ഐ.എസ്.എല്‍ ഫൈനലില്‍ ഹൈദരാബാദ് എഫ്.സിയെ നേരിടാനിറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ലൈനപ്പായി. മലയാളി താരം സഹല്‍ ഇല്ലാതെയാണ് കോച്ച് ഇവാന്‍ വുകോമനൊവിച്ച് ടീമിനെ കളത്തിലിറക്കുന്നത്.
ആദ്യ ഇലവനിലും സബ്‌സ്റ്റിയൂഷന്‍ പട്ടികയിലും മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ഇല്ല എന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലൈനപ്പ് വ്യക്തമാക്കുന്നത്. എന്നാല്‍ മലയാളി താരം രാഹുല്‍ കെ.പി ഫസ്റ്റ് ഇലവനില്‍ തന്നെ ഇടം നേടിയിട്ടുണ്ടെന്നതാണ് മഞ്ഞപ്പടയെ വീണ്ടും ആവേശത്തിലാഴ്ത്തിയിരിക്കുന്നത്.
അതേസമയം, ജോവോ വിക്ടറിന്റെ നേതൃത്വത്തിലാണ് ഹൈദരാബാദ് പടയ്ക്കിറങ്ങുന്നത്. മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം ഓഗ്ബച്ചെ തന്നെയാണ് ഹൈദരാബാദിന്റെ ആക്രമണത്തിന് തുടക്കം കുറിക്കുന്നത്.
പ്ലേ ഓഫിന്റെ ഒന്നാം പാദത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് സഹലിന് തൊട്ടടുത്ത മത്സരം കളിക്കാന്‍ സാധിച്ചിരുന്നില്ല.
സഹലിന് പിന്നാലെ അഡ്രിയാല്‍ ലൂണയും കളിച്ചേക്കില്ല എന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ വാര്‍ത്തകളെ തള്ളിക്കൊണ്ടായിരുന്നു ടീം മാനേജ്‌മെന്റ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്.
ജംഷഡ്പൂരിനെതിരായ രണ്ടാം പാദ പ്ലേ ഓഫ് മത്സരത്തില്‍ നിഷു കുമാറായിരുന്നു സഹലിന് പകരക്കാരനായി ബൂട്ടുകെട്ടിയത്. ആദ്യ പാദത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായൊരു ടീമിനെയായിരുന്നു വുകോമനൊവിച്ച് മൈതാനത്ത് വിന്യസിച്ചത്.
മത്സരത്തിന്റെ ആദ്യ പാദത്തില്‍ സഹല്‍ നേടിയ വണ്ടര്‍ ഗോളായിരുന്നു ബ്ലാസ്റ്റേഴ്‌സിന് ഫൈനലിലേക്കുള്ള വഴി തുറന്നത്. രണ്ടാം പാദം സമനിലയായെങ്കിലും, 2-1 എന്ന അഗ്രഗേറ്റ് സ്‌കോറില്‍ ബ്ലാസ്റ്റേഴ്‌സ് ഫൈനലിലേക്ക് കുതിക്കുകയായിരുന്നു.
മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ പ്രവേശിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും കൊല്‍ക്കത്തയോട് പരാജയപ്പെടാനായിരുന്നു വിധി. മൂന്നാം തവണ ഫൈനലിലെത്തി നില്‍ക്കുമ്പോള്‍, അതേ കൊല്‍ക്കത്തയെ തോല്‍പിച്ചാണ് ഹൈദരാബാദ് ഫൈനലിലെത്തിയത് എന്ന പ്രത്യേകതയുമുണ്ട്.