അയര്‍ലാന്‍ഡ് അലേര്‍ട്ട്! പാകിസ്ഥാനെ കരയിപ്പിച്ച് ഐറിഷ്പട; ലോകകപ്പില്‍ എതിരാളികള്‍ കരുതിയിരുന്നോ
Cricket
അയര്‍ലാന്‍ഡ് അലേര്‍ട്ട്! പാകിസ്ഥാനെ കരയിപ്പിച്ച് ഐറിഷ്പട; ലോകകപ്പില്‍ എതിരാളികള്‍ കരുതിയിരുന്നോ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 11th May 2024, 7:53 am

പാകിസ്ഥാന്‍-അയര്‍ലാന്‍ഡ് മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ അയര്‍ലാന്‍ഡിന് അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.

ക്ലോണ്‍ടാര്‍ഫ് ക്രിക്കറ്റ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ അയര്‍ലാന്‍ഡ് പാകിസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് ആണ് നേടിയത് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അയര്‍ലാന്‍ഡ് 19.5 ഓവറില്‍ അഞ്ച് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

പാകിസ്ഥാന്റെ ബാറ്റിങ്ങില്‍ നായകന്‍ ബാബര്‍ അസം 43 പന്തില്‍ 57 റണ്‍സും സാലിം അയൂബ് 29 പന്തില്‍ 45 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഇഫ്തിക്കര്‍ അഹമ്മദിന്റെ തകര്‍പ്പന്‍ പ്രകടനങ്ങളും പാകിസ്ഥാനെ മികച്ച സ്‌കോറിലേക്ക് കൊണ്ടുപോയി. 15 പന്തില്‍ പുറത്താവാതെ 37 റണ്‍സ് നേടി കൊണ്ടായിരുന്നു ഇഫ്തിക്കറിന്റെ തകര്‍പ്പന്‍ ബാറ്റിങ്.

അയര്‍ലാന്‍ഡ് ബൗളിങ്ങില്‍ ക്രയ്ഗ് യങ് രണ്ട് വിക്കറ്റും മാര്‍ക്ക് അഡയര്‍, ഗാരത് ഡലാനി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

55 പന്തില്‍ 77 നേടിയ ആന്‍ഡ്രൂ ബാല്‍ബിര്‍ണിയുടെ മിന്നും പ്രകടനത്തിന്റെ കരുത്തിലാണ് അയര്‍ലാന്‍ഡ് ജയിച്ചു കയറിയത്. 10 ഫോറുകളും രണ്ട് സിക്‌സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

27 പന്തില്‍ 36 റണ്‍സ് നേടി ഹാരി ടെക്ടറും 12 പന്തില്‍ 24 നേടി ജോര്‍ജ് ഡോക്‌റലും അയര്‍ലാന്‍ഡിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

പാകിസ്ഥാന്‍ ബൗളിങ്ങില്‍ അബ്ബാസ് അഫ്രീദി രണ്ട് വിക്കറ്റും ഷഹീന്‍ അഫ്രീദി,നസീം ഷാ, ഇമാദ് വസീം എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലെത്താനും അയര്‍ലാന്‍ഡിന് സാധിച്ചു. പരമ്പരയിലെ രണ്ടാം മത്സരം മെയ് 12നാണ് നടക്കുന്നത്. ക്ലോണ്‍ടാര്‍ഫ് ക്രിക്കറ്റ് ക്ലബ്ബിലാണ് മത്സരം നടക്കുക.

Content Highlight: Ireland beat Pakistan in T20