അവന്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെക്കാള്‍ മികച്ച ബൗളറാണ്; ഇന്ത്യന്‍ താരത്തെക്കുറിച്ച് ഇര്‍ഫാന്‍ പത്താന്‍
Cricket
അവന്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെക്കാള്‍ മികച്ച ബൗളറാണ്; ഇന്ത്യന്‍ താരത്തെക്കുറിച്ച് ഇര്‍ഫാന്‍ പത്താന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 3rd April 2024, 11:39 am

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ് 28 റണ്‍സിന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ പരാജയപ്പെടുത്തി. റോയല്‍ ചലഞ്ചേഴ്സിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് ആണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് 19.4 ഓവറില്‍ 153 റണ്‍സിന് പുറത്താവുകയായിരുന്നു.

മത്സരത്തില്‍ ലഖ്നൗ ബൗളിങ്ങില്‍ തകര്‍പ്പന്‍ പ്രകടനമാണ് മായങ്ക് യാദവ് നടത്തിയത്. നാല് ഓവറില്‍ വെറും 14 റണ്‍സ് മാത്രം വിട്ട് നല്‍കി മൂന്ന് വിക്കറ്റുകള്‍ ആണ് മായങ്ക് നേടിയത്. 3.50 എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.

രജത് പടിതാര്‍, ഗ്ലെന്‍ മാക്സ്വെല്‍, കാമറൂണ്‍ ഗ്രീന്‍ എന്നിവരെ പുറത്താക്കിയാണ് മയാങ്ക് കരുത്ത് കാട്ടിയത്. ഈ മിന്നും പ്രകടനങ്ങള്‍ക്ക് പിന്നാലെ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും യാദവ് സ്വന്തമാക്കി.

ഇപ്പോഴിതാ മായങ്ക് യാദവിന്റെ തകര്‍പ്പന്‍ പ്രകടനങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനേക്കാള്‍ മികച്ച താരമാണ് മായാങ്ക് യാദവ് എന്നാണ് ഇര്‍ഫാന്‍ പറഞ്ഞത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ പ്രതികരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

‘മായങ്ക് യാദവ് മിച്ചല്‍ സ്റ്റാര്‍ക്കിനേക്കാള്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞു. ഓസ്‌ട്രേലിയക്കായി ലോകകപ്പ് വിജയിച്ച സ്റ്റാര്‍ക്ക് തന്റെ ലൈനും ലെങ്ത്തും ശരിയാക്കാന്‍ ഇപ്പോഴും ബുദ്ധിമുട്ടുകയാണ്. ബാറ്റര്‍മാര്‍ അവനെതിരെ വലിയ റണ്‍സുകള്‍ സ്‌കോര്‍ ചെയ്യുന്നു. എന്നാല്‍ മറുഭാഗത്ത് മായങ്ക് കുറഞ്ഞ റണ്‍സ് ആണ് വിട്ടുനല്‍കുന്നത്,’ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

പഞ്ചാബ് കിങ്സിനെതിരെയുള്ള കഴിഞ്ഞ മത്സരത്തിലും താരം തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. പഞ്ചാബിനെതിരെ 27 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റുകളും താരം നേടിയിരുന്നു. ആ മത്സരത്തിലും താരം പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കിയിരുന്നു.

അതേസമയം 56 പന്തില്‍ 81 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കൊക്കിന്റെ കരുത്തിലാണ് ലഖ്നൗ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. എട്ട് ഫോറുകളും അഞ്ച് സിക്സുകളുമാണ് താരം നേടിയത്. അഞ്ച് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 21 പന്തില്‍ പുറത്താവാതെ 42 നേടി യ നിക്കോളാസ് പൂരനും സൂപ്പര്‍ ജയന്റ്സ് ബാറ്റിങ്ങില്‍ നിര്‍ണായകമായി.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ റോയല്‍ ചലഞ്ചേഴ്സിനായി മാനിപാല്‍ ലോമോര്‍ 13 പന്തില്‍ 33 റണ്‍സും പടിതാര്‍ 21 പന്തില്‍ 29 റണ്‍സ് നേടി മികച്ച പ്രകടനം നടത്തിയെങ്കിലും 28 റണ്‍സകലെ ബെംഗളൂരുവിന് വിജയം നഷ്ടമാവുകയായിരുന്നു.

Content Highlight: Irfan Pathan talks about Mayank Yadav performance