വിദേശമാധ്യമങ്ങളെ ലക്ഷ്യമിട്ടുള്ള നിയന്ത്രണങ്ങൾ വ്യാപിപ്പിച്ച് ഇസ്രഈൽ
World
വിദേശമാധ്യമങ്ങളെ ലക്ഷ്യമിട്ടുള്ള നിയന്ത്രണങ്ങൾ വ്യാപിപ്പിച്ച് ഇസ്രഈൽ
ശ്രീലക്ഷ്മി എ.വി.
Monday, 26th January 2026, 7:47 pm

ടെൽഅവീവ്: വിദേശ മാധ്യമങ്ങളെ ലക്ഷ്യമിട്ടുള്ള നിയന്ത്രണ നടപടികൾ വ്യാപിപ്പിച്ച് ഇസ്രഈൽ.

ഖത്തർ ആസ്ഥാനമായുള്ള അൽ ജസീറയുടെയും ലെബനീസ് അൽ മായദീൻ നെറ്റ് വർക്കുകളുടെയും വെബ് സൈറ്റുകളിലേക്കും യുട്യൂബ് ചാനലുകളിലേക്കുമുള്ള ആക്സസ് 90 ദിവസത്തേക്ക് തടയാനുള്ള ഉത്തരവുകൾക്കാണ് ഇസ്രഈൽ അംഗീകാരം നൽകിയത്.

ഗസ വംശഹത്യയുടെ കവറേജിനെ നിശബ്ദമാക്കാനുള്ള ഇസ്രഈൽ നീക്കത്തിന്റെ ഭാഗമാണിതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇസ്രഈലിന്റെ ശത്രുക്കളെ ഇവിടെ നിന്നും നീക്കം ചെയ്യുമെന്ന് ഇസ്രഈൽ കമ്മ്യൂണിക്കേഷൻ മന്ത്രി ഷ്ലോമോ കർഹി പറഞ്ഞു.

2024ൽ അൽ ജസീറ നിയമം എന്നറിയപ്പെടുന്ന അടിയന്തര നിയമത്തിലൂടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിദേശ മാധ്യമങ്ങളെ താത്കാലികമായി ഇസ്രഈൽ അടച്ചുപൂട്ടിയിരുന്നു.

ഡിസംബറിൽ ഈ നിയമത്തെ സ്ഥിരമായ നിയമമാക്കി മാറ്റുന്നതിനുള്ള അംഗീകാരം ഇസ്രഈൽ നൽകുകയും നിയന്ത്രണങ്ങൾ രണ്ടുവർഷത്തേക്കുകൂടി നീട്ടുകയും ചെയ്തിരുന്നു.

പുതുക്കിയ നിയമനിർമാണ പ്രകാരം ഒരു മാധ്യമ സ്ഥാപനം അടച്ചുപൂട്ടാൻ കോടതിയുടെ അനുമതി ആവശ്യമില്ല. ഇസ്രഈൽ ഔദ്യോഗികമായി അടിയന്തരാവസ്ഥയിലല്ലാത്തപ്പോഴും ഈ നിയമം പ്രയോഗിക്കാൻ കഴിയുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സെപ്റ്റംബറിലായിരുന്നു വെസ്റ്റ് ബാങ്കിലെ റാമല്ലയിലെ അൽ ജസീറയുടെ ഓഫീസുകൾ ഇസ്രഈൽ സൈന്യം അക്രമിച്ചത്. ഉപകരണങ്ങളും രേഖകളും കണ്ടുകെട്ടുകയും നെറ്റ്‌വർക്കിന്റെ ഓഫീസ് അടച്ചുപൂട്ടുകയും ചെയ്തിരുന്നു.

ഗസയിലെ ഇസ്രഈലിന്റെ സൈനിക നീക്കങ്ങളെ ശക്തമായി വിമർശിക്കുന്ന അൽ ജസീറ, ഇസ്രഈൽ വിരുദ്ധ പക്ഷപാതം കാണിക്കുകയും ഹമാസിനെ പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് ഇസ്രഈൽ ആരോപിച്ചിരുന്നു.

ആരോപണങ്ങൾ നിഷേധിച്ച അൽ ജസീറ ഇസ്രഈലിന്റെ നടപടികളെ അപലപിച്ചിരുന്നു. ഇത് ക്രിമിനൽ പ്രവൃത്തിയാണെന്നും മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ ആക്രമണമാണെന്നും അൽ ജസീറ പറഞ്ഞിരുന്നു.

‘ആവിഷ്കാര സ്വാതന്ത്ര്യം, വിവരാവകാശം, മാധ്യമ സ്വാതന്ത്ര്യം എന്നിവയെ ലംഘിക്കുന്ന ഉത്തരവാണിത്. ഇസ്രഈലുമായി പൊരുത്തപ്പെടാത്തതോ ഇസ്രഈലി മാധ്യമ ചാനലുകളിൽ സംപ്രേഷണം ചെയ്യാത്തതോ ആയ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ നിന്ന് ഈ നിയമം തടയുന്നു,’ അസോസിയേഷൻ ഫോർ സിവിൽ റൈറ്റ്സ് ഇൻ ഇസ്രഈലി (ACRI) കഴിഞ്ഞ വർഷം പറഞ്ഞു.

Content Highlight: Israel expands restrictions targeting foreign media

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.