പൊരുതി തോറ്റാല്‍ പോട്ടേന്ന് വെക്കണം; ആരാധകരുടെ മനം കവര്‍ന്ന് അയര്‍ലന്‍ഡ്
Cricket
പൊരുതി തോറ്റാല്‍ പോട്ടേന്ന് വെക്കണം; ആരാധകരുടെ മനം കവര്‍ന്ന് അയര്‍ലന്‍ഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 16th July 2022, 12:36 pm

 

അയര്‍ലന്‍ഡ്-ന്യൂസിലാന്‍ഡ് ആവേശകരമായ ഏകദിന പരമ്പര അവസാനിച്ചു. ഈ അടുത്ത കാലത്തെ ഏറ്റവും ആവേശകരമായ പരമ്പരയായിരുന്നു അയര്‍ലന്‍ഡ് ന്യൂസിലാന്‍ഡ് പോരാട്ടം. മൂന്ന് മത്സരത്തിലും ന്യൂസിലാന്‍ഡ് വിജയിച്ചെങ്കിലും മികച്ച പോരാട്ടമാണ് അയര്‍ലന്‍ഡ് നടത്തിയത്.

മൂന്നാമത്തെ മത്സരമായിരുന്നു ഏറ്റവും ആവേശകരമായ മത്സരം. സ്വന്തം കാണികളുടെ മുന്നില്‍ ഒരു മത്സരമെങ്കിലും വിജയിക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു അയര്‍ലന്‍ഡ് ഇറങ്ങിയത്. പരമ്പര തൂത്തുവരാന്‍ ന്യൂസിലാന്‍ഡും.

ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലാന്‍ഡ് 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 360 റണ്‍സാണ് നേടിയത്. മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ സെഞ്ച്വറിയും ഹെന്റി നിക്കോള്‍സിന്റെ അര്‍ധസെഞ്ച്വറിയുമാണ് ന്യൂസിലാന്‍ഡിനെ കൂറ്റന്‍സ്‌കോറിലെത്തിച്ചത്. ഗപ്റ്റില്‍ 126 പന്തില്‍ 115 റണ്‍സ് നേടിയപ്പോള്‍ നിക്കോള്‍സ് 79 റണ്‍സ് നേടി.

ഫിനിഷിങ്ങില്‍ ഗ്ലെന്‍ ഫിലിപ്‌സും മൈക്കള്‍ ബ്രെയ്‌സവെല്ലും മികച്ച പ്രകടനമാണ് നടത്തിയത്.

എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡ് തുടക്കം മുതലേ ആക്രമിച്ചായിരുന്നു കളിച്ചത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 360 എന്ന കൂറ്റന്‍ സ്‌കോര്‍ തെല്ലും ഭയമില്ലാതെയാണ് അയര്‍ലന്‍ഡ് പിന്‍തുടര്‍ന്നത്.

നായകന്‍ ആന്‍ഡ്രൂ ബല്‍ബിര്‍നി പൂജ്യനായി മടങ്ങിയെങ്കിലും ആനഡി മക്‌ബ്രൈനെ കൂട്ടുപിടിച്ചുകൊണ്ട് വെറ്ററന്‍ താരം പോള്‍ സ്റ്റിര്‍ലിങ് അയര്‍ലന്‍ഡിനെ മുന്നോട്ടു നയിക്കുകയായിരുന്നു.

എന്നാല്‍ ടീം സ്‌കോര്‍ 62ല്‍ നില്‍ക്കെ മക്‌ബ്രൈന്‍ പുറത്തായി. പിന്നീട് കണ്ടത് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച പാര്‍ട്ടനര്‍ഷിപ്പുകളിലൊന്നായിരുന്നു. അതിന് സ്റ്റെര്‍ലിങ്ങിന്റെ കൂടെ നിന്നത് അയര്‍ലന്‍ഡിന്റെ പുതിയ സെന്‍സേഷനായ ലോര്‍ക്കാന്‍ ടക്കറായിരുന്നു.

