ശാസ്ത്രിയും ദ്രാവിഡും യുവ താരങ്ങൾക്ക് മുൻഗണന നൽകിയില്ല; വിമർശനവുമായി മുൻ ഇന്ത്യൻ താരം
Sports News
ശാസ്ത്രിയും ദ്രാവിഡും യുവ താരങ്ങൾക്ക് മുൻഗണന നൽകിയില്ല; വിമർശനവുമായി മുൻ ഇന്ത്യൻ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 30th June 2025, 9:58 pm

പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിനുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ ആരാധകർ. ജൂലൈ രണ്ടിന് ബുധനാഴ്ചയാണ് സന്ദർശകർ പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണാണ് വേദി. ഇതിനായുള്ള തയ്യാറെടുപ്പിലാണ് ഇരു ടീമുകളും.

അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ നിലവിൽ ആതിഥേയരായ ഇംഗ്ലണ്ട് 1-0ന് മുമ്പിലാണ്. ആദ്യ മത്സരത്തിൽ ഇന്ത്യയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയതോടെയാണ് ഇംഗ്ലണ്ട് ലീഡ് നേടിയത്. ജസ്പ്രീത് ബുംറയൊഴികെയുള്ള ബൗളർമാർ മികച്ച പ്രകടനം കാഴ്ചവെക്കാത്തതായിരുന്നു ഇന്ത്യയുടെ പരാജയത്തിന് കാരണങ്ങളിൽ ഒന്ന്.

 

എന്നാൽ, രണ്ടാം മത്സരത്തിൽ താരം കളിക്കുമോയെന്ന് ഉറപ്പില്ലാത്തതിനാൽ ഇന്ത്യയുടെ ബൗളിങ് യൂണിറ്റ് ആശങ്കകളുയർത്തുന്നുണ്ട്. ഈ അവസരത്തിൽ മുൻ പരിശീലകരുടെ കാലത്ത് ഇന്ത്യ യുവ താരങ്ങളെ വളർത്തിയെടുക്കാൻ ശ്രമങ്ങൾ നടത്തിയില്ലെന്ന് വിമർശിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.

രവി ശാസ്ത്രിയുടെയും രാഹുൽ ദ്രാവിഡിന്റെയും കാലത്ത് അവർക്ക് ആവശ്യമുള്ള റിസൾട്ട് ലഭിക്കാൻ മികച്ച ബൗളർമാരെയാണ് ഉപയോഗപ്പെടുത്തിയതെന്നും യുവതാരങ്ങൾക്ക് മുൻഗണന ലഭിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുവതാരങ്ങൾ കുറച്ച് മത്സരങ്ങൾ മാത്രം കളിച്ച് അപ്രത്യക്ഷരായെന്നും മിക്ക മത്സരങ്ങളിലും സീനിയർ ഫാസ്റ്റ് ബൗളർമാരാണ് കളത്തിലിറങ്ങിയതെന്നും ഇർഫാൻ കൂട്ടിച്ചേർത്തു.

‘രവി ശാസ്ത്രിയുടെയും രാഹുൽ ദ്രാവിഡിന്റെയും കാലത്ത് എന്തായിരുന്നു മനോഭാവം? അവർക്ക് ആവശ്യമുള്ള റിസൾട്ട് ലഭിക്കാൻ അവർ ഏറ്റവും മികച്ച ബൗളർമാരെ ഉപയോഗിച്ചു. ബുംറ, ഷമി, ഉമേഷ് യാദവ് എന്നിവരായിരുന്നു ശാസ്ത്രിയുടെ കാലത്ത് മിക്കവാറും മത്സരങ്ങളിൽ കളിച്ചിരുന്നത്.

നവദീപ് സെയ്നി, ടി നടരാജൻ എന്നിവർക്ക് ആ കാലത്ത് വളരെ കുറച്ച് അവസരം ലഭിച്ച് അപ്രത്യക്ഷരായി. യുവതാരങ്ങൾക്ക് മുൻഗണന ലഭിച്ചില്ല. ദ്രാവിഡിന്റെ കാലത്തും ഇങ്ങനെ തന്നെയായിരുന്നു. ബുംറ, ഷമി, സിറാജ് എന്നിവരെ കൂടതലായി ഉപയോഗിച്ചപ്പോൾ ജയദേവ് ഉനദ്കട്ടിനും അവസരം കിട്ടി.

അല്ലാത്തപ്പോൾ യുവ ഫാസ്റ്റ് ബൗളർമാർക്ക് വലിയ പ്രാധാന്യം ലഭിച്ചില്ല. ആകാശ് ദീപ് മൂന്നോ നാലോ മത്സരങ്ങൾ കളിച്ചപ്പോൾ പ്രസിദ്ധ് കൃഷ്ണയ്ക്ക് രണ്ടോ മൂന്നോ മത്സരങ്ങളിലാണ് കളിക്കാൻ സാധിച്ചത്. അധിക മത്സരങ്ങളിലും സീനിയർ ഫാസ്റ്റ് ബൗളർമാരാണ് കളത്തിലിറങ്ങിയത്,’ ഇർഫാൻ പത്താൻ പറഞ്ഞു.

Content Highlight: Irfan Pathan criticizes that Ravi Shastri and Rahul Dravid didn’t give priority to young fast bowlers