| Thursday, 5th March 2026, 3:20 pm

ഇന്ത്യയുടെ അഥിതിയായിരുന്നപ്പോഴാണ് ഐറിസ് ദേന തകർക്കപ്പെട്ടതെന്ന് അരാഗ്ചി; നിഷേധിച്ച് കേന്ദ്രം

യെലന കെ.വി

ന്യൂദല്‍ഹി: ശ്രീലങ്കന്‍ തീരത്തിന് സമീപം അമേരിക്കന്‍ ആക്രമണത്തില്‍ ഇറാനിയന്‍ യുദ്ധക്കപ്പലായ ‘ഐറിസ് ദേന’ തകര്‍ന്ന സംഭവത്തില്‍ വിശദീകരണവുമായി ഇന്ത്യ.

വിശാഖപട്ടണത് നടന്ന അന്താരാഷ്ട്ര നാവികാഭ്യാസമായ ‘മിലാന്‍-2026’, ‘ഇന്റര്‍നാഷണല്‍ ഫ്‌ലീറ്റ് റിവ്യൂ’ എന്നിവയില്‍ പങ്കെടുക്കാനാണ് ഐറിസ് ദേന ഇന്ത്യയിലെത്തിയത്.

ഫെബ്രുവരി 16 മുതല്‍ 25 വരെ നീണ്ടുനിന്ന ചടങ്ങുകളില്‍ അമേരിക്കയടക്കം എഴുപതോളം രാജ്യങ്ങള്‍ പങ്കെടുത്തിരുന്നു.

ഫെബ്രുവരി 25-ന് ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയാണ് കപ്പല്‍ ഇന്ത്യ വിട്ടത്.

ഇസ്രഈലും അമേരിക്കയും സംയുക്തമായി ഇറാനില്‍ ആക്രമണം നടത്തിയ സമയത്ത് കപ്പല്‍ ഇന്ത്യന്‍ സമുദ്രപരിധിക്ക് പുറത്തായിരുന്നു.

മാര്‍ച്ച് 4-ന് പുലര്‍ച്ചെ ശ്രീലങ്കയിലെ ഗാലെ തീരത്തിന് സമീപം വെച്ചാണ് കപ്പലിന് നേരെ അമേരിക്കന്‍ അന്തര്‍വാഹിനിയുടെ ആക്രമണമുണ്ടായത്.

അമേരിക്കന്‍ ടോര്‍പ്പിഡോ പ്രഹരത്തില്‍ തകര്‍ന്ന കപ്പലിലുണ്ടായിരുന്ന 180 നാവികരില്‍ 87 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

സംഭവസ്ഥലത്ത് നിന്ന് 32 പേരെ ശ്രീലങ്കന്‍ നാവികസേന രക്ഷപ്പെടുത്തിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായി കടലില്‍ തിരച്ചില്‍ തുടരുകയാണ്.

ഇന്ത്യയുടെ അതിഥിയായിരുന്ന സമയത്താണ് കപ്പല്‍ ആക്രമിക്കപ്പെട്ടതെന്ന ഇറാന്റെ ആരോപണങ്ങളെ ഇന്ത്യ തള്ളി.

ചടങ്ങുകള്‍ കഴിഞ്ഞ് മടങ്ങിയ കപ്പലിന്റെ സുരക്ഷയില്‍ ഇന്ത്യക്ക് പങ്കില്ലെന്നും, ആക്രമണം നടന്ന പ്രദേശം ശ്രീലങ്കയുടെ രക്ഷാപ്രവര്‍ത്തന പരിധിയിലാണ് വരുന്നതെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം, ഇന്ത്യയുടെ തൊട്ടടുത്ത് വെച്ച് ഇത്തരമൊരു ആക്രമണം നടന്നതില്‍ പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

.ഈ സംഭവത്തെ ‘കടലിലെ ക്രൂരത’ എന്ന് വിശേഷിപ്പിച്ച ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, അമേരിക്ക ഇതിന് വലിയ വില നല്‍കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി.

Content Highlight: IRIS Dena was not ‘India’s guest’ after leaving on Feb 25: Govt sources

യെലന കെ.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.

We use cookies to give you the best possible experience. Learn more