സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പരക്കുള്ള 15 അംഗ സ്‌ക്വാഡ് ബി.സി.സി.ഐ നേരത്തെ പുറത്തുവിട്ടിട്ടുണ്ട്. സ്‌ക്വാഡില്‍ തിലക് വര്‍മയും സ്ഥാനം പിടിച്ചിട്ടുണ്ട്. ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍.
സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഏകദിന മത്സരങ്ങളില്‍ തിലക് വര്‍മ നാലാം നമ്പറില്‍ ബാറ്റ് ചെയ്താല്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ പറഞ്ഞത്. ഇടംകൈയ്യന്‍ ബാറ്റര്‍ നിലവില്‍ ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യയ്ക്കായി മധ്യനിരയിലാണ് കളിക്കുന്നത്.
‘തിലക് വര്‍മയെ ശ്രദ്ധിക്കണം, അവന്‍ ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ മികച്ച പ്രകടനം നടത്തിയതാണ്. ഏഷ്യാ കപ്പില്‍ അവന്‍ സമ്മര്‍ദം എങ്ങനെ കൈകാര്യം ചെയ്തു എന്നതും നമ്മള്‍ കണ്ടതാണ്. ഏകദിന ഫോര്‍മാറ്റിലും മികവ് പുലര്‍ത്താന്‍ കഴിവുള്ള ഒരു കളിക്കാരനാണ് അവന്‍.
അവന്‍ ടി-20യില്‍ മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ ഏകദിനത്തില്‍ അവന്‍ നാലാം സ്ഥാനത്ത് കളിക്കുകയാണെങ്കില്‍, അത് ഏറ്റവും മികച്ചതാണ്. അദ്ദേഹം സ്ഥിരത കൈവരിക്കാന്‍ സമയമെടുക്കുകയും സമ്മര്‍ദം നന്നായി കൈകാര്യം ചെയ്യുകയും ചെയ്യുന്നു,’ പത്താന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
അതേസമയം നവംബര്‍ 30ന് റാഞ്ചിയാണ് പരമ്പരയിലെ ആദ്യ മത്സരം അരങ്ങേറുന്നത്. പരമ്പരയിലെ രണ്ടാം മത്സരം ഡിസംബര്‍ മൂന്നിന് റായിപൂരിലും മൂന്നാം മത്സരം ഡിസംബര്‍ ആറിന് വിശാഖപട്ടണത്തിലുമാണ്.
പ്രോട്ടിയാസിനെതിരെ കെ.എല്‍. രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. പര്യടനത്തിലെ ടെസ്റ്റ് മത്സരത്തില്‍ പരിക്ക് പറ്റിയ ശുഭ്മന്‍ ഗില്ലിനെ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കി. മാത്രമല്ല പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്കും സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിച്ചില്ല. മാത്രമല്ല വിക്കറ്റ് കീപ്പറായി റിഷബ് പന്തിനെ സ്‌ക്വാഡിലെടുത്തപ്പോള്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ പരിഗണിച്ചില്ല.