കേപ് ടൗണ്‍: ഇസ്രഈല്‍ ഗസയില്‍ അന്താരാഷ്ട്ര കോടതിയുടെ ഉത്തരവുകള്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ച് ദക്ഷിണാഫ്രിക്ക വീണ്ടും കോടതിയെ സമീപിച്ചു. ഇസ്രഈലിന്റെ നടപടികള്‍ സംബന്ധിച്ച വിശദമായ രേഖകളും തെളിവുകളും ദക്ഷിണാഫ്രിക്ക ഐ.സി.ജെയില്‍ സമര്‍പ്പിച്ചതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗസയിലെ ഫലസ്തീനികളെ സംരക്ഷിക്കുന്നതിനായി 2024ല്‍ ഐ.സി.ജെ പുറപ്പെടുവിച്ച മൂന്ന് ഇടക്കാല ഉത്തരവുകളും ഇസ്രഈല്‍ പാലിച്ചിട്ടില്ലെന്നാണ് ദക്ഷിണാഫ്രിക്കയുടെ ആരോപണം.
ഫലസ്തീനികള്‍ക്കെതിരെ വംശഹത്യാ കണ്‍വെന്‍ഷന്റെ പരിധിയില്‍ വരുന്ന നടപടികള്‍ തടയാനും അടിയന്തര മാനുഷിക സഹായം എത്തിക്കാനും കോടതി ഇസ്രഈലിനോട് നിര്‍ദേശിച്ചിരുന്നു.
2023 ഡിസംബറിലാണ് ഗസയില്‍ വംശഹത്യാ കണ്‍വെന്‍ഷന്റെ ലംഘനം നടന്നുവെന്ന് ആരോപിച്ച് ദക്ഷിണാഫ്രിക്ക ഇസ്രഈലിനെതിരെ ഐ.സി.ജെയില്‍ കേസ് ഫയല്‍ ചെയ്തത്.
കേസില്‍ അന്തിമ വിധി ഇതുവരെ ഉണ്ടായിട്ടില്ല. ഇസ്രഈല്‍ വംശഹത്യാ ആരോപണം നിഷേധിക്കുകയും തങ്ങളുടെ സൈനിക നടപടികള്‍ ഹമാസിനെയും മറ്റ് സായുധ സംഘങ്ങളെയും ലക്ഷ്യമിട്ടുള്ളതാണെന്നും വ്യക്തമാക്കുകയും ചെയ്‌തെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കോടതി ഉത്തരവുകള്‍ പാലിക്കാന്‍ ഇസ്രഈലിനുമേല്‍ സമ്മര്‍ദം ശക്തമാക്കുകയാണ് ലക്ഷ്യമെന്ന് ദക്ഷിണാഫ്രിക്ക വ്യക്തമാക്കിയിരുന്നു.
ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരിന്റെ കണക്ക് പ്രകാരം 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഗസയില്‍ കുറഞ്ഞത് 73,407 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 174,335 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികള്‍ ഉള്‍പ്പെടെ 46,000 അതിജീവിതര്‍ സംഘര്‍ഷത്തിലേറ്റ ഗുരുതര പരിക്കുകളോടെ ജീവിക്കുന്നുണ്ട്.
ഗസയിലെ ഫലസ്തീനികള്‍ കൂടുതല്‍ ദുഷ്‌കരമായ മാനുഷിക സാഹചര്യങ്ങള്‍ നേരിടുന്നുവെന്നും ലഭ്യമായ താമസസ്ഥലം ചുരുങ്ങുകയാണെന്നും വെള്ളം, ആരോഗ്യസംരക്ഷണം, മരുന്നുകള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയെ ക്ഷാമം ബാധിക്കുന്നുണ്ടെന്നും ദക്ഷിണാഫ്രിക്കന്‍ പ്രതിനിധികള്‍ പറഞ്ഞു.
വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം നടന്ന ഇസ്രഈലിന്റെ നിയമ ലംഘനങ്ങളും സര്‍ക്കാര്‍ ചൂണ്ടികാട്ടി. ഗസയില്‍ മാനുഷിക സാഹചര്യം കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ദക്ഷിണാഫ്രിക്കയുടെ പുതിയ നീക്കം.
Content Highlights: Israel did not comply with orders; South Africa goes to the International Court of Justice
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.