രാമക്ഷേത്ര ഫണ്ട് തട്ടിപ്പ് മതപരമായ കാര്യം; മതമില്ലാത്തവര്‍ അതില്‍ ഇടപെടേണ്ടെന്ന് ബി.ജെ.പി നേതാവ്
India
രാമക്ഷേത്ര ഫണ്ട് തട്ടിപ്പ് മതപരമായ കാര്യം; മതമില്ലാത്തവര്‍ അതില്‍ ഇടപെടേണ്ടെന്ന് ബി.ജെ.പി നേതാവ്
സിജൊ
Sunday, 21st June 2026, 2:52 pm

ന്യൂദല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ ഫണ്ട് തിരിമറിയില്‍ വിമര്‍ശനം ഉന്നയിക്കുന്ന പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി ബി.ജെ.പി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്‌വി.
‘മതരഹിതരായ ആളുകള്‍’ മതപരമായ കാര്യങ്ങളില്‍ ഇടപെടരുതെന്ന് നഖ്‌വി പറഞ്ഞു.രാമക്ഷേത്രത്തിലെ ഫണ്ട് തട്ടിപ്പിനെക്കുറിച്ചുള്ള സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ പ്രസ്താവനയെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യക്ക് മറുപടി നല്‍കുകയായിരുന്നു നഖ്‌വി.

‘ഇത് ഒരു മതപരമായ വിഷയമാണ്. എന്തിനാണ് മതമില്ലാത്തവര്‍ ഇതില്‍ ഇടപെടാന്‍ ശ്രമിക്കുന്നത്. അത് ഒരു മതപരമായ പ്രശ്‌നമായി തന്നെ തുടരട്ടെ. മതരഹിതരായവര്‍ ഇതിലേക്ക് ഇടപെടാന്‍ ശ്രമിക്കേണ്ട,’ എന്നാണ് നഖ്‌വി പറഞ്ഞത്.

ഉത്തര്‍ പ്രദേശ് സര്‍ക്കാരും ക്ഷേത്ര ഭരണാധികാരികളും ഈ വിഷയത്തെ സമചിത്തതയോടെ കൈകാര്യം ചെയ്യുന്നുണ്ടെന്നും നഖ്‌വി അവകാശപ്പെട്ടിരുന്നു. യു.പിയിലെ റാംപൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുന്‍ കേന്ദ്ര മന്ത്രി കൂടിയായ നഖ്‌വി.

ചിലര്‍ രാഷ്ട്രീയ മുന്‍വിധിയോടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അതിലൂടെ അവര്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും നഖ്‌വി ആരോപിച്ചു. ‘ ചില വ്യക്തികള്‍ പ്രൊപ്പഗണ്ടകള്‍ നടത്തുകയാണ്. അവര്‍ക്ക് മുന്‍വിധികളും രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ട്. അങ്ങനെ ചെയ്യുന്നതില്‍ നിന്ന് അവര്‍ വിട്ടു നില്‍ക്കണം,’ നഖ്‌വി പറഞ്ഞു.

അയോധ്യ രാമക്ഷേത്ര ഫണ്ട് തട്ടിപ്പ് കേസില്‍ കോടികളുടെ തിരിമറി നടന്നതായാണ് വിവരം. സംഭവത്തില്‍ പ്രത്യക അന്വേഷണ സംഘത്തിന്റെ അന്വേഷണം തുടരുകയാണ്. ക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട 150 ഓളം പേര്‍ക്ക് ഫണ്ട് തിരിമറിയില്‍ ബന്ധമുള്ളതായി സംശയിക്കപ്പെടുന്നു. ഇതില്‍ 25 പേര്‍ക്കെതിരെ എസ്.ഐ.ടി നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നാണ് വിവരം.

രാമക്ഷേത്രത്തിന് ലഭിച്ച സംഭാവനകളില്‍ ക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ടവര്‍ തിരിമറി നടത്തിയെന്നാണ് കേസ്. സംഭാവനകളില്‍ നിന്ന് പണവും സ്വര്‍ണം, വെള്ളി, രത്ന ആഭരണങ്ങളും ക്ഷേത്ര ട്രസ്റ്റ് അധികൃതര്‍ അടക്കമുള്ളവര്‍ തട്ടിയെടുത്തുവെന്നാണ് ആരോപണം.

ക്ഷേത്രത്തില്‍ ആകെ 1500ഓളം ജീവനക്കാരാനുള്ളത്. ഇതില്‍ 90 ശതമാനവും ആര്‍.എസ്.എസ് പശ്ചാത്തലമുള്ളവരാണ്. ട്രസ്റ്റ് ഭാരവാഹികളിലും ആര്‍.എസ്.എസുകാരാണ് കൂടുതല്‍. മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവുംവിശ്വ ഹിന്ദു പരിഷത്ത് വൈസ് പ്രസിഡന്റും ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായ ചമ്പത് റായിക്കെതിരെ കേസില്‍ എസ്.ഐ.ടിയുടെ നടപടിയുണ്ടാകുമെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചമ്പത്ത് രാജിന്റെ സഹായി ടിന്നുവാണ് കേസിലെ മുഖ്യ പ്രതികളിലൊരാള്‍. ഇയാള്‍ക്കൊപ്പം സംഭാവനങ്ങള്‍ എണ്ണി തിട്ടപ്പെടുത്താനുള്ള ചുമതലയുണ്ടായിരുന്ന ലവകുശ് മിശ്ര, അനുകല്‍പ് മിശ്ര, അവനീഷ്, കരുണേ എന്നിവരും മുഖ്യ പ്രതികളാണ്. ഇവരില്‍ നിന്ന് ലഭിച്ച വിവരം പ്രകാരം എസ്.ഐ.ടി രണ്ട് കോടി രൂപ കണ്ടെടുത്തിരുന്നു. ടിന്നു യാദവിന്റെ വീട്ടില്‍ നിന്ന് ഏതാനും ദിവസം മുമ്പ് സ്വര്‍ണവും കണ്ടെത്തിയിരുന്നു.

രാമ ക്ഷേത്രത്തില്‍ നിന്ന് അഞ്ച് കോടിക്കും ഏഴര കോടിക്കും ഇടയിലുള്ള പണം മോഷണം പോയെന്ന യു.പി മുന്‍ മന്ത്രി പവന്‍ പാണ്ഡേയുടെ ആരോപണത്തെത്തുടര്‍ന്നാണ് സംഭാവന തിരിമറി സംബന്ധിച്ച ചര്‍ച്ചകളുയര്‍ന്നത്. പിന്നീട് ഈ വിഷയത്തില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് യു.പി സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്നും അഖിലേഷ് ചോദിച്ചിരുന്നു. ഇതിന് പിറകേയാണ് വിഷയം കൂടുതല്‍ ചര്‍ച്ചയായതും അന്വേഷണം അടക്കമുള്ള നടപടികളിലേക്ക് പോയതും.

Content Highlight: Irreligious should not speak: BJP’s Naqvi on Ram Temple fund row