മലയാള സിനിമയിൽ ആദ്യമായി മുഴുനീള WWE സ്റ്റൈൽ ആക്ഷൻ–കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ചത്താ പച്ച’. അർജുൻ അശോകൻ നായകനായി എത്തുന്ന ചിത്രം ജനുവരി 22ന് തീയേറ്ററുകളിലെത്തും.
ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതോടെ നിരവധി സസ്പെൻസുകൾ ഒളിപ്പിച്ചിരിക്കുന്ന ചിത്രമെന്ന സൂചനയാണ് പ്രേക്ഷകർക്ക് ലഭിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്ന അഭ്യൂഹങ്ങളും ശക്തമാണ്.
അർജുൻ അശോകനോടൊപ്പം റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത്, വിശാഖ് നായർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ വ്യത്യസ്തമായ ലുക്കും ഭാവവുമാണ് ഓരോ കഥാപാത്രത്തിനും നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ഇവരുടെ ക്യാരക്ടർ പോസ്റ്ററുകൾ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.
ചിത്രത്തിന്റെ ഷൂട്ടിംഗ് അനുഭവങ്ങളെക്കുറിച്ച് ഇഷാൻ ഷൗക്കത്ത് സംസാരിച്ച വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഫിലിം ബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്.
‘ഏത് പ്രോജക്റ്റ് തുടങ്ങുമ്പോഴും എനിക്ക് വലിയ ടെൻഷനാണ്. അതുകൊണ്ട് തന്നെ നല്ല രീതിയിൽ പ്രിപെയർ ചെയ്തിട്ടാണ് സെറ്റിലേക്ക് പോകുന്നത്. ഷൂട്ടിങ് സെറ്റിൽ പ്രശ്നങ്ങളൊന്നും ഉണ്ടാകരുത് എന്നൊരു മൈൻഡ് സെറ്റിലാണ് ഞാൻ എത്താറുള്ളത്. എന്നാൽ അവിടെ എത്തി ക്യാരക്ടറിന്റെ ബോഡി ലാംഗ്വേജും സ്വഭാവവും മനസ്സിലായാൽ പിന്നെ പ്രശ്നമില്ല.
ചത്താ പച്ച ഷൂട്ടിന്റെ മൂന്നാമത്തെ ദിവസമായിരുന്നു എന്റെ ഫസ്റ്റ് ഷോട്ട്. ഒരു ബോട്ടിലിരുന്നുള്ള രംഗമായിരുന്നു അത്. അന്ന് നല്ല മഴയുണ്ടായിരുന്നു, ഷൂട്ട് ഉണ്ടാകില്ലെന്നൊക്കെയായിരുന്നു പറഞ്ഞിരുന്നത്. അതുകൊണ്ട് കോസ്റ്റ്യൂം പോലും മാറിയിട്ടില്ലായിരുന്നു. അപ്പോഴാണ് പെട്ടെന്ന് ഷൂട്ട് ഉണ്ടെന്ന് പറഞ്ഞ് വേഗം റെഡിയായി വരാൻ ആവശ്യപ്പെട്ടത്. ഇല്ലെന്ന് പറഞ്ഞിടത്ത് നിന്ന് പെട്ടെന്ന് റെഡിയാകാൻ പറഞ്ഞപ്പോൾ ശരിക്കും ഞെട്ടിപ്പോയി,’ ഇഷാൻ ഷൗക്കത്ത് പറഞ്ഞു.
നവാഗത സംവിധായകൻ അദ്വൈത് നായർ ആണ് ‘ചത്താ പച്ച’ സംവിധാനം ചെയ്യുന്നത്. അർജുൻ അശോകൻ- ലോക്കോ ലോബോ, റോഷൻ മാത്യു- വെട്രി, വിശാഖ് നായർ -ചെറിയാൻ, ഇഷാൻ ഷൗക്കത്ത്- ലിറ്റിൽ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തിൽ എത്തുന്നത്. നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ തന്നെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിച്ചിരുന്നു.
Content Highlight: Ishaan Shaukat talk about his shooting experience of the movie Chatha Pacha
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.