ജിതിൻ. കെ. ജോസ് സംവിധാനം ചെയ്ത് മമ്മൂട്ടിയും വിനായകനും പ്രധാന കഥാപാത്രങ്ങളായി എത്തിയ സിനിമയാണ് കളങ്കാവൽ. അനൗൺസ്‌മെന്റ് മുതൽ ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരുന്ന ഈ സിനിമ തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിൽ മമ്മൂട്ടി പ്രതിനായകനും വിനായകൻ നായകനുമാണെന്നുള്ളതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ഇരുപത്തിയൊന്നോളം നായികമാരാണ് ചിത്രത്തിലുള്ളത്. ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രവും അഭിനയവും എല്ലാവരും ചർച്ച ചെയ്യപ്പെട്ട ഒന്നാണ്.
അത്തരത്തിലുള്ള ഒന്നാണ് സിഗരറ്റുകൊണ്ടുള്ള രംഗങ്ങളും, കടയുടെ മുന്നിൽ നിന്നും ഗ്ലാസ് മാറ്റി നോക്കി ചിരിക്കുന്ന രംഗവും എന്ന് പറയുകയാണ് സംവിധായകൻ ജിതിൻ.
ഗ്ലാസ് മാറ്റി നോക്കുന്ന ആ രംഗം തിയേറ്ററിൽ വലിയ രീതിയിലാണ് ഇംപാക്റ്റ് ഉണ്ടാക്കിയത്. ആ രംഗം മുതൽ മമ്മൂട്ടിയുടെ ക്യാരക്ടർ ഷിഫ്റ്റാണ് കാണാൻ സാധിക്കുന്നത്. കൗമുദി മൂവിസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ ജിതിൻ പറഞ്ഞു.
‘കടയുടെ മുന്നിൽ നിന്നും ഗ്ലാസ് മാറ്റി നോക്കുന്ന രംഗത്തിന് മുൻപ് വരെ മമ്മൂട്ടി അവതരിപ്പിച്ച സ്റ്റാൻലി ദാസ് എന്ന കഥാപാത്രം തികച്ചും വ്യത്യസ്തൻ ആണ്. സ്ത്രീകളോട് വളരെ സ്നേഹവും കെയറുമുള്ള വ്യക്തിയാണ്. അവരെ ജീവിതത്തിൽ കൂടെകൂട്ടണം എന്നാഗ്രഹിക്കുന്ന ആളാണ്. എന്നാൽ ആ രംഗത്തിന് ശേഷം സിനിമയുടെയും, കഥാപാത്രത്തിന്റെയും ഒരു ഷിഫ്റ്റ് തന്നെ നമുക്ക് കാണാം. എല്ലാ സ്ത്രീകളെയും വശീകരിക്കാൻ ശ്രമിക്കുന്ന, കാമം നിറഞ്ഞ കണ്ണുകളോടെ നോക്കുന്ന വ്യക്തിയായാണ് സ്റ്റാൻലി ദാസ് പിന്നീട് മാറുന്നത്,’ ജിതിൻ പറഞ്ഞു.
ജിഷ്ണു ശ്രീകുമാറും ജിതിൻ. കെ. ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഏഴാമത്തെ സിനിമയാണ്. ജിബിൻ ഗോപിനാഥ്, ഗായത്രി അരുൺ, രജിഷ വിജയൻ, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.
Content Highlight: Director Jithin K Jose talks about Mammootty’s character shift
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ടെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.