അന്ന് പറഞ്ഞത് വീണ്ടും ആവര്‍ത്തിക്കുന്നു; ധോണിയേക്കാള്‍ മികച്ച ക്യാപ്റ്റന്‍ കോഹ്‌ലി തന്നെ; ഒളിയമ്പുമായി ഇര്‍ഫാന്‍ പത്താന്‍
Sports News
അന്ന് പറഞ്ഞത് വീണ്ടും ആവര്‍ത്തിക്കുന്നു; ധോണിയേക്കാള്‍ മികച്ച ക്യാപ്റ്റന്‍ കോഹ്‌ലി തന്നെ; ഒളിയമ്പുമായി ഇര്‍ഫാന്‍ പത്താന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 6th December 2021, 5:28 pm

ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണെന്ന് മുന്‍ ഇന്ത്യന്‍ പേസര്‍ ഇര്‍ഫാന്‍ പത്താന്‍. ധോണിയേക്കാള്‍ മികച്ച വിന്നിംഗ് പെര്‍ഫോമെന്‍സാണ് ഇന്ത്യ കോഹ്‌ലിക്ക് കീഴില്‍ നേടിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

താന്‍ മുന്‍പും ഇതേ കാര്യം പറഞ്ഞിട്ടുണ്ടെന്നും, അക്കാര്യം വീണ്ടും ആവര്‍ത്തിക്കുകയാണെന്നും ആയിരുന്നു എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്.

‘ഞാന്‍ മുന്‍പും ഇക്കാര്യം പറഞ്ഞതാണ്, വീണ്ടും ആവര്‍ത്തിക്കുന്നു. വിരാട് കോഹ്‌ലിയാണ് ഇന്ത്യയ്ക്ക് ഇതുവരെയുണ്ടായിരുന്നു ടെസ്റ്റ് നായകന്‍മാരില്‍ ഏറ്റവും മികച്ചത്. 59.09 ശതമാനമാണ് അദ്ദേഹത്തിന്റെ കീഴില്‍ ഇന്ത്യയുടെ വിജയ ശതമാനം, ഇത് മറ്റുള്ളവരേക്കാള്‍ മേലെയാണ്. രണ്ടാമതുള്ളയാള്‍ക്ക് 45 ശതമാനം മാത്രമാണിത്,’ പത്താന്‍ പറയുന്നു.

ധോണിയുടെ പേരെടുത്ത് പറയാതെയായിരുന്നു പത്താന്റെ വിമര്‍ശനം എന്നതും ശ്രദ്ധേയമായിരുന്നു. ധോണിയുടെ പേര് പറയാതെ, അദ്ദേഹത്തിന്റെ കീഴില്‍ ഇന്ത്യ നേടിയ വിജയശതമാനമാണ് അദ്ദേഹം ട്വീറ്റില്‍ പരാമര്‍ശിച്ചത്.

ന്യൂസിലാന്റുമായുള്ള പരമ്പര വിജയത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഒന്നാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതിന് പിന്നാലെ രണ്ടാം ടെസ്റ്റില്‍ കൂറ്റന്‍ വിജയമാണ് ഇന്ത്യ നേടിയത്.

372 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. 2015ല്‍ ദക്ഷിണാഫ്രിക്കയെ 337 റണ്‍സിന് തോല്‍പിച്ചതായിരുന്നു ഇന്ത്യയുടെ ഇതുവരെയുണ്ടായിരുന്നു ഏറ്റവും വലിയ വിജയം.

വിജയത്തിന് പിന്നാലെ പരമ്പരയും, ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനവും ഇന്ത്യ സ്വന്തമാക്കി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Irfan Pathan names the ‘best’ India captain between Virat Kohli and MS Dhoni