ടെൽ അവീവ്: ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങ്നെ ശക്തമായി വിമർശിച്ച് ഇസ്രഈൽ വിദേശകാര്യ മന്ത്രലയം.
ഇസ്രഈൽ സൈനികർ ഒരു ഫലസ്തീനിയൻ ബാലനെ വധിക്കുകയും കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് എറിയുകയും ചെയ്യുന്ന ദൃശ്യങ്ങൾ പങ്കുവച്ചതിനാണ് വിമർശനം.
പ്രസിഡന്റിന്റെ നടപടി അംഗീകരിക്കാൻ കഴിയാത്തതാണെന്നും അപലപനീയമാണെന്നും ഇസ്രഈൽ വ്യക്തമാക്കി.
ലീ ഒരു വ്യാജ അക്കൗണ്ടിൽ നിന്നാണ് ദൃശ്യങ്ങൾ എടുത്തതെന്നും, 2024 ൽ നടന്നതും നേരത്തെ അന്വേഷണം പൂർത്തിയാക്കിയതുമായ ഒരു സംഭവത്തെയാണ് വീണ്ടും വലിച്ചിഴച്ചതെന്നും ഇസ്രഈൽ വിദേശകാര്യ മന്ത്രാലയം എക്‌സിൽ പങ്കുവെച്ച പ്രസ്താവനയിൽ അവകാശപ്പെട്ടു.
ഇസ്രഈലിലെ ഹോളോകാസ്റ്റ് സ്മരണ ദിനത്തിന്റെ തലേന്ന് ഈ ദൃശ്യങ്ങൾ പങ്കുവച്ചതിലൂടെ ജൂത കൂട്ടക്കൊലയെ ലീ നിസാരവത്കരിച്ചതായും മന്ത്രാലയം കുറ്റപ്പെടുത്തി.
ലീ പങ്കുവച്ച വീഡിയോ ഇസ്രഈൽ വിരുദ്ധ പ്രചരണങ്ങൾ നടത്തുന്ന കേന്ദ്രങ്ങൾ നിലവിലെ ഒരു സംഭവം എന്ന നിലയിൽ തെറ്റായി അവതരിപ്പിച്ചതാണെന്ന് പ്രസ്താവനയിൽ അവകാശപ്പെട്ടു.
ഭീകരർക്കെതിരെയുള്ള ഒരു സൈനിക നീക്കത്തിനിടെയാണ് ഈ സംഭവം നടന്നതെന്നും ആ സമയത്ത് ഇസ്രഈൽ സൈനികർ തങ്ങളുടെ ജീവന് ഭീഷണി നേരിടുകയായിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു. ഈ കേസ് സമഗ്രമായി അന്വേഷിക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തതാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇന്നലെ (വെള്ളി) ആയിരുന്നു പലസ്‌തീൻ ബാലനെ ഇസ്രഈൽ സൈന്യം ആക്രമിക്കുന്ന ദൃശ്യം ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുങ് പങ്കുവച്ചത്.
ഈ വീഡിയോയുടെ ആധികാരികത പരിശോധിക്കേണ്ടതും അതിന്മേൽ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് വിലയിരുത്തേണ്ടതും അനിവാര്യമാണെന്ന് എക്സിലെ കുറിപ്പിൽ ലീ പറഞ്ഞു.
ഇസ്രഈൽ തുടർന്നുകൊണ്ടിരിക്കുന്ന മനുഷ്യത്വ രഹിതമായതും അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധവുമായ കാര്യങ്ങളിൽ ലോകരാജ്യങ്ങൾ പ്രതികരിക്കാത്തതിൽ അദ്ദേഹം നിരാശയും പ്രകടിപ്പിച്ചു.
Content Highlight: Israel criticizes South Korean president for sharing brutality of Zionist soldiers