സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി-20 മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ വിമര്‍ശനവുമായി ഇര്‍ഫാന്‍ പത്താന്‍. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റേയും സൂര്യകുമാര്‍ യാദവിന്റേയും മോശം പ്രകടനത്തെ പത്താന്‍ എടുത്തുപറഞ്ഞു.
മാത്രമല്ല മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ ടീമിലേക്ക് തിരികെ വിളിച്ചാലും റണ്‍സ് ലഭിച്ചേക്കില്ലെന്ന് പത്താന്‍ പറഞ്ഞു. സഞ്ജു ടീമിലെത്തിയാല്‍ താരത്തിന് സ്‌കോര്‍ നേടേണ്ടത് ഏറെ നിര്‍ണായകമാകുമെന്നും മുന്‍ താരം ചൂണ്ടിക്കാട്ടി.
‘ഗില്ലിന്റെ ബാറ്റില്‍ നിന്ന് റണ്‍സ് വരാതിരിക്കുന്നത് ഒരു മോശം സൂചനയാണ്. അത് അദ്ദേഹത്തിനും ടീം മാനേജ്മെന്റിനും മേലുള്ള സമ്മര്‍ദം വര്‍ധിപ്പിക്കുന്നു. എന്തുചെയ്യണമെന്ന് അവര്‍ ചോദിക്കും. ഇപ്പോഴുള്ള സാഹചര്യം കൂടുതല്‍ വഷളാകരുത്. സഞ്ജു സാംസണെ തിരികെ കൊണ്ടുവന്നാലും റണ്‍സ് ലഭിക്കുമെന്ന് തോന്നുന്നില്ല. സഞ്ജുവിനും സമയമെടുക്കും. ഇവിടെ ഒരുപാട് ചോദ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
ടീം സഞ്ജുവിനെ തെരഞ്ഞെടുത്താല്‍, അവന് സ്‌കോര്‍ നേടേണ്ടത് ഏറെ നിര്‍ണായകമാകും. മാത്രമല്ല സൂര്യകുമാര്‍ യാദവിനും സമ്മര്‍ദമുണ്ട്. അദ്ദേഹം ഒരു ക്യാപ്റ്റനാണ്, ഒരു ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ സ്ഥാനം സുരക്ഷിതമാണ്, പക്ഷെ ഒരു താരമെന്ന നിലയില്‍ സൂര്യ ഈ വര്‍ഷം റണ്‍സൊന്നും നേടിയില്ല,’ പത്താന്‍ ജിയോഹോട്ട്‌സ്റ്റാറില്‍ പറഞ്ഞു.
മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും മോശം പ്രകടനം നടത്തിയാണ് മടങ്ങിയത്. ഗില്‍ പൂജ്യത്തിനും സൂര്യ അഞ്ച് റണ്‍സിനുമാണ് കൂടാരത്തിലെത്തിയത്.
ഓപ്പണര്‍ എന്ന നിലയില്‍ ഗില്‍ നിലവില്‍ 35 ഇന്നിങ്‌സില്‍ നിന്ന് 841 റണ്‍സാണ് നേടിയത്. 28.03 എന്ന ആവറേജും 140.40 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് ഗില്ലിനുള്ളത്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറിയും ഗില്‍ നേടി.
എന്നാല്‍ നേരത്തെ ഓപ്പണറായി തിളങ്ങിയ സഞ്ജു സാംസണ്‍ 17 ഇന്നിങ്‌സില്‍ നിന്ന് 522 റണ്‍സാണ് നേടിയത്. 32.62 എന്ന ആവറേജും 178.76 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് സഞ്ജുവിനുള്ളത്. മൂന്ന് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയുമാണ് താരം സ്വന്തമാക്കിയത്. ഗില്ലിനേക്കാളും മികച്ച സ്റ്റാറ്റ്‌സ് സഞ്ജുവിനുണ്ടായിട്ടും ടീമില്‍ താരത്തെ എടുക്കാക്കതില്‍ വലിയ ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്.
അതേസമയം ടി-20യില്‍ കഴിഞ്ഞ 20 മത്സരങ്ങളില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി നേടാന്‍ പോലും ക്യാപ്റ്റന്‍ സൂര്യയ്ക്ക് സാധിച്ചിട്ടില്ല. ക്യാപ്റ്റന്‍ എന്ന നിലയില്‍ മത്സരങ്ങള്‍ വിജയിച്ചിട്ടുണ്ടെങ്കിലും ബാറ്റര്‍ എന്ന നിലയില്‍ താരം അമ്പെ പരാജയപ്പെടുകയായിരുന്നു.
Content Highlight: Irfan Pathan Talking About Sanju Samson, Shubhman Gill And Suryakumar Yadav