അവന്‍ ഫിറ്റ് ആണെങ്കില്‍ അത്ര മികച്ച പേസര്‍ വേറെയില്ല: ഇര്‍ഫാന്‍ പത്താന്‍
Cricket
അവന്‍ ഫിറ്റ് ആണെങ്കില്‍ അത്ര മികച്ച പേസര്‍ വേറെയില്ല: ഇര്‍ഫാന്‍ പത്താന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 18th January 2023, 11:37 am

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര വൈറ്റ് വാഷ് ചെയ്തുകൊണ്ടായിരുന്നു ഇന്ത്യ 2023 ഒ.ഡി.ഐ ക്യാമ്പെയ്ന്‍ റോയലായി ആരംഭിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ മൂന്ന് കളിയും ജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.

ന്യൂസിലാന്‍ഡിനെതിരെയുള്ള പരമ്പരയാണ് ഇന്ത്യക്ക് മുമ്പിലുള്ള അടുത്ത കടമ്പ. പാകിസ്ഥാനെ തകര്‍ത്തെത്തിയ ന്യൂസിലാന്‍ഡിനോട് മൂന്ന് വീതം ഏകദിനവും ടി-20യും ഇന്ത്യ കളിക്കും. എന്നാല്‍ ഇന്ത്യയുടെ പേസ് നിരയില്‍ ഇപ്പോഴും ചില ആശയക്കുഴപ്പം തുടരുകയാണ്. പേസ് നിരയില്‍ ആരൊക്കെയെന്നത് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്.

ഇന്ത്യക്ക് ഏകദിനത്തില്‍ വലിയ നേട്ടമുണ്ടാക്കിത്തരാന്‍ കഴിവുള്ള ബൗളറെ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ പേസര്‍ ഇര്‍ഫാന്‍ പത്താന്‍. യുവ പേസര്‍ പ്രസിദ്ധ് കൃഷ്ണയെയാണ് ഇന്ത്യക്ക് മുതല്‍ക്കൂട്ടാകുന്ന താരമെന്ന് ഇര്‍ഫാന്‍ വിശേഷിപ്പിച്ചത്.

‘മികച്ച പ്രകടനമാണ് പ്രസിദ്ധ് കൃഷ്ണ പുറത്തെടുക്കുന്നത്. അവന്റെ പേസ് തന്നെ പ്രധാനം. നമ്മള്‍ അത് ഏകദിനത്തില്‍ കണ്ടതാണ്. നല്ല വേഗവും സ്വാഭാവികമായി ബൗണ്‍സുമുള്ള ബൗളറാണ് പ്രസിദ്ധ് കൃഷ്ണ. സ്റ്റംപിനോട് ചേര്‍ന്ന് ആക്രമിക്കുന്ന പ്രസിദ്ധ് നല്ല സ്വിങ്ങും കണ്ടെത്തുന്നു. വൈറ്റ് ബൗളില്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാവുന്ന സ്വിങ് പേസ് ബൗളറാണ് പ്രസിദ്ധ് കൃഷ്ണ,’ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിധ്യമായി വളര്‍ന്നുവരവെയാണ് താരം പരിക്കിന്റെ പിടിയിലായത്. നിലവില്‍ വിശ്രമത്തിലുള്ള പ്രസിദ്ധ് വരാനിരിക്കുന്ന ഐ.പി.എല്ലില്‍ കളിക്കും. ടി-20യില്‍ താരത്തിന്റെ ഇക്കോണമി അല്‍പ്പം മോശമാണെങ്കിലും ടെസ്റ്റില്‍ അവസരം ലഭിച്ചാല്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടായി മാറാന്‍ പ്രസിദ്ധിന് കഴിയും.

 

ഇന്ത്യക്കായി 14 ഏകദിനമാണ് പ്രസിദ്ധ് കൃഷ്ണ കളിച്ചത്. 25 വിക്കറ്റുകള്‍ വീഴ്ത്താന്‍ താരത്തിനായി. 12 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

Content Highlights: Irfan Pathan believes Prasidh Krishna will become a solid wicket-taker in white-ball cricket