തൃശൂര്‍: ഇരിങ്ങാലക്കുട കാരിക്കുളങ്ങര നരസിംഹ ക്ഷേത്രത്തില്‍ നിറത്തിന്റെ പേരില്‍ ജാതി അധിക്ഷേപം നടത്തിയ ബീന കൃഷ്ണകുമാറിനെ പുറത്താക്കി എന്‍.എസ്.എസ്. കഴിഞ്ഞ ദിവസം ചേര്‍ന്ന എന്‍.എസ്.എസ് യോഗത്തിലാണ് തീരുമാനം. ജൂലൈ 20ന് നടന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്.
ക്ഷേത്രത്തിലെ മുന്‍ മേല്‍ശാന്തിയായ വി.വി സത്യനാരായണനെയാണ് ബീന കൃഷ്ണകുമാർ അധിക്ഷേപിച്ചത്. സത്യനാരാണന്റെ ശരീരത്തിന്റെ നിറം കറുപ്പാണെന്ന് പറഞ്ഞ ബീന, അദ്ദേഹത്തെ ‘പൂണിലിട്ട പുലയന്‍’ എന്ന് വിളിച്ച് അധിക്ഷേപിക്കുകയായിരുന്നു. സത്യനാരായണനെ ബീന കൃഷ്ണകുമാർ അധിക്ഷേപിക്കുന്നതിന്റെ ഫോണ്‍ സംഭാഷണവും പുറത്തുവന്നിരുന്നു.
ബിംബത്തില്‍ പൂക്കള്‍ അര്‍പ്പിക്കുന്ന അവനെ വിളിക്കേണ്ടത് ‘പൂണൂലിട്ട പെലയന്‍’ എന്നാണെന്നും പ്ലാവില കുത്തിയവരാണെന്നും തന്റെ ശരീരത്തില്‍ കൂടി ഓടുന്നത് രക്തമാണെന്നുമാണ് യുവതി സംഭാഷണത്തിനിടെ പറയുന്നത്.
അതേസമയം ബീന കൃഷ്ണകുമാറിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ വിശദീകരണം തേടിയ മാധ്യമങ്ങളോട്, പരാമര്‍ശം യുവതിയുടെ വ്യക്തിപരമായ നിലപാടുകളാണെന്നും സംഘടനയ്ക്ക് അത്തരത്തിലൊരു ചിന്താഗതിയില്ലെന്നുമാണ് എന്‍.എസ്.എസ് പ്രതികരിച്ചത്.
എന്നാല്‍ ജാതി അധിക്ഷേപത്തില്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നതോടെ എന്‍.എസ്.എസ് നടപടിയെടുക്കുകയായിരുന്നു. ഇതിനുമുമ്പും സമാനമായ രീതിയില്‍ ബീന കൃഷ്ണന്‍ ജാതി അധിക്ഷേപം നടത്തിയിരുന്നു. ഇതിനെതിരെ കേരള പുലയര്‍ സഭ പരാതിപ്പെടുകയും ചെയ്തിരുന്നു.
കാരിക്കുളങ്ങര നരസിംഹ ക്ഷേത്രത്തില്‍ സത്യനാരായണന്‍ അഞ്ച് വര്‍ഷത്തോളമാണ് ജോലി ചെയ്തിരുന്നത്. ഇക്കാലയളവില്‍ എല്ലാം എന്‍.എസ്.എസ് ഇതര ഭക്തരും തന്നെപ്പോലെ വിവേചനം നേരിട്ടിട്ടുണ്ടെന്ന് സത്യനാരായണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
നിലവില്‍ മുന്‍ ഭരണസമിതി സെക്രട്ടറി ജലജ എസ്. മേനോനെ മര്‍ദിച്ച സംഭവത്തിലും പൊലീസ് കേസെടുത്തിട്ടുണ്ട്. സത്യനാരായണനെതിരായ ജാതി അധിക്ഷേപത്തെയും ക്ഷേത്രം കൈയേറാനുള്ള എന്‍.എസ്.എസിന്റെ നീക്കങ്ങളെയും എതിര്‍ത്തോടെ ബീന കണ്ണനും സുഹൃത്തായ സുമ ഗോപിനാഥും ചേര്‍ന്നാണ് ജലജ മേനോനെ മര്‍ദിച്ചത്.
പിന്നീട് മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ അടക്കം ഹാജരാക്കി ജലജ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ ജലജ മേനോൻ ആറ് തവണ പരാതിയുമായി സമീപിച്ചെങ്കിലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയ്യാറായിരുന്നില്ല.
മുഖ്യമന്ത്രി പിണറായി വിജയന്‍, തൃശൂര്‍ റൂറല്‍ എസ്.പി എന്നിവര്‍ക്കുള്‍പ്പെടെ ആറ് തവണ പരാതി നല്‍കിയെങ്കിലും ബീന കൃഷ്ണകുമാറിനെതിരെ നടപടിയെടുത്തിരുന്നില്ല. സമ്മര്‍ദം ഉയര്‍ന്നതോടെ പൊലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.
Content Highlight: Action taken against caste abuse in Irinjalakuda; NSS expels Beena Krishnakumar