ഇരുവരും മൂന്നാം വിക്കറ്റില്‍ ചേര്‍ത്തത് 179 റണ്‍സായിരുന്നു. ടീം സ്‌കോര്‍ 241ല്‍ നില്‍ക്കുമ്പോള്‍ 103 പന്തില്‍ 120 റണ്‍സുമായി പുറത്താകുകയായിരുന്നു. എന്നാല്‍ പിന്നീട് അയര്‍ലന്‍ഡിന്റെ ബാറ്റിങ് നിര തകരുന്ന കാഴ്ചയായിരുന്നു കണ്ടത്. സ്‌കോര്‍ 271ല്‍ നില്‍ക്കുമ്പോഴായിരുന്നു അയര്‍ലാന്‍ഡിന്റെ നാലാം വിക്കറ്റ് നഷ്ടമായത്. പിന്നീട് 86 റണ്‍സ് എടുക്കുന്നതിനിടെ ആറ് അയര്‍ലന്‍ഡ് വിക്കറ്റുകളാണ് നഷ്ടമായത്. അതോടെ അയര്‍ലന്‍ഡ് മത്സരം കൈവിടുകയും ചെയ്തു.

 

അവസാന ഓവറില്‍ 10 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്നപ്പോള്‍ എട്ട് റണ്‍സാണ് അയര്‍ലന്‍ഡ് നേടിയത്. 359 റണ്‍സാണ് അയര്‍ലന്‍ഡ് നേടിയത്.

മത്സരം വിജയിച്ചത് ന്യൂസിലാന്‍ഡ് ആയിരുന്നെങ്കിലും, അയര്‍ലന്‍ഡ് എല്ലാവരുടെയും മനം കവരുന്ന പ്രകടനമായിരുന്നു നടത്തിയത്. സ്റ്റെര്‍ലിങിന്റെ ഇന്നിങ്‌സ് ക്രിക്കറ്റ് ആരാധകരെല്ലാം ഏറ്റെടുത്തു കഴിഞ്ഞു. പൊരുതി തോറ്റാല്‍ പോട്ടേന്ന് വെക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.

നേരത്തെ ആദ്യ മത്സരത്തിലും സമാനമായ രീതിയില്‍ ക്ലോസ് എന്‍ക്കൗണ്ടറിലായിരുന്നു അയര്‍ലന്‍ഡ് തോറ്റത്. ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് ഹാരി ടെക്കറിന്റെ സെഞ്ച്വറിയുടെ ബലത്തില്‍ 300 റണ്‍സ് നേടിയിരുന്നു. എന്നാല്‍ ന്യൂസിലാന്‍ഡ് അവസാന ഓവറിലെ അഞ്ചാം പന്തില്‍ മത്സരം വിജയിക്കുകയായിരുന്നു.

മൈക്കള്‍ ബ്രെയ്‌സവെല്ലിന്റെ 127 റണ്‍സായിരുന്നു ന്യൂസിലാന്‍ഡിനെ വിജയത്തിലെത്തിച്ചത്. ബ്രെയ്‌സ്‌വെല്ലാണ് പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

അയര്‍ലന്‍ഡിന്റെ ഇത്തരം പ്രകടനങ്ങള്‍ ടീമിന് വലിയ ആവേശമാണ് നല്‍കുന്നത്. പരമ്പര തോറ്റെങ്കിലും വലിയൊരു മുന്നറിയിപ്പാണ് അയര്‍ലന്‍ഡ് ക്രിക്കറ്റ് ലോകത്തിന് നല്‍കുന്നത്. ഇനിയുള്ള കാലങ്ങളില്‍ ഈ ടീം ഞെട്ടിക്കുമെന്നുറപ്പാണ്.

Content Highlights: Ireland is creating big impact in Ireland vs New zealand series