ഐ.എസ്.എല്‍: കലാശപോരാട്ടം ഇന്ന്; വിസില്‍ മുഴുങ്ങുന്നതിനു മുന്നേ ചരിത്രമെഴുതി ഫൈനല്‍
ISL
ഐ.എസ്.എല്‍: കലാശപോരാട്ടം ഇന്ന്; വിസില്‍ മുഴുങ്ങുന്നതിനു മുന്നേ ചരിത്രമെഴുതി ഫൈനല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 17th March 2018, 4:48 pm

ബെംഗളൂരു: ഐ.എസ്.എല്‍ നാലാം സീസണിന്റെ കലാശപോരാട്ടം ഇന്നു ബെംഗളൂരു ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടക്കും. മുന്‍ ചാമ്പ്യന്മാരായ ചെന്നൈയ്ന്‍ എഫ്.സി ആദ്യമായി ഐ.എസ്.എല്ലിനിറങ്ങിയ ബെംഗളൂരു എഫ്.സിയുമായാണ് ഫൈനലില്‍ ഏറ്റുമുട്ടുക.

ഫൈനല്‍ വിസിലിനു മുന്നേ ചരിത്രത്തില്‍ ഇടംപിടിച്ച മത്സരമായി മാറിയിരിക്കുകയാണ് നാലാം സീസണ്‍ ഫൈനല്‍. ലീഗില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തിയ ടീമുകള്‍ ഇതുവരെയും ഐ.എസ്.എല്ലിന്റെ ഫൈനലില്‍ ഏറ്റുമുട്ടിയിട്ടില്ല. എന്നാല്‍ ഇത്തവണ സീസണില്‍ സമ്പൂര്‍ണ്ണ ആധിപത്യത്തോടെ ഒന്നാം സ്ഥാനത്തെത്തിയ ബെംഗളൂരുവും രണ്ടാം സ്ഥാനക്കാരായ ചെന്നൈയുമാണ് ഏറ്റുമുട്ടുക.


Also Read: നിങ്ങളെ മോണവേദന അലട്ടുന്നുണ്ടോ? നിസ്സാരമാക്കരുത്; ചിലപ്പോള്‍ ഈ മാരകരോഗത്തിന്റെ സൂചനയാകാം…


18 മത്സരങ്ങളില്‍ 40 പോയിന്റുമായാണ് ബെഗളൂരു ലീഗില്‍ ഒന്നാമതെത്തിയത്. 13 ജയവും 4 തോല്‍വിയും 1 തോല്‍വിയും ഉള്‍പ്പെട്ടതായിരുന്നു ബെംഗളൂരുവിന്റെ കുതിപ്പ്. മറുഭാഗത്ത് രണ്ടാമതെത്തിയ ചെന്നൈയാകട്ടെ 18 മത്സരങ്ങളില്‍ നിന്നു 32 പോയിന്റുകളാണ് നേടിയത്. 9 ജയവും 5 സമനിലയും 4 തോല്‍വിയും അടങ്ങുന്നതയാിരുന്നു ചെന്നൈയുടെ സീസണ്‍.

ഇതിനു മുമ്പ് ഇരു ടീമുകളും രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ ഇരു ടീമുകളും ഓരോ വിജയം സ്വന്തമാക്കി തുല്യത പാലിച്ചു. അതേസമയം ലീഗില്‍ ഒന്നാമതെത്തുന്ന ടീം ഇതുവരെ കപ്പുയര്‍ത്തിയിട്ടില്ലെന്ന ആശങ്ക ബെംഗളൂരു ക്യാമ്പിനുണ്ടാകാന്‍ സാധ്യതയുണ്ട്.

ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി നയിക്കുന്ന ബെംഗളൂരു തകര്‍പ്പന്‍ ഫോമിലാണ്. ഛേത്രിയും മിക്കുവും നയിക്കുന്ന അക്രമത്തെ പ്രതിരോധിക്കുക എന്നത് ചെന്നൈയ്ക്ക് കടുപ്പമേറിയ ജോലിയായിരിക്കും.

തകര്‍പ്പന്‍ ഫോമില്‍ മുന്നേറുന്ന ജെ ജെ നയിക്കുന്ന ചെന്നൈ മുന്നേറ്റനിരയുടെ നീക്കങ്ങളും പ്രവചനാതീതമാകും. ജെ ജെയെക്ക് പുറമെ ധന്‍പാല്‍ ഗണേശ്, ഫായേല്‍, ഗിഗറി നെല്‍സണ്‍ എന്നിവരും ചെന്നൈ നിരയ്ക്ക് കരുത്തേകും.