ടെഹ്‌റാൻ: മിസൈലാക്രമണങ്ങളെ പ്രതിരോധിക്കാൻ കഴിയാതെ ഇസ്രഈൽ ഭരണകൂടം തങ്ങളുടെ വടക്കൻ സെറ്റിൽമെന്റുകൾ ഉപേക്ഷിച്ചെന്ന് ഇറാനിയൻ സൈനിക കമാൻഡർ.
ഇസ്രഈലിന്റെ പ്രതിരോധ സംവിധാനങ്ങളുടെ തകർച്ചയാണ് ഇത് സൂചിപ്പിക്കുന്നതെന്നും മുതിർന്ന കമാൻഡർ പറഞ്ഞു. അധിനിവേശ പ്രദേശങ്ങളിലെ തന്ത്രപ്രധാനമായ ലക്ഷ്യങ്ങളിൽ തങ്ങൾ തൊടുത്തുവിട്ട മിസൈലുകൾ പതിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐ.ആർ.ജി.സി എയ്‌റോസ്‌പേസ് ഫോഴ്‌സ് കമാൻഡർ ബ്രിഗേഡിയർ ജനറൽ മജീദ് മൂസവിയാണ് അപ്‌സ്ക്രോൾഡ് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ച കുറിപ്പിൽ ഇപ്രകാരം പ്രതികരിച്ചത്.
ഇസ്രഈലിന് അധികാര സംതുലിതാവസ്ഥ നഷ്ടപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘അധിനിവേശ പ്രദേശങ്ങൾ ഉപേക്ഷിച്ചതിലൂടെ ഇസ്രഈൽ അധികാര സന്തുലിതാവസ്ഥയിലെ പരാജയം പ്രായോഗികമായി സമ്മതിച്ചിരിക്കുകയാണ്,’ ജനറൽ മൂസവി പറഞ്ഞു.
ഇറാന്റെ പ്രത്യാക്രമണങ്ങളിൽ ഫലപ്രാപ്തി കാണുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം കഴിഞ്ഞ 24 മണിക്കൂറിനിന്നിൽ ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങൾ വിവരിച്ചു.
‘കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഹൈഫ ഉൾക്കടലിലെ റിഫൈനറികൾ, വൈദ്യുതി നിലയങ്ങൾ, തുറമുഖങ്ങൾ, റെയിൽവേ എന്നിവ ഇറാനിയൻ മിസൈലുകൾ തകർത്തു. ഈ മിസൈലുകൾ പ്രതിരോധിക്കപ്പെട്ടതിൻ്റെ യാതൊരു സൂചനയുമില്ല,’ അദ്ദേഹം പറഞ്ഞു.
അൽബോർസ് പ്രവിശ്യയിലെ ബി1 പാലവും, മഹ്‌ഷർ പെട്രോകെമിക്കൽ പ്ലാൻ്റും ഉൾപ്പെടെ ഇറാന്റെ സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുണ്ടായ യു.എസ് – ഇസ്രഈൽ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ, ഇസ്രഈൽ കേന്ദ്രങ്ങൾക്കെതിരെയുള്ള ഇറാന്റെ പ്രത്യാക്രമണങ്ങൾ ഒമ്പതാം വാരത്തിലേക്ക് കടക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.
ഫെബ്രുവരി 28 ന് ആയിരുന്നു അമേരിക്കയുടെയും ഇസ്രഈലിന്റെയും ഇറാനെതിരായുള്ള സംയുക്ത ആക്രമണം.
Content Highlight: Iranian commander says Israel abandoned its settlements due to Iranian counterattacks