ലണ്ടൻ: ഇറാൻ ബന്ധമുള്ള ഹാക്കർമാർ സൈബർ ആക്രമണത്തിലൂടെ ബ്രിട്ടീഷ് പവർ പ്ലാന്റ് നാല് ദിവസം പ്രവർത്തനരഹിതമാക്കിയതായി റിപ്പോർട്ട്. ഇറാൻ ബന്ധമുള്ള ഹാക്കർമാർ ഒരു ബ്രിട്ടീഷ് കേന്ദ്രം അടച്ചുപൂട്ടിക്കുന്നത് ഇതാദ്യമാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണം നടന്ന വൈദ്യുതി കേന്ദ്രം ഏതാണെന്ന് പുറത്തുവിട്ടിട്ടില്ല. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് വിവരങ്ങൾ പുറത്തുവിടാത്തത്.
അമേരിക്കയിലെ 12 സംസ്ഥാനങ്ങളിലെ ജലവിതരണ സംവിധാനങ്ങൾക്ക് നേരെ കഴിഞ്ഞ മാസം നിരവധി സൈബർ ആക്രമണങ്ങൾ നടന്നിരുന്നു. ഈ സംഭവങ്ങൾക്കൊപ്പമാണ് ബ്രിട്ടനിലെ ആക്രമണവും റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ആക്രമണം നടന്ന വൈദ്യുതി കേന്ദ്രം ഏതാണെന്ന വിവരം പുറത്തുവന്നിട്ടില്ല. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവിടാത്തത്. ഒരു ചെറിയ ഊർജ ഉൽപാദന കേന്ദ്രത്തിനെ മാത്രമാണ് ആക്രമണം ബാധിച്ചതെന്നും, രാജ്യത്തെ പ്രധാന ഊർജ്ജ സംവിധാനങ്ങൾക്ക് യാതൊരു അപകടവും ഉണ്ടായിട്ടില്ലെന്നും ഊർജ സുരക്ഷാ വകുപ്പ് വക്താവ് അറിയിച്ചു.
ആക്രമണത്തിൽ തകരാറുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ അറിയിച്ചു. സംഭവത്തെ തുടർന്ന്, ബ്രിട്ടീഷ് സർക്കാർ വൈദ്യുതി കമ്പനി മേധാവികളെ വിവരമറിയിക്കുകയും സ്വീകരിക്കേണ്ട സുരക്ഷാ നടപടികളും നിർദേശങ്ങളും അടങ്ങിയ കത്ത് അയക്കുകയും ചെയ്തു.
ബ്രിട്ടനിലെ സൈനിക താവളങ്ങൾ ഉപയോഗിച്ച് ഇറാനെതിരെ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ അമേരിക്കയ്ക്ക് യു.കെ അനുമതി നൽകിയതോടെയാണ് സംഘർഷം ശക്തമായത്. യു.കെയിലെ ഫെയർഫോർഡിലുള്ള റോയൽ എയർഫോഴ്‌സ് കേന്ദ്രവും ഡീഗോ ഗാർസിയയിലെ സംയുക്ത താവളവും ഇറാനിയൻ മിസൈൽ സൗകര്യങ്ങൾക്കെതിരായ പരിമിതമായ ആക്രമണങ്ങൾക്ക് ഉപയോഗിക്കാൻ മാർച്ചിൽ പ്രധാനമന്ത്രി കെയർ സ്റ്റാർമർ അനുമതി നൽകിയിരുന്നു. ബ്രിട്ടീഷ് ഉദ്യോഗസ്ഥർ, സഖ്യരാജ്യങ്ങൾ, അല്ലെങ്കിൽ മറ്റ് ആസ്തികൾ എന്നിവയ്ക്ക് നേരിട്ട് ഭീഷണിയാകുന്ന സാഹചര്യങ്ങളിലായിരുന്നു ഈ അനുമതി.
പിന്നീട്, ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ എണ്ണക്കപ്പൽ ഗതാഗതത്തിന് ഭീഷണിയാകുന്ന ഇറാനിയൻ മിസൈൽ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്താനും അമേരിക്കയ്ക്ക് അനുവാദം നൽകി.
ജൂണിൽ, ഇറാൻ ബന്ധമുള്ള ‘ഹാൻഡല’ എന്ന ഹാക്കർ സംഘം കാലിഫോർണിയയിലെ ജലസേചന-വിതരണ ശൃംഖലയ്ക്ക് നേരെ നടത്തിയ സൈബർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു തെക്കൻ ഇറാനിലെ ജല അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്കുള്ള മറുപടിയാണിതെന്ന് അവർ അവകാശപ്പെട്ടു.
സംവിധാനങ്ങളിൽ നിന്ന് ഡാറ്റ കൈക്കലാക്കിയെന്നും ഈ കടന്നുകയറ്റം അമേരികക്കുള്ള മുന്നറിയിപ്പാണെന്നും സംഘം വ്യക്തമാക്കി. ജലവിതരണം പൂർണമായി തടസപ്പെടുത്താൻ തങ്ങൾക്ക് സാധിക്കുമായിരുന്നു എങ്കിലും ശത്രുക്കളിൽ നിന്ന് വ്യത്യസ്തമായി ധാർമ്മികമായ നിലപാടുകൾ ഉള്ളതിനാൽ അമേരിക്കൻ നഗരങ്ങളിലേക്കുള്ള കുടിവെള്ളം തടഞ്ഞില്ലെന്ന് ഹാൻഡല പ്രസ്താവനയിലൂടെ അറിയിച്ചു. കടന്നുകയറ്റത്തിന്റെ തെളിവായി അഞ്ച് ജിഗാബൈറ്റ് ഡാറ്റ സംഘം പുറത്തുവിട്ടു.
ഏപ്രിലിൽ, മുൻ ഇസ്രഈൽ സൈനിക മേധാവി ഹെർസി ഹലേവിയുടെ വ്യക്തിഗത ഫോൺ ചോർത്തി പതിനായിരക്കണക്കിന് രഹസ്യ ഫയലുകൾ കൈക്കലാക്കിയതായും ഗ്രൂപ്പ് അവകാശപ്പെട്ടിരുന്നു. തങ്ങളുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ, ഇസ്രഈലിന്റെ അതീവ രഹസ്യ കേന്ദ്രങ്ങളും കമാൻഡ് റൂമുകളും ഭൂപടങ്ങളും തങ്ങൾക്ക് കാലങ്ങളായി വ്യക്തമായി അറിയാമെന്ന് ഹാക്കർമാർ വ്യക്തമാക്കി.
പുറത്തുവന്ന ചില ഫയലുകളിൽ ഹലേവി അറബ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങളുണ്ടായിരുന്നു. ഖത്തറിൽ വെച്ച് മുൻ യുഎസ് സെൻട്രൽ കമാൻഡ് മേധാവി മൈക്കൽ കുറില്ലയുമായി ഹാലേവി നടത്തിയ കൂടിക്കാഴ്ചയുടെ തീയതി രേഖപ്പെടുത്താത്ത ചിത്രവും ഇതിൽ ഉൾപ്പെടുന്നു.
Content Highlight: Iranian Cyberattack: UK Power Plant Shut Down for Four Days