ടെഹ്റാന്‍: ഇറാനിലെ സുപ്രധാനമായ സര്‍വകലാശാലയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രത്യാക്രമണം നടത്തുമെന്ന് പ്രഖ്യാപിച്ച് ഇസ്‌ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ്‌സ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി). പ്രത്യാക്രമണത്തിന്റെ ലക്ഷ്യങ്ങള്‍ പശ്ചിമേഷ്യയിലെ ഇസ്രാഈല്‍, യു.എസ് സര്‍വകലാശാലകളായിരിക്കുമെന്നും സേന ശനിയാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചു.
ടെഹ്റാനിലെ സയന്‍സ് ആന്‍ഡ് ടെക്നോളജി സര്‍വകലാശാലയില്‍ കഴിഞ്ഞദിവസം നടന്ന വ്യോമാക്രമണത്തിന് പിന്നില്‍ അമേരിക്കന്‍-സയണിസ്റ്റ് ആക്രമണ സേനകളാണെന്ന് ഐ.ആര്‍.ജി.സി പ്രതികരിച്ചിരുന്നു. മേഖലയിലെ എല്ലാ യു.എസ്, ഇസ്രഈലി അമേരിക്കന്‍ സര്‍വകലാശാലകളും തങ്ങളുടെ ആക്രമണങ്ങളുടെ ലക്ഷ്യങ്ങളായി കണക്കാക്കുമെന്ന് ഐ.ആര്‍.ജി.സി പ്രസ്താവനയിലൂട അറിയിച്ചു.
മേഖലയിലെ അമേരിക്കന്‍ സര്‍വകലാശാലകളിലെ എല്ലാ ജീവനക്കാരും, പ്രൊഫസര്‍മാരും, വിദ്യാര്‍ത്ഥികളും, സമീപവാസികളും സ്വന്തം സുരക്ഷയ്ക്കായി ഇവിടങ്ങളില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലം പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ആക്രമണം ഒഴിവാക്കണമെങ്കില്‍ യു.എസ് സര്‍ക്കാര്‍ മാര്‍ച്ച് 30 തിങ്കളാഴ്ച ടെഹ്റാന്‍ സമയം ഉച്ചയ്ക്ക് 12:00 മണിയോടെ സര്‍വകലാശാലകളിലെ ബോംബാക്രമണങ്ങളെ അപലപിച്ചുകൊണ്ട് ഒരു ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിക്കണം.
പ്രാദേശിക സര്‍വകലാശാലകള്‍ കേടുപാടുകള്‍ കൂടാതെ തുടരണമെന്നുണ്ടെങ്കില്‍ യു.എസ്, ഇസ്രഈല്‍ സഖ്യസേന സര്‍വകലാശാലകളെയും ഗവേഷണ കേന്ദ്രങ്ങളെയും ആക്രമിക്കുന്നത് തടയണെമന്നും ഐ.ആര്‍.ജി.സി അറിയിച്ചു.
ഇക്കാര്യങ്ങള്‍ക്ക് തയ്യാറല്ലെങ്കില്‍ ഭീഷണി തുടരുമെന്നും വൈകാതെ നടപ്പാക്കുമെന്നും സൈന്യം മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച ഇറാനിയന്‍ സര്‍വകലാശാലയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങള്‍ നശിപ്പിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ടെഹ്‌റാന്‍ സര്‍വകലാശാലയ്ക്ക് പുറമെ ഇസ്ഫഹാന്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിക്ക് നേരെയും നേരത്തെ ആക്രമണമുണ്ടായിരുന്നു. ഇവിടെ ഒരു കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്.
Content Highlight: IRGC announces counterattack on US-Israeli universities in the Middle East