പുത്തന്‍ മാറ്റങ്ങള്‍ക്ക് ഒരുങ്ങി ഇന്ത്യ; അരങ്ങേറി യുവതാരങ്ങള്‍
Sports News
പുത്തന്‍ മാറ്റങ്ങള്‍ക്ക് ഒരുങ്ങി ഇന്ത്യ; അരങ്ങേറി യുവതാരങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 12th July 2023, 9:08 pm

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് മത്സരം ആരംഭിച്ചിരിക്കുകയാണ്. രണ്ട് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഡൊമനിക്കയിലെ വിന്‍ഡ്സര്‍ പാര്‍ക്കില്‍ വെച്ചാണ് നടക്കുന്നത്. ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബൗളിങ്ങിനയച്ചു. ബാറ്റിങ്ങിന് അനുകൂലമായ പിച്ചാണെന്നാണ് മത്സരത്തിന് മുന്നേയുള്ള റിപ്പോര്‍ട്ടുകള്‍.

വമ്പന്‍ മാറ്റങ്ങളുമായാണ് ഇന്ത്യ ടീം മത്സരത്തിന് ഇറങ്ങിയിരിക്കുന്നത്. വെറ്ററന്‍ താരമായ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേത്വേശര്‍ പൂജാരയെ ഒഴിവാക്കികൊണ്ടായിരുന്നു ഇന്ത്യ ടീം പ്രഖ്യാപിച്ചത്. അദ്ദേഹത്തിന് പകരം യശ്വസ്വി ജെയ്‌സ്വാള്‍ ടീമിലെത്തിയെങ്കിലും ജെയ്‌സ്വാള്‍ ഓപ്പണിങ്ങിലാണ് കളിക്കുക. പൂജാരയുടെ സ്ഥാനത്ത് ശുഭ്മന്‍ ഗില്ലാണ് ബാറ്റ് വീശുക.

ഓപ്പണിങ്ങിലേക്ക് എത്തിയ ജെയ്‌സ്വാളിന്റെയും വിക്കറ്റ് കീപ്പര്‍ ബാറ്ററായി ടീമില്‍ നറുക്ക് വീണ ഇഷാന്‍ കിഷനിന്റെയും ആദ്യ ടെസ്റ്റ് മത്സരത്തിനാണ് കാണികള്‍ സാക്ഷിയാകുന്നത്. ഡബ്ല്യു.ടി.സി. ഫൈനലില്‍ മോശം പ്രകടനം കാഴ്ചവെച്ച കെ.എസ്. ഭരത്തിന് പകരമാണ് കിഷന്‍ ടീമിലെത്തിയത്. ടീമിലെ പ്രധാന കീപ്പര്‍മാരായ റിഷബ് പന്തിനും കെ.എല്‍. രാഹുലിനും പരിക്കേറ്റത് കിഷന്റെ സാധ്യത വര്‍ധിപ്പിച്ചു.

ഇതോടെ ഇന്ത്യന്‍ ടീമില്‍ ജഡേജയടക്കം മൂന്ന് ലെഫ്റ്റ് ഹാന്‍ഡര്‍ ബാറ്റര്‍മാരായി. മികച്ച പ്രകടനം നടത്തി ടീമിലെ സ്ഥാനം ഉറപ്പിക്കാനായിരിക്കും ഈ താരോദയങ്ങള്‍ ശ്രമിക്കുക. കഴിഞ്ഞ രണ്ട് ഡബ്ല്യു.ടി.സി സൈക്കിളിലും ഫൈനലില്‍ തോറ്റ ഇന്ത്യ ടീമിന്റെ മൊത്തത്തിലുള്ള അന്തരീക്ഷം മാറ്റാനുള്ള ശ്രമത്തിന്റെയും പുറത്താണ് ഈ പുതിയ തുടക്കം എന്നാണ് നിരീക്ഷണം.

ഇപ്പോള്‍ ലഭിക്കുന്ന വിവരം അനുസരിച്ച് വിന്‍ഡീസ് 40 റണ്‍സ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ്. ഇന്ത്യക്കായി അശ്വിനാണ് രണ്ട് വിക്കറ്റും നേടിയത്. നായകന്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റും തഗ്‌നരെയ്ന്‍ ചന്ദ്രപോളുമാണ് പുറത്തായ ബാറ്റര്‍മാര്‍. ചന്ദ്രപോള്‍ 12ഉം ബ്രാത് വെയ്റ്റ് 20ഉം റണ്ണാണ് നേടിയത്.

Content Highlight: Ishan Kishan And Jaiswal is Making Debut in Test Cricket