ചെന്നൈ സൂപ്പര്‍ കിങ്സ് താരമായ ഖലീല്‍ അഹമ്മദ് അടുത്ത അഞ്ച് – ആറ് വര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ സ്വാധീനമുണ്ടാക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ താരം മികച്ച രണ്ടാമത്തെ ബൗളറാണെന്നും അവന് കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘അര്‍ഷ്ദീപ് സിങ് വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഞങ്ങളുടെ ഒന്നാം നമ്പര്‍ ബൗളറാണ്. അതില്‍ യാതൊരു സംശയമില്ല. ഖലീല്‍ മികച്ച രണ്ടാമത്തെ ബൗളറാണ്. അവനൊരു ഇടം കൈയ്യന്‍ ബൗളറാണ്. അര്‍ഷ്ദീപിന് 135- 140 വേഗത്തില്‍ പന്തെറിയാന്‍ കഴിയും.
മികച്ച ബൗണ്‍സറുകള്‍ എറിയാനും ഇരുവശത്തേക്ക് സ്വിങ് ചെയ്യാനും താരത്തിന് സാധിക്കും. എല്ലാ സാഹചര്യങ്ങളിലും അവന്‍ മികച്ച പ്രകടനം നടത്തുന്നു. ഇപ്പോള്‍ ഒരു ബൗളര്‍ എന്ന നിലയില്‍ അവന്‍ മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്,’ പത്താന്‍ പറഞ്ഞു.
ഖലീല്‍ സ്ലോ ബൗണ്‍സറും സീം പൊസിഷനും മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫിറ്റ്‌നസ്സും ഇമ്പ്രൂവ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ടീമിനായി അടുത്ത അഞ്ച് – ആറ് വര്‍ഷങ്ങളില്‍ കളിക്കാനുള്ള കഴിവ് ഖലീലിനുണ്ടെന്നും പത്താന്‍ കൂട്ടിച്ചേര്‍ത്തു.
‘അവന്‍ നിര്‍ണായക സമയത്ത് ശരിയായ സ്ഥലത്ത് ഉണ്ടായാല്‍ മാത്രം മതി. ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം ഐ.പി.എല്ലില്‍ മികച്ച പ്രകടനമാണ് അവന്‍ നടത്തിയത്. അടുത്ത അഞ്ച് – ആറ് വര്‍ഷത്തിനുള്ളില്‍ അദ്ദേഹത്തിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ പത്താന്‍ കൂട്ടിച്ചേര്‍ത്തു.
2024ല്‍ ശ്രീലങ്കയില്‍ നടന്ന ടി-20 പരമ്പരയിലാണ് ഖലീല്‍ അഹമ്മദ് അവസാനമായി ഇന്ത്യന്‍ ടീമിനായി കളിച്ചത്. ഇന്ത്യയ്ക്കായി 18 ടി-20 മത്സരങ്ങളും 11 ഏകദിന മത്സരങ്ങളും കളിച്ച ഖലീല്‍ 31 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.
Content Highlight: Irfan Pathan says that Khaleel Ahammed would make impact in Indian Cricket Team in the next 5 to 6 years