2025 ഏഷ്യാ കപ്പില്‍ സഞ്ജു സാംസണ് പ്ലെയിങ് ഇലവനില്‍ ഇടം കണ്ടെത്താന്‍ സാധിക്കില്ലെന്ന് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഇര്‍ഫാന്‍ പത്താന്‍. വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്‍ എത്തുന്ന സാഹചര്യത്തില്‍ ടോപ് ഓര്‍ഡറില്‍ സഞ്ജുവിന് ഇടമുണ്ടാകില്ലെന്നാണ് പത്താന്‍ പറയുന്നത്.
‘സഞ്ജുവിന് പ്ലെയിങ് ഇലവനില്‍ സ്ഥാനം പിടിക്കാന്‍ പോലും സാധിച്ചേക്കില്ല. ഇത് തീര്‍ത്തും ബുദ്ധിമുട്ടായിരിക്കും. അവന്‍ ബാറ്റിങ് ഓര്‍ഡറില്‍ താഴേക്കിറങ്ങി കളിക്കാന്‍ ശ്രമിക്കുന്നതിന്റെ ചില ക്ലിപ്പുകള്‍ ഞാന്‍ കണ്ടിരുന്നു.
അവന് താഴേക്കിറങ്ങി കളിക്കാന്‍ സാധിക്കുമെങ്കില്‍, എന്തുകൊണ്ട് അങ്ങനെ ആയിക്കൂടാ? അവനെ അഞ്ചാം നമ്പറില്‍ കളിപ്പിക്കൂ. സഞ്ജു അഞ്ചാം നമ്പറില്‍ കളിക്കുകയാണെങ്കില്‍ ജിതേഷ് ശര്‍മ ടീമിലുണ്ടാകില്ല.
ഇത് തീര്‍ത്തും ബുദ്ധിമുട്ടേറിയതാണ്, അല്ലേ? സഞ്ജു മികച്ച രീതിയില്‍ തന്നെ കളിക്കുന്നുണ്ട്. എന്നാല്‍ അവന്റെ സ്ഥിരത സംബന്ധിച്ചാണ് ചോദ്യങ്ങളുയരുന്നത്. ചിലപ്പോള്‍ നൂറടിക്കും ചിലപ്പോള്‍ മോശം രീതിയില്‍ പുറത്താകും. അതിനും ഒരു പാറ്റേണ്‍ ഉണ്ട്.
പന്തെറിയാനും സാധിക്കും എന്നതിനാല്‍ അഭിഷേക് ശര്‍മ ഉറപ്പായും ടീമിലുണ്ടാകും. അവന്റെ സ്‌ട്രൈക്ക് റേറ്റും വളരെ മികച്ചതാണ്,’ പത്താന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഏഷ്യാ കപ്പില്‍ സഞ്ജു സാംസണ്‍ ടീമിന്റെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ടീമിനൊപ്പം വേണമെന്ന് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ആകാശ് ചോപ്ര അഭിപ്രായപ്പെട്ടിരുന്നു.
‘സഞ്ജു സാംസണ്‍ കഴിഞ്ഞ 12 മത്സരത്തില്‍ മൂന്ന് സെഞ്ച്വറികള്‍ നേടി. നിലവില്‍ സഞ്ജു തന്നെയാണ് ടീമിന്റെ ഭാഗവും. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ റോളില്‍ ആദ്യം പരിഗണിക്കേണ്ട പേര് സഞ്ജു സാംസണിന്റേത് തന്നെയാണ്.
ടി-20 ഫോര്‍മാറ്റില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ അവന്റെ പ്രകടനങ്ങള്‍ പരിശോധിക്കുമ്പോള്‍, 33 എന്ന ശരാശരിയിലും 140+ സ്ട്രൈക്ക് റേറ്റിലും അവന്‍ 6,000ലധികം റണ്‍സ് നേടിയതായി കാണാം. ഇത് വളരെ മികച്ച പ്രകടനങ്ങളാണ്,’ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ ആകാശ് ചോപ്ര പറഞ്ഞു.
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്
സൂര്യ കുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, റിങ്കു സിങ്
Content Highlight: Irfan Pathan on Sanju Samson’s chance in Asia Cup