്. നൂറുകണക്കിന് ആളുകൾ മരിക്കാൻ കാരണമിതാണ്,’ അബ്ബാസ് അരാഗ്ചി പറഞ്ഞു.

രാജ്യത്തിനെതിരായ ആക്രമണങ്ങൾക്ക് പ്രേരിപ്പിക്കുന്ന അമേരിക്കയെ അപലപിക്കണമെന്ന് ഐക്യരാഷ്ട്ര സഭയോട് ഇറാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനും യു.എൻ അംബാസഡർ അബുകർ ദാഹിർ ഒസ്മാനെയും അഭിസംബോധന ചെയ്ത് അയച്ച കത്തിലാണ് ഇറാന്റെ ആവശ്യം ഉന്നയിച്ചത്.

ട്രൂത്ത് സോഷ്യലിലെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പോസ്റ്റുകളെ ഉദ്ധരിച്ചുകൊണ്ട് ഇറാനിൽ പരസ്യമായി അമേരിക്ക ആക്രമണങ്ങൾക്ക് പ്രേരിപ്പിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.

ആഭ്യന്തര യുദ്ധം തുടരുന്ന ഇറാനിൽ രണ്ടായിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. യു.എസ് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി (HRANA)യുടെ കണക്ക് പ്രകാരം പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെ കുറഞ്ഞത് 2,500 പേർ കൊല്ലപ്പെട്ടെന്നും 1,100 ൽ അധികം പേർക്ക് പരിക്കേറ്റിട്ടുമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ഇറാനിലെ ജനങ്ങളെ ഇല്ലാതാക്കുന്ന ഏറ്റവും വലിയ കൊലയാളികൾ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമാണെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി ആരോപിച്ചിരുന്നു.

പ്രതിഷേധം തുടരൂയെന്നും സഹായങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണെന്നുമുള്ള ട്രംപിന്റെ ആഹ്വാനത്തിന് പിന്നാലെയാണ് അലി ലാരിജാനിയുടെ പ്രതികരണം. ഇറാനെതിരെയുള്ള ട്രംപിന്റെ ഭീഷണികളെയും അദ്ദേഹം തള്ളിയിരുന്നു.

Content Highlight: Israel is inciting America to war: Iranian Foreign Minister

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.