മെസി കളിക്കുമോ? പി.എസ്.ജിയുടെ സ്ട്രാറ്റജി ഇങ്ങനെ
Football
മെസി കളിക്കുമോ? പി.എസ്.ജിയുടെ സ്ട്രാറ്റജി ഇങ്ങനെ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 6th September 2022, 8:25 pm

യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് തുടക്കമാവുകയാണ്. സൂപ്പര്‍ താരങ്ങളും സൂപ്പര്‍ ടീമുകളും ചാമ്പ്യന്‍സ് ലീഗിന്റെ കിരീടത്തില്‍ മുത്തമിടാന്‍ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ്.

ലീഗ് വണ്ണിലെ സൂപ്പര്‍ ടീമും ഫ്രഞ്ച് വമ്പന്‍മാരുമായ പാരീസ് സെന്റ് ഷെര്‍മാങ്ങും യു.സി.എല്‍ കിരീടം ലക്ഷ്യമിട്ട് കളത്തിലിറങ്ങുകയാണ്. സീരി എയിലെ മുന്‍നിര ടീമായ യുവന്റസാണ് പി.എസ്.ജിയുടെ ആദ്യ എതിരാളികള്‍.

ബെന്‍ഫിക്ക, യുവന്റസ് മഖാബി ഹാഫിയ എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് എച്ചിലാണ് പി.എസ്.ജി. ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമതായി തന്നെ ഫിനിഷ് ചെയ്യാനാണ് പി.എസ്.ജി ഒരുങ്ങുന്നത്.

മികച്ച പ്രകടനമാണ് ലീഗ് വണ്ണില്‍ ഗാള്‍ട്ടിയറിന്റെ കുട്ടികള്‍ പുറത്തെടുക്കുന്നത്. പരാജയമറിയാതെ മുന്നേറുന്ന പി.എസ്.ജി കഴിഞ്ഞ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു വിജയിച്ചത്.

ഗോളടിക്കാന്‍ സാധിച്ചില്ലെങ്കിലും ഗോളടിപ്പിച്ചാണ് മെസി മത്സരത്തില്‍ താരമായത്. രണ്ട് അസിസ്റ്റാണ് താരം മത്സരത്തില്‍ സ്വന്തമാക്കിയത്.

യുവന്റസിനെതിരെ നടക്കുന്ന മത്സരകത്തില്‍ മെസി സ്റ്റാര്‍ട്ടിങ് ഇലവനില്‍ കളിക്കാന്‍ തന്നെയാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ക് ഡെസ് പ്രിന്‍സെസില്‍ നടക്കുന്ന മത്സരത്തില്‍ യുവന്റസിന്റെ കോട്ട പൊളിക്കാന്‍ മെസിയെ ഗാള്‍ട്ടിയര്‍ ഇറക്കിവിടുമെന്നാണ് പുറത്തുവരുന്ന സൂചന.

എന്നാല്‍ നേരത്തെ മെസി, നെയ്മര്‍, എംബാപ്പെ എന്നിവരെ ഒരുമിച്ച് കളത്തിലിറക്കില്ല എന്ന് ഗാള്‍ട്ടിയര്‍ നേരത്തെ പറഞ്ഞിരുന്നു. മൂന്ന് പേരെയും 90 മിനിറ്റും ഗ്രൗണ്ടില്‍ ഇറക്കുന്നത് അസാധ്യമായിരിക്കുമെന്നാണ് ഗാള്‍ട്ടിയറിന്റെ അഭിപ്രായം.

ഗാള്‍ട്ടിയറിന്റെ ഈ സ്ട്രാറ്റജി വ്യക്തമാക്കുന്ന തന്ത്രമായിരുന്നു ലീഗ് വണ്ണില്‍ നാന്റോസിനെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ കണ്ടത്.

മാരക ഫോമില്‍ കളിക്കുന്ന നെയ്മറിനെ ബെഞ്ചിലിരുത്തിയായിരുന്നു ഗാള്‍ട്ടിയര്‍ ടീമിനെ കളത്തില്‍ വിന്യസിച്ചത്. പാബ്ലോ സരാബിയയെയായിരുന്നു നെയ്മറിന് പകരക്കാരനായി ഗാള്‍ട്ടിയര്‍ കളത്തിലിറക്കിയത്.

വരാനിരിക്കുന്ന മത്സരത്തിലും ഗാള്‍ട്ടിയര്‍ ഈ സ്ട്രാറ്റജി തന്നെ പ്രാവര്‍ത്തികമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനാല്‍ തന്നെ ഏത് സൂപ്പര്‍ താരമാവും സ്റ്റാര്‍ട്ടിങ് ഇലവിനില്‍ നിന്നും പുറത്താവുക എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ നോക്കുന്നത്.

ഒന്നിന് പിന്നാലെ ഒന്നായി മത്സരങ്ങള്‍ വരുന്നതിനാല്‍ എല്ലാ താരങ്ങള്‍ക്കും തൊണ്ണൂറ് മിനിട്ടും കളിക്കുന്നത് പ്രായസമാണെന്ന് ഗാള്‍ട്ടിയര്‍ പറഞ്ഞതായി കള്‍ച്ചര്‍ പി.എസ്.ജി റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ഞങ്ങള്‍ ഒരുപാട് മത്സരങ്ങള്‍ കളിക്കുന്നു. ഓരോ മൂന്ന് അല്ലെങ്കില്‍ നാല് ദിവസങ്ങള്‍ കഴിയുമ്പോഴും നമുക്ക് മത്സരങ്ങള്‍ വരുന്നുണ്ട്. ലോകകപ്പാണ് ഇതിന് പിന്നാലെ വരുന്നത്. ഇതുകൊണ്ടുതന്നെ എല്ലാ താരങ്ങള്‍ക്കും തൊണ്ണൂറ് മിനിട്ട് കളിക്കുന്നത് അസാധ്യമാണെന്ന് എല്ലാവരും മനസിലാക്കണം,’ ഗാള്‍ട്ടിയര്‍ പറയുന്നു.

തന്റെ പുതിയ സ്ട്രാറ്റജിയായ റൊട്ടേഷനെ കുറിച്ച് ടീമിനോട് സംസാരിച്ചിട്ടുണ്ടെന്നും അവര്‍ അത് മനസിലാക്കിയെന്നും ഗാള്‍ട്ടിയര്‍ പറഞ്ഞു.

ലീഗ് വണ്ണില്‍ ആറ് മത്സരത്തില്‍ നിന്നും അഞ്ച് ജയവും ഒരു സമനിലയുമായി പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് പി.എസ്.ജി. ലീഗ് വണ്ണില്‍ ബ്രെസ്റ്റുമായിട്ടാണ് (Brest) പി.എസ്.ജിയുടെ അടുത്ത മത്സരം.

 

content highlight: Is Lionel Messi playing for PSG against Juventus in UEFA Champion’s League ?